പതിറ്റാണ്ടിനിപ്പുറം പേര്‍ഷ്യന്‍ പ്രവാസത്തിന്റെ അനുഭവക്കുറിപ്പുകളിലൂടെ...

Wednesday, February 9, 2011

ഫുജൈറ എന്ന മലനാട്..



കണ്ണെത്താത്ത ദൂരത്തോളം പരന്ന് കിടക്കുന്ന അതി വിശാലമായ മരുഭൂമികള്‍!!
മരുഭൂമിയിലെ അവ്യക്തമായ വഴികളിലൂടെ തുകല്‍ഭാണ്ഡത്തില്‍ കുടിവെള്ളവും ഉണക്കിയ ഈന്തപ്പഴവും, പനയോല മെനഞ്ഞെടുത്ത തഴപ്പായയും കെട്ടിവച്ച് എരിയുന്ന വിളക്കുമായി മണല്‍ യാത്രചെയ്യുന്ന സാര്‍ത്ഥവാഹകര്‍!
ദേശങ്ങളില്‍ നിന്ന് ദേശങ്ങളിലേയ്ക്ക് ദിക്കറിയാതെ പലായനം ചെയ്യുന്ന ഇത്തരം സംഘങ്ങള്‍ ശാന്തമായ, മീന്‍പൊലിപ്പുള്ളതും ഫലസമൃദ്ധിയാര്‍ന്ന മണല്‍ത്തടങ്ങളില്‍ വാസമുറപ്പിക്കും. കാലിക്കൂട്ടങ്ങളും മീന്‍പിടുത്തവും ഈന്തപ്പനയുമൊക്കെയായി അവിടെ ഒരു ചെറു ഗ്രാമം തിടം വയ്ക്കും...

പേര്‍ഷ്യന്‍ മരുഭൂമിയിലെ ആദിമ ഗോത്രവര്‍ഗ്ഗക്കാരുടെ പലായനത്തിന്റെയും കുടിവെയ്പ്പിന്റെയും കഥകള്‍, പഴയ ഇറാനിയന്‍ മുത്തച്ചന്മാര്‍ കാല്പനികതയുടെയും പൗരാണിക വന്യതയുടെയും നിറം പകര്‍ത്തി പറഞ്ഞു തരാറുണ്ടായിരുന്നു ആദ്യകാല പ്രവാസത്തിന്റെ വിരസയാമങ്ങളില്‍...



എമിറേറ്റ്‌സില്‍ എത്തിയ ആദ്യകാലത്തും എന്റെ മനസ്സിലെ ഗള്‍ഫ് ചിത്രം കണ്ണെത്താ ദൂരം ചിതറിക്കിടക്കുന്ന മരുഭൂമികളും ആകാശം മുട്ടെ ഉയരത്തില്‍ നില്‍കുന്ന വിചിത്രരൂപങ്ങളായ കെട്ടിടങ്ങളുമൊക്കെത്തന്നെയായിരുന്നു...

ഏതൊരു സഞ്ചാരിയെയും പ്രകൃതിസ്‌നേഹിയെയും അനാകര്‍ഷിക്കുന്ന തികച്ചും അരസികമായ ഒരു ഭൂപ്രകൃതിയാണ് അജ്മാനിന്റെയും ഷാര്‍ജയുടെ നഗര ഭാഗങ്ങളുടെയും ദുബായിയുടെതുമെല്ലാം..! യു.എ.ഇ.യിലെ ഏഴ് എമിറേറ്റ്‌സുകളുടെയും സ്ഥിതി ഇതു തന്നെയാകുമെന്ന നിരാശയോടെ എത്രയും പെട്ടെന്ന് ഈ നാടിനോട് വിട പറയാനുള്ള ഉല്‍ക്കടമായ ആവേശം ഉള്ളില്‍ പതഞ്ഞുകൊണ്ടിരുന്നു...

ആയിടെയാണ് സ്വന്തമായൊരു കാര്‍ വാങ്ങിയതും ഒഴിവു സമയങ്ങളില്‍
അതില്‍ എമിറേറ്റ്‌സ് മുഴുവനും ചുറ്റിക്കറങ്ങാനും തുടങ്ങിയത്!!


