കരിയടുക്കളയുടെ ഓലമേല്‍ക്കൂരയിലുണ്ടാകുന്ന വിടവുകളിലൂടെ സൂര്യ രശ്മി കറുത്ത തറകളിലേക്ക് പതിയുന്നപോലെ തിളക്കമുള്ളതായിരുന്നു ആ നോട്ടം, ദൈന്യവും തേജസ്സാര്‍ന്നതുമായ കണ്ണുകളെ അതിജീവിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
അല്പ്പം ഉടച്ചിലും അലച്ചിലിന്റെ മുഷിച്ചിലും പറ്റിയിട്ടുണ്ടെങ്കിലും പര്‍ദ്ദയ്ക്കുള്ളില്‍ കുന്നുകളുടെയും താഴ്വരകളുടെയും അതിര്‍ത്തികള്‍ വ്യക്തമായി കാണുന്നുണ്ട്! കണ്ണുകള്‍ മാത്രം അനാവൃതമാക്കി മുന്നിലിരിക്കുന്ന ഈ ഇറാനിയന്‍ സുന്ദരിയെ എങ്ങനെയാണ് പറഞ്ഞുവിടേണ്ടത്?
"ഇമാറാത്തില്‍ ഭിക്ഷാടനം നിയമ വിരുദ്ധമാണെന്നറിഞ്ഞുകൂടെ, പിടിക്കപ്പെട്ടാല്‍ ജയില്‍വാസവും നാടുകടത്തലുമാണ് ശിക്ഷാവിധി!മാത്രവുമല്ല, നിങ്ങളെപ്പോലുള്ള സുന്ദരികളായ യുവതികളെ പിടികൂടിയാല്‍ ഈന്തപ്പനയുടെ മുകളില്‍ നിന്ന് ഊര്‍ന്നു വീണപോലെ പുറമേ ബാക്കിയൊന്നും കണ്ടെന്നു വരില്ല! ഭിക്ഷാടനത്തിനുമപ്പുറം വേശ്യാടനത്തിനാവും ശിക്ഷിക്കപ്പെടുക!"
"ഭിക്ഷാടനത്തില്‍ ഹൃദയം മുറിയുന്നു, വേശ്യാടനത്തില്‍ ശരീരവും...ശരീരത്തിന്റെ നീറ്റല്‍ മാറുന്നതെളുപ്പം
ഹൃദയത്തിന്റെ മുറിവുകള്‍ ഒരിക്കലും ഉണങ്ങില്ല! അതുകൊണ്ട് തന്നെ ആദ്യത്തേതിലും നല്ലത്
തിരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തേതിലാണെന്ന് എന്റെ ചേച്ചിയെപ്പോഴും
പറയുന്നു, ഞാനതില്‍ വിശ്വസിക്കുന്നില്ലെങ്കിലും..."
"താനാളു കൊള്ളാമല്ലോ? കവിതപോലെ സംസാരിക്കുന്നു..."
"ബയ്യാ, അങ്ങനെ പറയരുത്, നിങ്ങളെപ്പോലെയുള്ള ഇന്ത്യന്‍ സഹോദരന്‍മാരുടെയോ, പ്രായം ചെന്ന ഇറാനിയന്‍ മാമുമാരുടെയോ അടുത്തൊക്കെയേ ഞങ്ങള്‍ പോകാറുള്ളൂ, അവരൊക്കെയേ വല്ലപ്പോഴും വല്ലതും കനിഞ്ഞു തരികയുള്ളൂ..."
പാക്കിസ്ഥാനികളുടെയോ, മിസിരികളുടെയോ, പലസ്ഥീനികളുടെയോ കണ്ണില്‍ ഈ വേഷത്തിലും ഭാവത്തിലും ചെന്ന് പെട്ടാല്‍, ബയ്യ പറഞ്ഞപോലെ, ഈ ശരീരത്തില്‍നിന്നൊന്നും ബാക്കി കിട്ടിലെന്നറിയാം.. പക്ഷേ, സമയവും തുകയും പറഞ്ഞുറപ്പിച്ച്,അഡ്വാന്‍സും വാങ്ങി കാള്‍ ഗേള്‍ കമ്മോഡിറ്റിയുടെ രാജകീയ പ്രൗഡിയില്‍ പോയാല്‍ കസ്റ്റമറിസത്തിന്റെ ഔപചാരികതയോടെയേ വെളിച്ചത്തിലും ഇരുട്ടിലും പെരുമാറുകയുള്ളൂ...
ഒറ്റ രാത്രിയ്ക്ക് ആയിരം ദിര്‍ഹത്തിനുമേല്‍ പറഞ്ഞുറപ്പിച്ച് ആഡംബരകാറുകളുമായി ഞങ്ങളെപ്പോലുള്ളവരുടെ കാളുകള്‍ക്ക്കാ തോര്‍ത്ത് നില്‍ക്കാറുണ്ട്, പലരും...
വിലയ്ക്കെടുത്തവരെ മദ്യത്തില്‍ മയക്കി സ്വസ്ഥമായുറങ്ങുന്ന കഥകള്‍ പറഞ്ഞു കൂടപ്പിറപ്പുകള്‍ ചിരിക്കാറുണ്ടെങ്കിലും എനിക്കെന്തോ അങ്ങനെ കിട്ടുന്ന പണത്തിനോട് സമരസപ്പെടാന്‍ തോന്നുന്നില്ല!
"നിന്റെ കഥ കേട്ടു സമയം പോയതറിഞ്ഞില്ല! ഇപ്പോള്‍ പൊയ്ക്കൊള്ളൂ, രാവിലെ വന്നാല്‍ അകൗണ്ട്സ് സെക്ഷനില്‍ നിന്ന് എന്തെങ്കിലും വകുപ്പില്‍പ്പെടുത്തി വല്ലതും ശരിയാക്കിത്തരാന്‍ ശ്രമിക്കാം ഞാന്‍.."
"ബയ്യാ, മറ്റു ഓഫീസ് സ്റ്റാഫുകളോട് പറഞ്ഞു നാണം കെടുത്തല്ലേ, നിങ്ങളുടെ കൈവശമുള്ളത് എന്തെന്ന് വച്ചാല്‍ അതു മതി!"
ചുവന്നുതുടുത്ത കാല്‍വിരലുകള്‍ക്കിടയിലൂടെ കണ്ണുനീര്‍ത്തുള്ളികളും നൂറുകണക്കിന് സഫടിക ക്രിസറ്റ്ലുകളും ചിലമ്പിച്ച ശബ്ദത്തിന്റെ അകമ്പടിയോടെ ചിതറി വീഴുന്നത് ഒരു ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്! എം.ഡി. യുടെ കപ്പലാണ് അവളുടെ കണ്ണുനീരില്‍ മുങ്ങിയത്! കുനിഞ്ഞ് നിന്ന് എന്റെ കൈകളെ ചേര്‍ത്തുപിടിക്കാന്‍ എഴുന്നേറ്റപ്പോഴാണ് സ്ഫടികത്തില്‍ നിര്‍മ്മിച്ച ഇംപോര്‍ട്ടഡ് ഇറ്റാലിയന്‍ കപ്പല്‍ ടേബിളില്‍ നിന്ന് താഴേക്ക് തെന്നിയത്! കാഴ്ച നഷ്ടങ്ങള്‍ക്കപ്പുറം കാല്പ്പനികമായ ഒരു സൗന്ദര്യലഹരിയിലേക്ക് ആവാഹിക്കപ്പെടുന്നതായാണ് എനിക്കു തോന്നിയത്!
ചോഡ് ദോ, എന്റെ കൈയ്യബദ്ധമാണെന്ന് പറഞ്ഞോളാം..., നാളെ നിക്കി വരുമ്പോള്‍ വൃത്തിയാക്കിക്കൊള്ളും നീയിറങ്ങിക്കൊള്ളൂ വേഗം, ഞാനുമിറങ്ങുന്നു!
"എവിടെയാണ് ബയ്യാ അക്കമഡേഷന്‍?"
"ദൈരയില്‍ത്തന്നെ നാസര്‍മസ്ജിദിനടുത്ത്, സില്‍വര്‍ കോര്‍ണര്‍ ബില്‍ഡിംഗില്‍"
"കൂടെ ഫാമിലിയില്ല അല്ലേ? കാണാറില്ല, ഷോപ്പിങിലൊന്നും?"
"ഇല്ല ഫാമിലി ഫ്ലാറ്റാണ്, ഞാനൊറ്റയ്ക്കാണ് താമസം.."
"റൂം നമ്പര്‍?"
"നൂറ്റിപ്പന്ത്രണ്ട്."
"എന്തിനാണ് ആവശ്യമില്ലാത്ത ചോദ്യങ്ങള്‍?"
ഉത്തരം കൊടുക്കാതിരിക്കാന്‍ ഒരു കാരണവും തോന്നിയില്ല, മറിച്ച് ഉത്തരങ്ങളുമായ് ചോദ്യങ്ങള്‍ക്ക് ഉള്ളിലാരോ കാത്തു നില്‍ക്കുന്ന പോലെ! എന്തോ..
"ഉത്തരം ഞങ്ങളുടെ വംശവൃക്ഷത്തില്‍ നിന്നാകുമ്പോള്‍ ചോദ്യങ്ങള്‍ എത്രയും പേടിയില്ലാതെ ചോദിക്കാം... പ്രത്യേകിച്ചും ബയ്യയെപ്പോലെ മനോഹരമായി ചിരിക്കാനറിയുന്നവരോട്! ഉള്ളില്‍ കലക്കങ്ങളൊന്നുമില്ലാത്തവരാണ് ഇങ്ങനെ സുന്ദരമായി ചിരിക്കുന്നതെന്ന് എന്റെ ചാച്ചാജി പറഞ്ഞിട്ടുണ്ട്!"
ചിരി, തന്റെ ഗ്രോസറിയില്‍ സ്ഥിരമായി വന്നിരുന്ന ലബനോണ്‍കാരിയെ മരിച്ചു മറവു ചെയ്തിടത്തുനിന്ന് മാന്തി ഭോഗിച്ചതിന് ശരീഅത്ത് കോടതി തലവെട്ടിയ മിര്‍സാഖാന്റെ ചിരിയെക്കുറിച്ചാണ് ഞാന്‍ ഓര്‍ത്തത്! ആരിവേപ്പിന്‍ തണ്ടുകൊണ്ട് എപ്പോഴും ഉരതി വെളുപ്പിച്ചുകൊണ്ടിരിക്കുന്ന വീതികുറഞ്ഞ നിരയൊത്ത പല്ലുകള്‍ കാട്ടി എല്ലാവരോടും ഹൈവാട്സില്‍ ചിരിച്ചിരുന്ന മിര്‍സ കഴുത്തില്‍ കറുപ്പ് തുണി മൂടുന്നതു വരെ അത് തുടര്‍ന്നിരുന്നത്രേ.. ഒറ്റ വെട്ടിനു വേര്‍പെട്ടു പോയ നീളന്‍ താടിയും നീണ്ട മുടിയുമുള്ള ആ മുഖവും ചിരിയും ആ ഗ്രോസറിയ്ക്കു മുന്നിലെത്തുമ്പോള്‍ എന്നെ ഇപ്പോഴും വഴി മാറി നടത്താറുണ്ട്! അതിവളോട് ഇപ്പോള്‍ പങ്ക് വെയ്ക്കേണ്ട! അവളുടെ ചാച്ചയുടെ ചിരിശാസ്ത്രത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ട.