താരതമ്യേന തിരക്കുകുറവായ റോഡാണ് അജ്മാന്‍ മുതല്‍ ഫുജൈറ വരെയുള്ള റോഡ്! മാത്രവുമല്ല, ആ യാത്ര വളരെ മനോഹരമായ ഒരു അനുഭവം ആയിരിക്കുമെന്നും, മലയടിവാരത്തുകൂടെയുള്ള റോഡുകളും കൊച്ചു വെള്ളച്ചാട്ടങ്ങളും കടലും മലയും പരസ്പരം പുണര്‍ന്ന് കിടക്കുന്ന അതി മനോഹരമായ ദൃശ്യങ്ങളും ആ യാത്രയില്‍ കാണാന്‍ കഴിയുമെന്നും സുഹൃത്തുക്കള്‍ പറഞ്ഞറിഞ്ഞിരുന്നു.



ഗള്‍ഫ് എന്ന മരുപ്രദേശത്തെ ഉള്ളില്‍ ഉറയിച്ചെടുത്ത ഒരു സാധാരണ പ്രവാസിയ്ക്ക് ഗ്രഹിക്കാവുന്നതിലപ്പുറം സുന്ദരവും മനോഹരവുമായിരുന്നു ഫുജൈറ എന്ന മലനാട്! ഒമാന്‍ ഗള്‍ഫ് തീരത്തിനോട് ഏറ്റവും സമാന്തരമായി ചേര്‍ന്നുകിടക്കുന്നതും ഏതാണ്ട് പൂര്‍ണ്ണമായും മലകളാലും ചെറുതാഴ്വാര മടക്കുകളാലും സമുദ്രതീരങ്ങളാലും സമൃദ്ധമാര്‍ന്ന് അതിസുന്ദരമായി കിടക്കുന്ന ഈ എമിറേറ്റ്‌സ്! യു.എ.യി.ലെ ഏറ്റവും സുന്ദരതീരമെന്ന് നിസ്സംശയം പറയാം.. ഏതാണ്ട് 1150 ഓളം ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ സുന്ദരഖണ്ഢം ഒരു പക്ഷേ അറേവ്യന്‍ ഗള്‍ഫിലെത്തന്നെ ഏറ്റവും മനോഹരമായ പ്രദേശമാണെന്ന് പറയുന്നതില്‍ യാതൊരു മടിയുമില്ല!!


കേരളമെന്ന മലനാട്ടിലെത്തിയ ഒരു ആവേശം തൊലിക്കുള്ളിലേക്ക് തണുത്ത കാറ്റിന്റെ രൂപത്തില്‍ ഇരച്ചു കയറി, കുന്നിന്‍ മുകളില്‍ നിന്ന് ഒലിച്ചിറങ്ങുന്ന നീര്‍ച്ചാലുകള്‍ എന്റെ നാട്ടിലെ ഊരകം മലയുടെ കണ്ണീര്‍ച്ചാലുകളെ ഓര്‍മ്മിച്ചു, അതി വിശാലമായ മലമ്പാതയിലൂടെ നൂറു കിലോമീറ്ററിനു മുകളില്‍കാറോടിച്ചു പോകുന്നതിന്റെ ഒരു ത്രില്‍ മറ്റൊരു സാഹസികതയ്ക്കും പകരം വെയ്ക്കാന്‍ കഴിയില്ല!! മടക്കുകളും തിരിവുകളുമുള്ള റോഡിലെ വമ്പന്‍ വളവുകള്‍ തിരിഞ്ഞിറങ്ങുന്നത് നീലക്കടല്‍ മലയിടുക്കുകളെ ഉമ്മവച്ചു കിടക്കുന്ന പ്രണയാതുരമായ മായികക്കാഴ്ച്ചയിലേയ്ക്കാണ്!

കടലില്‍ നിന്ന് ദീപസ്തംഭം പോലെ ഉയര്‍ന്ന് നില്‍ക്കുന്ന കുന്നുകള്‍ മറ്റൊരിടത്തും കാണാന്‍ കഴിഞ്ഞെന്ന് വരില്ല!!