റൂമിലേക്കു നടക്കുമ്പോള്‍ അവളുടെ കാല്‍വിരലുകളും പൊട്ടിയ സ്ഫടിക ക്രിസ്റ്റലുകളും തടാകത്തെ കണ്ണിലൊളിപ്പിച്ച ഇറാനിയന്‍ കണ്ണുകളും, ഒരു കൊളാഷു പോലെ വഴി നീളെ ചിതറിക്കിടക്കുന്നുണ്ട്.
ഇന്ന് അമീര്‍ചാച്ചയുടെ കഥകേള്‍ക്കാന്‍ പോകാന്‍ തോന്നുന്നില്ല, വേണ്ട, മുറിയില്‍ തന്നെ കൂടാം... പ്രണയാതുരമായ ഒരു കുപ്പി വൈന്‍ ഫ്രിഡ്ജിലിരിപ്പുണ്ട്, കഴിഞ്ഞ വീക്കെന്‍ഡില്‍ ട്രാവല്‍ മാര്‍ട്ടുണ്ടായിരുന്നതിനാല്‍ അത് പൊട്ടിക്കാന്‍ കഴിഞ്ഞില്ല, ഇന്നതിനെ ആവാഹിക്കണം! പഴയ പ്രണയകാലത്തിന്റെ താമരക്കുളങ്ങളില്‍ ഒന്ന് നീന്തിയലയണം... വീഞ്ഞിനും പ്രണയത്തിനും കവിതയ്ക്കും ഒരേ മണമാണെന്ന് ആരാണ് പറഞ്ഞത്?
ഫ്ലാറ്റിന്റെ ചില്ലു വാതിലിലൂടെ നോക്കിയാല്‍ കോര്‍ണീഷ് മുഴുവനായും കാണാം...കടലിടുക്ക് ഒരു നഗരത്തെ എങ്ങനെരൂപപ്പെടുത്തുന്നു, നഗരസൗന്ദര്യത്തെയും ജലഗതാഗതത്തെയും ടൂറിസത്തെയും ഒരു കടല്‍ച്ചാല്‍ ഏതെല്ലാം രീതിയില്‍ സഹായിക്കുന്നു എന്നൊക്കെ ദുബായ് കോര്‍ണീഷ് സ്വയം വിളംബരം ചെയ്യുന്നുണ്ട്! ചരക്കു നിറച്ച് ഇറാന്‍ തുറമുഖങ്ങളിലേക്ക്പോ കാന്‍ ഒരുങ്ങി നില്‍ക്കുന്ന നൂറുകണക്കിന് പത്തേമാരികള്‍, ഉല്ലാസ സവാരി ചെയ്യുന്ന ദീപാലംകൃതംമായ ജലയാനങ്ങള്‍, ഫ്ലോട്ടിംഗ് റെസ്റ്റോറന്റുകള്‍, ബെല്ലിഡാന്‍സും മദ്യവും പതയുന്ന ആഡംബര നൗകകള്‍, ബേപ്പൂര്‍ പെരുമയില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന രാജകീയ ഉരുക്കള്‍, ബര്‍ദുബായ്ക്കും ദൈരയ്ക്കുമിടയില്‍ കടത്തു നടത്തുന്ന പരമ്പരാഗതമായ അബ്രകള്‍.... ഇവയൊക്കെ നെഞ്ചിലേറ്റി നഗരമദ്ധ്യം ജലസമൃദ്ധമാക്കുന്നുണ്ട് ഈ കടല്‍ച്ചാല്‍.
പോയിരുന്നുവെങ്കില്‍ അമീര്‍ചാച്ചയ്ക്ക് ഇന്നെന്തു കഥയായിരിക്കും പറയാനുണ്ടായിരിക്കുക? ഇന്നലെ എവിടെയാണ് നിര്‍ത്തിയത്?
"കടലിടുക്കുകളാണ് നഗരങ്ങളുടെ ഗര്‍ഭപാത്രം! കടല്‍ ചെരിവുകള്‍ മണല്പ്പരപ്പിലേക്ക് തുറമുഖങ്ങളെ പ്രസവിച്ച് നഗരങ്ങളാക്കി വളര്‍ത്തി വലുതാക്കുന്നു! മഹാനഗരങ്ങളുടെ പ്രായപൂര്‍ത്തിക്കൊടുവില്‍ വഴി മാറി പുതിയ നഗരഗര്‍ഭം തേടി പതിഞ്ഞൊഴുകുന്നു."
വായില്‍ എരിയുന്ന ചുരുട്ടു കുത്തിക്കെടുത്തി ഓളത്തില്‍ ഉലയുന്ന ബോട്ടിന്റെ വീഞ്ഞപ്പലകയിലെ കള്ളയറ തുറന്ന്ന ഷ്‌വാര്‍പുകയിലയെടുത്ത് അമീര്‍ ചാച്ച ചുണ്ടിനിടയില്‍ തിരുകി. പഴങ്കഥകളുടെ വേലിയേറ്റമുണ്ടാകുമ്പോള്‍, ചുരുട്ടിന്റെ കനല്‍ വഴികളില്‍ നിന്ന് ദിശമാറി ചുണ്ടുകളുടെ ഞരമ്പുകളിലൂടെ തലച്ചോറിലേക്ക് ഓളത്തള്ളലുണ്ടാകാന്‍ പുകയിലയാണ് നല്ലത് എന്ന്ചാ ച്ചതന്നെ വെളിപ്പെടുത്തിയതാണ്.
വെള്ളത്തിലേക്ക് മറിഞ്ഞുവീഴാതെ ഞാന്‍ മരക്കാലുകളില്‍ കുറുകേ കെട്ടിയ പനന്തടുക്കില്‍ മുറുകെപ്പിടിച്ചു. പാഴ്സി കലര്‍ന്ന ഉറുദു ഭാഷയുടെ ഒഴുക്കുള്ള താളത്തില്‍ അമീര്‍ചാച്ചയെന്ന ഇറാനി വൃദ്ധന്റെ സഞ്ചാരസാഹിത്യവും ലോകവീക്ഷണങ്ങളും വഴിഞ്ഞൊഴുകുന്ന നേരത്ത് കടലലകളുടെ അലോസരം പോലും കഥയുടെ വേലിയേറ്റങ്ങളെ പിറകോട്ട് വലിക്കും. ബഡാ അബ്രാ എന്നു വിളിക്കുന്ന ബോട്ടുജെട്ടിയില്‍ തന്റെ ഊഴം കാത്തുകിടക്കുന്ന അമീര്‍ചാച്ചയെന്ന ഇറാനിയന്‍ ബോട്ട് ഡ്റൈവര്‍, സമുദ്ര യാത്രകളുടെയും മരുഭൂമിയിലെ ഒട്ടകപാതകളുടെയും തീരാത്ത കഥകള്‍ പറയാറുള്ള അയാളാണ് എന്റെ ഒഴിവു സമയങ്ങളധികവും അപഹരിക്കുന്നത്!

ചാച്ചക്കിഷ്ടമുള്ള ബദാം പരിപ്പും പിസ്തായുമായി മരു-ക്കടല്‍ യാത്രാവിവരണം കേട്ടിരിക്കാന്‍ പോകാറുള്ള ഞാന്‍ കഥയുടെ പെരുമഴ ചോര്‍ത്താനനുവദിക്കാതെ പലപ്പോഴും ബോട്ടുയാത്രകളില്പ്പോലും അദ്ധേഹത്തെ അനുധാവനം ചെയ്യാറുണ്ട്! ഓഫീസിലെ മനം മടുപ്പിക്കുന്ന അന്തരീക്ഷത്തില്‍ നിന്ന് ഒന്ന് കുതറിമാറി കടലിടുക്കുകളുടെ ശാന്തതാളം മനസ്സിലേക്കാവാഹിക്കാന്‍ ഇടയ്ക്ക് ഇത്തരം കഥായാത്രകള്‍ വളരെ ഉപകാരപ്രദമാണ്.
ഒരു ദാര്‍ശനികന്റെ ഭാവത്തോടെ തന്റെ നരച്ച താടിയുഴിഞ്ഞ് അമീര്‍ ചാച്ച കഥ തുടര്‍ന്നു! നനയാതെ, തളിര്‍ക്കാതെ, കൊടും വെയിലേറ്റ് നഗ്നയായി ചേതനയറ്റ് കിടക്കുന്ന മണല്‍ക്കന്യകമാരുടെ കബന്ധങ്ങളിലൂടെ, പച്ചപ്പിന്റെ, ആര്‍ദ്രതയുടെ, മഴപ്പെയ്ത്തിന്റെ നനവിടങ്ങളുള്ള മരുപ്പച്ചകള്‍ തേടി വെയലിലലഞ്ഞ വ്യാഴവട്ടങ്ങള്‍ക്കപ്പുറം ഹുസൈന്‍ ചാച്ചയുടെ വെയിലുരുക്കിയ പൂച്ചക്കണ്ണുകള്‍ ആര്‍ദ്രമായി.. ഊറി വരുന്ന നനവുകളിലൂടെ ഒരു സാര്‍ത്ഥവാഹക സംഘം മണല്‍ വഴി തേടുന്നു..