തിരയുടെ രൗദ്രഭാവമില്ലാതെ ശാന്തമായിക്കിടക്കുന്ന കോര്‍ഫക്കാന്‍ തുടങ്ങിയ കടല്‍ത്തീരങ്ങളില്‍ കടലിനുള്ളിലേയ്ക്ക് എത്ര ദൂരം വരെ പോയാലും പേടിക്കാതെ തിരിച്ചുവരാം...അറേബ്യയുടെ വിവിധഭാഗങ്ങളില്‍ ആ സൗഭാഗയ്മ് നുകരാന്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നു....

ഫുജൈറയിലെ മറ്റൊരു പ്രത്യേകത, അവിടുത്തെ കൃഷിത്തോട്ടങ്ങളാണ്,തേനീച്ച വളര്‍ത്തല്‍ മുതല്‍ മാവ്, നാരങ്ങ, വാഴ എന്ന് വേണ്ട കേരളത്തിലും തമിഴ്‌നാട്ടിലും കൃഷിചെയ്യുന്ന ഒരു വിധം ഉല്പ്പന്നങ്ങളെല്ലാം ചെറിയതോതിലെങ്കിലും ഇവിടെയും കൃഷി ചെയ്യുന്നു, പാഴ്മണ്ണില്‍ പോലും സമൃദ്ധമായി വളരുന്ന മുരിങ്ങായ്ക്ക വെറുതേ വണ്ടി നിര്‍ത്തി ആവശ്യാനുസരണം പൊട്ടിച്ചെടുക്കാം, ആര്‍ക്കും ആവശ്യമില്ലാതെ പാഴായി ഉണങ്ങിക്കിടക്കുന്ന മുരിങ്ങാക്ക കണ്ടു മനസ്സൊന്നു പിടഞ്ഞു, ഇവിടെ ദുബായി ഒരു കിലോയ്ക്ക് ചില സമയങ്ങളില്‍ കിലോയ്ക്ക് പത്ത് രൂപ വരെ വിലവരുന്ന അത് പത്തോ ഇരുപതോ കിലോ സമയമുണ്ടെങ്കില്‍ പൊട്ടിച്ചെടുക്കാം..

നല്ലവരായ തോട്ടം മുതലാളികളായ അറബികള്‍ തോട്ടത്തിലെത്തുന്ന എല്ലാര്‍ക്കും ആദിത്യമര്യാദയോടെ എന്തുവേണേലും ഭക്ഷിക്കാന്‍ കൊടുക്കുന്നു..

നിറയെ മധുരമാങ്ങ കൈയ്യുത്തുന്ന ദൂരത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു തോട്ടത്തിലേയ്ക്ക് പ്രവേശിച്ച എന്നെ വളരെ സന്തോഷത്തോടെ അവിടുത്തെ തോട്ടക്കാരന്‍ സ്വീകരിക്കുകയും വയറു നിറയെ കഴിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു....വെറുതേ ഒന്ന് കാണാനും അല്പ്പം ഫോട്ടോ എടുക്കാനും ദുബായില്‍ നിന്ന് വന്നതാണെന്ന് അറിയിച്ച എന്നെ അറബി സ്‌നേഹപൂര്‍വ്വം തന്റെ ഫാം ഹൗസ് മുഴുവന്‍ കണിച്ചു തരികയും അത്യപൂര്‍വ്വമായ ഈന്തപ്പഴവും തേനും തന്ന് സ്ല്ക്കരിക്കുകയും ചെയ്തു, മാന്‍ മുയല്‍, വിവിധയിനം കോഴികള്‍, താറാവുകള്‍ എന്ന് വേണ്ട അവിടുത്തെ തോട്ടങ്ങളില്‍ വിളയാത്ത വിഭവങ്ങള്‍ ഒന്നും ഇല്ലായിരുന്നു...

ചിലയിടങ്ങളില്‍ പീലി വിരിച്ചാടുന്ന മയില്‍ക്കൂട്ടങ്ങലെ കണ്ട് അല്‍ഭുതപരവശനായ എന്നോട് വേണമെങ്കില്‍ ഒന്നിനെ കൊണ്ടുപൊയ്‌ക്കൊള്ളൂ എന്ന് സ്‌നേഹത്തിന്റെ ഭാഷയില്‍ ഒരു ഔപചാരിക വാഗ്ദാനവും നടത്തി ആ നല്ല മനുഷ്യന്‍....