തുകല്‍ സഞ്ചികളില്‍ ശേഖരിച്ച ദാഹജലം, വഴിയിടങ്ങളില്‍ നിന്ന് പെറുക്കിയടുക്കിയ ഉണങ്ങിയ ഈന്തപ്പഴങ്ങള്‍ പനവട്ടികളില്‍ പൊതിഞ്ഞുകെട്ടി തോരണം തൂക്കിയ ഒട്ടകപ്പുറത്ത് കരുവാളിച്ച കുഞ്ഞുങ്ങളും സ്ത്രീകളും. താഴെ എരിയുന്ന റാന്തല്‍ വിളക്ക്, പൂഞ്ഞയ്ക്ക് മുകളില്‍ കുറുകേ കെട്ടിയ പനമ്പായ, ദേശങ്ങളില്‍ നിന്ന് ദേശങ്ങളിലേക്ക് വെയിലുകളിലൂടെ പലായനം ചെയ്യപ്പെടുന്ന പേര്‍ഷ്യന്‍ ഗോത്രക്കാര്‍... പച്ചപ്പിന്റെ, കടല്‍ക്കരകളുടെ നിരുപദ്രവരൗദ്രങ്ങളുടെ മല്‍സ്യതീരങ്ങളും ഈന്തപ്പനകളുടെ വിഭവസമൃദ്ധികളും മാടിവിളിക്കപ്പെടുമ്പോള്‍ ഒട്ടകങ്ങള്‍ മണല്‍പ്പരപ്പില്‍ നങ്കൂരം താഴ്‌ത്തും കറുത്തു കരുവാളിച്ച മണല്‍നാവികരിറങ്ങി ഒട്ടകപ്പുറത്തെ കുഞ്ഞുവീടുകള്‍ മണലിലേക്കിറക്കും. മണലാഴത്തില്‍നിന്ന് കുഴിച്ചെടുക്കുന്ന പശിമണലില്‍ ഉപ്പുവെള്ളമൊഴിച്ചു കുതിര്‍ക്കും. മനുഷ്യമണമേല്‍ക്കാത്ത കടല്‍ക്കരയിലെ വെളുത്ത ചിപ്പി വാരി കൂട്ടത്തിലെ കുഞ്ഞുങ്ങള്‍ പനയോലവട്ടിയില്‍ നിറയ്ക്കും. കുട്ടിപ്പട്ടാളങ്ങളുടെ ഉല്‍സാഹത്തിമര്‍പ്പില്‍ കുഴഞ്ഞ ചെളിമണ്ണില്‍ കക്കയും ശംഖും വിതറിക്കുഴയ്ക്കും, വെയിലേറ്റു കരുവാളിച്ച ബലിഷ്ഠ കരങ്ങളില്‍ മണലും ചിപ്പികളും ചേര്‍ന്നുറച്ച ഉരുളകള്‍ രൂപപ്പെടും, കരവിരുതിന്റെ, നിലനില്പ്പിന്റെ മൂശയില്‍ ഒട്ടകപ്പാലിന്റെ ഈന്തപ്പഴത്തിന്റെ ചടുലത വിടര്‍ന്ന് നാലു ചുമരുകള്‍ രൂപം കൊള്ളും. അതിനുമുകളില്‍ പനന്തണ്ടുകളും പനയോലകളും നിവരും. അകത്തുവിരിച്ച പനമ്പായയില്‍ വെയിലു തിന്ന അമ്മമാര്‍ മുലചുരത്തും.. മരക്കരിക്കനലുകള്‍ക്ക് മേല്‍ പച്ചമീന്‍ വെന്തു ഞെരിയും വേട്ടക്കഴുകന്റെ സൂക്ഷ്മദര്‍ശിനിയില്‍ റാഞ്ചിയെടുക്കപ്പെട്ട മരുജീവികള്‍ അത്താഴത്തിന് രുചിയേകും.... ഒന്നൊന്നായുയരുന്ന ചതുരസ്തംഭങ്ങള്‍ക്കിടയില്‍ ഒട്ടകക്കൂട്ടങ്ങള്‍ വിശ്രമിക്കും..കാലികള്‍ മുള്‍പ്പടര്‍പ്പുകളില്‍ ഇല തിരയും.. ഒരു ഗ്രാമഗര്‍ഭം അവിടെ സൃഷ്ടിക്കപ്പെടും.. കാലിവളര്‍ത്തലും മല്‍സ്യബന്ധനവും മുത്തുവാരലുമൊക്കെയായി ഗ്രാമം തിടം വെയ്ക്കും.
അങ്ങനെയൊരു ഗ്രാമത്തിലാണ് ഞാന്‍ വളര്‍ന്നത്. ചൂടും തണുപ്പും ആവോളമേല്‍ക്കുമെങ്കിലും ആ ഗ്രാമ ജീവിതത്തിന്റെ വിശുദ്ധിയും സന്തോഷവും ഈ പെട്രോനഗരത്തിനുണ്ടോ?
ചോദ്യങ്ങളിലാണ് അമീര്‍ ചാച്ചയുടെ കഥകള്‍ അവസാനിക്കുക. വര്‍ത്തമാന ജീവിതത്തിലേക്ക് തൊടുക്കുന്ന ഒരായിരം ചോദ്യങ്ങള്‍ക്കൊടുവില്‍ അമീര്‍ ചാച്ച തളര്‍ന്നിരിക്കും.. നഷ്‌വാര്‍ പുകയില ഉഴിഞ്ഞുതുപ്പി, ഒരു ചുരുട്ടിനു തീക്കൊളുത്തും. നഗരജീവിതത്തിലെ അവസാനനാളുകളില്‍ തുണയേകാനായി ഒരു നാലാം കെട്ടിന്റെ കാര്യത്തെക്കുറിച്ചും എപ്പോഴുമടിക്കുറിപ്പിടാറുമുണ്ട് ആ വൃദ്ധയുവാവ്.
ഡോര്‍ബെല്ലിന്റെ ശബ്ദമാണ് ചാച്ചയുടെ കടല്‍ച്ചൊരുക്കില്‍നിന്ന് എന്നെ വര്‍ത്തമാനത്തിലേക്ക് വീണ്ടെടുത്തത്, ആരായിരിക്കും? എന്ന ചിന്തയ്ക്കൊപ്പം ഉള്ളിലൊരു തുടുപ്പിന്റെ പെരുമ്പറ മുഴുങ്ങുന്നുണ്ട്!
ഡോര്‍ലെന്‍സ്സിലൂടെ വെറുതേ നോക്കിയെന്നെയുള്ളൂ.
വേശ്യാടനത്തെയും ഭിക്ഷാടനത്തെയും കുറിച്ച് ദാര്‍ശനികമായി സംസാരിച്ചവള്‍ ഇന്നെന്റെ ഏകാന്തതയിലേക്ക് ദേശാടനത്തിനെത്തിയിരിക്കുന്നു. മുറിയിലാകെ അറേബ്യന്‍ ഊദിന്റെ തുളുമ്പുന്ന മണം.
ഒരേ സമയം ആകര്‍ഷിക്കുകയും വികര്‍ഷിക്കുകയും ചെയ്യുന്ന മണം പലപ്പോഴും അറബ് വംശജരുടെ സ്വഭാവവുമായി നേര്‍രേഖയില്‍ സഞ്ചരിക്കുന്നുണ്ട് എന്നു തോന്നാറുണ്ട്! ചില ഗന്ധങ്ങള്‍ ആശ്ലേഷത്തിന്റെ വഴിമരുന്നുകളാണ്, മറ്റു ചിലവ ചുംബനം യാചിച്ചു വാങ്ങും! വാരിപ്പുണരൂ എന്നു വിളിച്ചു കൂവിക്കൊണ്ട് ചില മണങ്ങള്‍ വിടാതെ പിന്തുടരും ചിലത് എന്റടുത്ത് വരരുതെന്ന് പറഞ്ഞ് അകലം സൂക്ഷിക്കും! ഇത്തരം വിപരീത ചിന്തകളുടെ കടിഞ്ഞാണുമായി മണങ്ങള്‍ പലപ്പോഴും തന്നെ ആശയക്കുഴപ്പത്തിലാക്കാറുണ്ട്!
"പുരുഷന്റെ പ്രഞ്ജയിലേക്ക് വാരിപ്പുണരൂ എന്ന് പരിഭവിച്ചുകൊണ്ട് പിറകേ നടക്കുന്ന ഈ അത്തറിന്റെ ഫ്ലേവര്‍ നിനക്കെവിടുന്നു കിട്ടി?"
ഔപചാരികതയിലേക്കോ, പെട്ടെന്നു കേറി വന്ന അല്‍ഭുതങ്ങളിലേക്കോ കയറിച്ചെല്ലാതെ ഈയൊരു ചോദ്യമാണ് ആദ്യമായാണ് എന്നില്‍ നിന്ന് പുറപ്പെട്ടത്..
തെല്ലൊരമ്പരപ്പോടെ കണ്ണുകളൊന്ന് പിടഞ്ഞ് അവള്‍ മൗനിയായി. പിന്നെ സ്ഥിരപരിചിതനായ ഒരു സുഹൃത്തിനോടെന്ന പോലെ മൗനമൂര്‍ന്നു മുത്തുകളായ് ചിതറി വീണു.
"വാരിപ്പുണരുവാന്‍ തോന്നുന്നുവോ?, അതപകടം, പിന്നെ ഊര്‍ന്നു പോകാന്‍ കഴിയാത്ത വിധം ബയ്യ എന്നില്‍ വിലയിക്കും.. അതു വേണ്ട, ബയ്യയെ എനിക്കിഷ്ടമാണ്, ഈ ചുഴിയില്‍ ഒതുങ്ങിത്തീരാതെ വിശാലമായ അഴിമുഖങ്ങളിലേക്ക്സ ഞ്ചരിക്കുവാനുള്ളതല്ലേ?, പിന്നെ ഫ്ലേവറിന്റെ കാര്യം അതിലളിതം. നിങ്ങളുടെ രാജ്യത്തില്‍ നിന്ന്, രാജസ്ഥാനില്‍ നിന്നും വരുന്ന ഊദിന്‍ കമ്പുകള്‍ താരതമ്യേന കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ കിട്ടും. അതു ചന്ദനത്തൊലിയും ചേര്‍ത്ത് കനലുകള്‍ക്ക് മേല്‍ പുകയ്ക്കും, അതിനു നേരെ കാലുകളകത്തി നില്‍ക്കും, പുക കാലുകളിലൂടെ അരക്കെട്ടിലൂടെ മാറിടങ്ങളിലൂടെ തഴുകി കഴുത്തിനും പര്‍ദ്ദയ്ക്കുമിടയിലുള്ള വിടവുകളിലൂടെ പുറത്തേയ്ക്ക് വമിക്കുമ്പോള്‍ ശരീരവും പര്‍ദ്ദയും അടിവസ്ത്രങ്ങളും വരെ ഊദിന്റെ ബന്ധനത്തിലാകുന്നു. ഒരാഴ്ചയോളം വസ്ത്രങ്ങളില്‍ നിന്നും ആ മണം വിട്ടുമാറില്ല"
"അപ്പോള്‍ ശരീരത്തില്‍ നിന്നോ?"
"അത്.... വിയര്‍ത്ത ശരീരത്തിലേക്ക് വെള്ളം കോരിയൊഴിക്കുമ്പോഴറിയാം, വിട്ടകലാന്‍ ഭാവിക്കാതെ ചിണുങ്ങി നില്‍ക്കുന്ന മണത്തിന്റെ റൊമാന്റിക് ചേഷ്ടകള്‍..!"
"എങ്ങനെ വിട്ടകലാതിരിക്കും? ഈ ചന്ദന വിഗ്രഹത്തില്‍ കയറിയാല്‍ പിന്നെ ഏതു ദൂപത്തിനാണ് വിട്ടകലാന്‍ തോന്നുക"
അവളുടെ വാക്കുകളിലുള്ള അതേ സ്വാതന്ത്ര്യത്തോടും കുസൃതിയോടും തന്നെയാണ് ഞാന്‍ മറുപടി പറഞ്ഞത്!