ഫുജൈറയുടെ മായിക സൗന്ദര്യം കുറച്ച് അക്ഷരങ്ങളില്‍ വിവരിക്കുക എന്നത് അസാധ്യമാണെന്നിരിക്കെ ഈ സാഹസത്തിന് മുതിര്‍ന്ന എന്നോട് എല്ലാ ഫുജൈറ വാസികളും ക്ഷമിക്കും എന്ന് വിശ്വസിയ്ക്കുന്നു...


published article@
http://www.gulfmalayaly.com/pravasam/01-02-11/pravasam_memmory.html

23 comments:

  1. ഫുജൈറയുടെ മായിക സൗന്ദര്യം കുറച്ച് അക്ഷരങ്ങളില്‍ വിവരിക്കുക എന്നത് അസാധ്യമാണെന്നിരിക്കെ ഈ സാഹസത്തിന് മുതിര്‍ന്ന എന്നോട് എല്ലാ ഫുജൈറ വാസികളും ക്ഷമിക്കും എന്ന് വിശ്വസിയ്ക്കുന്നു...

    ReplyDelete
  2. ഭംഗിയുള്ള നാടിനെപറ്റി ഭംഗിയായി എഴുതിയിരിക്കുന്നു.
    വളരെ നന്ദി.

    ReplyDelete
  3. നന്ദി രംജിത്ത് ഈ വിവരണത്തിനു. അസദിന്റെ മക്കയിലേക്കുള്ള പാത എന്ന പുസ്തകം വായിച്ചേല്‍ പിന്നെ മരുഭൂമി എന്നെ മോഹിപ്പിച്ചിരുന്നു. അകലെ ചക്രവാളത്തില്‍ ഉദിച്ചുയരുന്ന സൂര്യനു നേരെ ഒരു ഒട്ടകത്തിന്റെ പുറത്തിരുന്നു കുതിച്ച് പായുക. രാത്രി നിറഞ്ഞ നിലാവില്‍ ബദവികളുടെ പാട്ടും കേട്ട് നക്ഷ്ത്രങ്ങളെ നോക്കിയിരിക്കുക. ഒക്കെ ആടുജീവിതം കൊണ്ട് പോയി.
    ഇനിയും എഴുതൂ ഇതുപോലെ ആ മായിക നാടിന്റെ സുവിശേഷം.എല്ലാ ആശംസകളും.

    ReplyDelete
  4. ഫുജൈറയും ഖോർഫൊക്കാനും അറേബ്യൻ മണ്ണിലെ അത്ഭുതങ്ങളാണ്‌.അൽ ബദിയ എന്നൊരിടം കൂടിയുണ്ട് അവിടെ. 1446-ആം ആണ്ടിൽ പ്രകൃതി വിഭവങ്ങളാൽ പണി ത് ഒരു മുസ്ലിം പള്ളിയും അവിടെ ഉണ്ട്.

    നല്ല ഭാഷാചാതുരിയി മനം കവർന്നു ഈ എഴുത്ത്.
    നന്ദി രഞ്ജിത്ത്.

    ReplyDelete
  5. നല്ല വിവരണം :)

    (>>>ഇരുപതോ കിലോ സംയമുണ്ടെങ്കില്‍ പൊട്ടിച്ചെടുക്കാം...<<< ഇതിലെ സംയമുണ്ടെങ്കില്‍ എന്നത് തിരുത്തുമല്ലോ )

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. നല്ല രസകരമായ യാത്രകളാണ് ഫുജൈറയിലേക്ക്. ഞാനും ആസ്വദിച്ചിട്ടുണ്ട്.
    ഭംഗിയായ അവതരണം.

    ReplyDelete
  8. നന്നായിട്ടുണ്ട് മാഷെ....
    നല്ല വിവരണം....

    ReplyDelete
  9. ചെമ്മാടാ വിവരണം വളരെയധികം ഇഷ്ടമായി. മുന്‍പ് റാസ് അല്‍ ഖൈമയില്‍ ജോലിയുള്ളപ്പോള്‍ ആഴ്ചയിലൊരിക്കല്‍ പോയിരുന്നു.
    കൂടുതല്‍ ആളുകളില്‍ ആ മനോഹാരിത ഭ്രമിപ്പിക്കട്ടെ!