"ബോസ്, ചായയിടാനുള്ള സൗകര്യമില്ലേ ഇവിടെ?
"ഞാനൊരു ചായമിക്സ് ചെയ്തു തരാം, താഴെയുള്ള ഗ്രോസറിയിലേക്ക് ഒരു പായ്ക്കറ്റ് കുങ്കുമപ്പൂ വിളിച്ചു പറയുമോ? സഫ്രോണ്‍ ചേര്‍ത്ത് നല്ല ഇറാനിയന്‍ ചായ ഉണ്ടാക്കിത്തരാം"
"തുമാരീ മര്‍ജീ..."
ബയ്യാ എന്ന വിളി മാറി ബോസിലേക്ക് കൂടുമാറിയിരിക്കുന്നു, സഹോദരസ്ഥാനത്തില്‍ നിന്ന് മാറ്റപ്പെട്ടിരിക്കുന്നു! എന്താണ് ഭാവം എന്ന് കണ്ടറിയാം... എന്തായായാലും ചായക്കുടിക്കാം...
"നിന്റെ പേര്?"
"ബഹര്‍ സിതായേഷ്"
"സമുദ്രത്തിന്റെ പേരാണല്ലോ? അതു പോലെ നിഗൂഢമാണ് നീയും..."
"നിഗൂഢതയൊന്നുമില്ല ജീ, നിങ്ങളെപ്പോഴും എന്നെക്കാണാറുണ്ട്, ഞാന്‍ നിങ്ങളെയും! പര്‍ദ്ദയ്ക്കുള്ളിലായതുകൊണ്ട് തിരിച്ചറിയാന്‍ കഴിയാത്തതാണ്. ജയിന്റ് സൂപ്പര്‍മാര്‍ക്കറ്റിനടുത്തുള്ള പഴകി വീഴാറായ വില്ലകളില്ലേ? അതിലൊന്നിലാണ് താമസം, നിങ്ങള്‍ ഷോപ്പിംഗിനു വരാറുള്ളപ്പോഴൊക്കെ ഞാന്‍ കാണാറുണ്ട്... അഞ്ചു വര്‍ഷത്തോളമായി കാണാറുള്ള സൗമ്യനായ ഒരാളോട് എന്തിന് അകല്‍ച്ച പാലിക്കണം? പ്രത്യേകിച്ച് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നു വരുന്ന ഒരു ആര്യരക്തത്തിനോട്?"
"ഓഫീസില്‍ വച്ച് നീ വംശവൃക്ഷത്തിന്റെ കാര്യം പറഞ്ഞത് അതായിരുന്നോ? ചോദിക്കണം എന്നു കരുതിയതാണ് അതേക്കുറിച്ച്! ചരിത്രമെങ്ങനെ അറിയാം?"
"ഡിയര്‍, പത്താം ക്ലാസ്സ് വരെ പഠിച്ചിട്ടുണ്ട് ഞാന്‍, സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ പിന്നെ തുടരാന്‍ കഴിഞ്ഞില്ല!എന്റെ ഉപ്പയ്ക്ക് മൂന്ന് ഭാര്യമാരിലും കൂടി പതിനാറ് മക്കള്‍, അതില്‍ പതിനാല് പേരും പെണ്‍കുഞ്ഞുങ്ങള്‍! അറബികള്‍ ഉപേക്ഷിച്ച ആ പഴകി വീഴാറായ വില്ലകളില്‍ വീര്‍പ്പു മുട്ടിക്കഴിയുന്നു, ഉമ്മമാരും മറ്റ് ചേച്ചിമാരും അറബിവീടുകളില്‍ വീട്ടുവേലയ്ക്കു പോകുന്നതുകൊണ്ടും ആത്മാഭിനത്തിന് വല പേശാത്തതുകൊണ്ടും വാടക വല്ലാതെ കൊടുക്കേണ്ടി വരില്ല! ഞാന്‍ പറഞ്ഞല്ലോ എനിക്കിഷ്ടമല്ല അവിടങ്ങളില്‍ തേഞ്ഞ് തീരാന്‍..
ഓരോരുത്തരെയായി ഞങ്ങളുടെ ഉമ്മാമാര്‍ വിലപേശി കെട്ടിച്ചയയ്ക്കുന്നു, ഞങ്ങളുടെ ആചാരപ്രകാരം നോക്കി വളര്‍ത്തിയതിന് ഇങ്ങോട്ടാണ് പണം നല്‍കുക! അമ്പത്തഞ്ച് വയസ്സായ ഒരു കിഴവന്റെ അഞ്ചാം ഭാര്യയായി എന്നെ കൈമാറുവാനുള്ള കരാറില്‍ മനസ്സുകൊണ്ട് ഒപ്പു വച്ചു കഴിഞ്ഞിരിക്കുന്നു എന്റെ ഉമ്മ"
"തേയിലയുടെ കറുപ്പും പാലിന്റെ വെളുപ്പും കുങ്കുമത്തിന്റെ ചവപ്പും നിന്റെ മധുരവും ഇടകലര്‍ന്ന ഈ ചായ ഞാന്‍ കുടിച്ചതില്‍ വച്ചേറ്റവും സ്വാദിഷ്ടം!!"