    ReplyDelete
  10. നന്ദി എല്ലാ സുമൻസ്സുകൾക്കും..

    ഹാഷിം അക്ഷരപ്പിശക് തിരുത്തിയതിന്‌ നന്ദി,
    യൂസഫ്പ... സ്ത്യം പറഞ്ഞാൽ ആ പള്ളിയെക്കുറിച്ച് എഴുതാൻ വിട്ടു പോയി, ഫുജൈറയിലെ ഏറ്റവും സാംസ്കാരിവും ചരിത്രപരവുമായി പ്രാധാന്യമുള്ള ഒരു അൽഭുതമാണെന്നു തന്നെ പറയാം ആ പള്ളി..
    ഗൾഫിൽ വന്ന സമയം തന്നെ സുഹൃത്തുക്കളോടൊപ്പം അവിടം സന്ദർശിച്ചിരുന്നു...
    നന്ദി ഇവിടെ ഓർമ്മപ്പെറ്റുത്തിയതിന്‌, അത് ഉൾപ്പെടാത്ത
    ഫജൈറ യാത്ര പൂർണ്ണമല്ല.!!

    ReplyDelete
  11. ഹും... എന്റെ ജോലിയും മിക്കവാറും ഇനി ഫുജറയില്‍ ആവും.. അടുത്ത ഒരു രണ്ടു വര്‍ഷം . നോക്കട്ടെ...
    എഴുത്ത് നന്നായി.

    ReplyDelete
  12. ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഒരു യാത്രനടത്തുവാന്‍ തോന്നുന്നു.

    ReplyDelete
  13. ഇവിടെ ആദ്യം.... യാത്രാവിവരണം നന്നായി...

    ReplyDelete
  14. എന്നേലും പാസ്പോര്‍ട്ട് എടുത്തല്‍..
    ആരോഗ്യം സമ്മതിക്കുമെങ്കില്‍ മരു ഭൂമിയില്‍ ഒരു രാത്രി താങ്ങണം എന്നുണ്ട്
    a very commendable blog
    well maintained and powerful.keep it up brother

    ReplyDelete
  15. അവിടെയൊക്കെ സന്ദര്‍ശിച്ച പ്രതീതി ജനിപ്പിച്ചു.
    നല്ല എഴുത്ത്
    ആശംസകള്‍

    ReplyDelete
  16. വളരെ സന്തോഷം ,കൂടെ നന്ദിയും ..യാത്രകള്‍ ഇനിയും ഒരുപാടു ചെയ്യാന്‍ സാധിക്കട്ടെ

    ReplyDelete
  17. മരുഭൂമിയും കെട്ടിടങ്ങളും മാത്രം കണ്ടിട്ടുള്ള എനിക്ക് ഗള്‍ഫില്‍ ഇത്തരം സൌന്ദര്യം കാണുമ്പോള്‍ നാട്ടില്‍ സഞ്ചരിക്കുന്നത് പോലെ തോന്നി.

    ReplyDelete
  18. ഹോ!വിശ്വസിക്കാനാവുന്നില്ല.

    ReplyDelete
  19. ഫുജൈറയുടെ
    ഭംഗി...
    പ്രകൃതിയുടെ ഭംഗി
    ചെമ്മാടന്റെ വാക്കുകളുടെ
    ഭംഗി....

    പാമ്പള്ളി
    www.pampally.com
    www.paampally.blogspot.com

    ReplyDelete
  20. വിവരണം നന്നായിരുന്നു..

    ആശംസകള്‍

    ReplyDelete
  21. This comment has been removed by the author.

    ReplyDelete
  22. ഉണങ്ങി കിടക്കുന്ന മുരിങ്ങക്കായകള്‍ ഞാനും കണ്ട് വേദനിച്ചുകൊണ്ടെയിരിക്കുന്നു..ഇത് ഫുജൈറയിലല്ല എന്നു മാത്രം..മുഴുവനാക്കതെ തീര്‍ത്തു എന്നു തോന്നി..

    ReplyDelete