"ഇതെന്റെ ജീവിതമാണ് ഡിയര്‍. ഒരു ഗ്ലാസ്സ് ചൂടു വെള്ളത്തില്‍ വെന്തു നീറി സമ്മിശ്രവികാരങ്ങളില്‍ ഞാന്‍ വലിച്ചുകുടിക്കപ്പെടാന്‍ പോകുന്നു!"
"ഹേയ് ശുഭമായത് മാത്രം ചിന്തിക്കൂ, എനിക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുമോ? ചോദ്യം ഒരുക്ലീഷേയാണെന്നറിയാം, എങ്കിലും?"
"ഒന്നിനും കഴിയില്ല! എങ്കിലും, ഞാനിന്ന് നിന്റെ കൂടെ ഇവിടെ താമസിക്കട്ടെ?"
"വീട്ടിലെന്തു പറയും?"
"പതിനാറ് പേരില്‍ ആരൊക്കെ, എവിടെയൊക്കെയെന്ന് നോക്കാന്‍ ആരുണ്ടവിടെ? അവനവനെവിടെയാണെന്നറിയാതെ രാത്രികളിലൂടെ ഓരോരുത്തരം സഞ്ചരിക്കുന്നു, ആഡംബരനൗകകള്‍ പോലെ ഈ കടലിടുക്കാകെ ഒന്നു പ്രദക്ഷിണം വെച്ച് തിരിച്ച് തങ്ങളെ ബന്ധിച്ചിടാറുള്ള ഇരുമ്പുകുറ്റികളില്‍ വന്ന് സ്വയം ബന്ധസ്ഥനാകുന്നു.!"
അലസമായ, അടുക്കും ചിട്ടകളില്ലാതെ ചിതറിക്കിടക്കുന്ന മുറി അവളുടെ കൈകളിലൂടെ ഒരു ചിത്രവിസ്മയമായി രൂപപ്പെടുന്നത്കൗ തുകത്തോടെയാണ് നോക്കിയിരിക്കുന്നത്,
"ഒരു കുപ്പി വൈനേയുള്ളൂ ഒരു ഗ്ലാസ് വേണമെങ്കില്‍ ഷെയര്‍ ചെയ്യാം..."
"കുടിച്ചിട്ടില്ല ഇതുവരെ, നിന്റെ കൈപിടിച്ച് ഒരു വീഞ്ഞിന്റെ കാണാത്തിടങ്ങളിലൂടെ യാത്ര ചെയ്യാന്‍ കഴിയുന്നുവെങ്കില്‍ അത് എനിക്ക് സന്തോഷകരം തന്നെ"
"എന്താണ് നിനക്കു ടച്ചിംഗ്സ് വേണ്ടത്?"
"പിസ്തായോ, പീനട്സോ ബദാം പരിപ്പോ മാത്രമേ എന്റെ കൈവശമുള്ളൂ, ഞാന്‍ വീഞ്ഞിനോടൊപ്പം കൊറിക്കുന്നത് അതാണ്"
"അതെല്ലാം എന്റെ നാട്ടില്‍ നിന്നു വരുന്നതല്ലേ? എനിക്കിഷ്ടമില്ലാതിരിക്കാന്‍ വഴിയില്ലല്ലോ?"
"തല വെള്ളത്തില്‍ മുക്കാതെ നിനക്കെങ്ങനെ ഈ കടല്പ്പരപ്പില്‍ നീന്താന്‍ കഴിയുന്നു? ഒന്നു മുങ്ങിത്താണു കൂടെ ആണ്മണമേല്‍ക്കാത്ത ഈ കലിടുക്കില്‍"
"പരിചയമില്ലാത്ത വെള്ളത്തില്‍ തല നനഞ്ഞാല്‍ നീരുദോഷം വരുമെന്ന് അമ്മ പറയാറുണ്ട്! കുളിച്ചു കേറുമ്പോള്‍ പുരട്ടാനുള്ള രാസ്‌നാദിപ്പൊടി ഞാന്‍ കരുതിയിട്ടില്ല!"
കോര്‍ണീഷിലിപ്പോള്‍ കുറ്റിയില്‍ നിന്ന് നൗകകളുടെ വടങ്ങള്‍ വിമുക്തമായിക്കൊണ്ടിരിക്കുന്നു... ഉല്ലാസ സവാരിയുടെ ആരവാരങ്ങളുമായി ആഘോഷരാത്രിവാസികള്‍ ഉല്ലസിക്കുന്നു.
"ഡിയര്‍ കുറച്ച് കാലം ഞാന്‍ നിന്റെ കൂടെ കഴിഞ്ഞോട്ടേ? നീയൊന്നും തരേണ്ട! ഭക്ഷണത്തിനുള്ള സാധനങ്ങള്‍ വാങ്ങിത്തന്നാല്‍ നീ വരുമ്പോഴേയ്ക്കും പാചകം ചെയ്തു വയ്ക്കാം... ഫ്ലാറ്റു വൃത്തിയാക്കാം, നിന്റെ വസ്ത്രങ്ങള്‍ അലക്കിത്തേച്ചു തരാം, നിനക്കുവേണ്ടതെല്ലാം തരാം... കൊതിയാകുന്നു സ്വന്തമെന്നു തോന്നുന്ന ഒരാണിനെ കുറച്ചുകാലം പരിചരിക്കാന്‍... നിനക്കു ക്ഷമയുണ്ട്! നീയെന്റെ ആഴങ്ങളില്‍ മുങ്ങി മരിക്കില്ലെന്നെനിക്കുറപ്പുണ്ട്, അജ്ഞാതമായ കടല്‍ച്ചെരിവുകളിലേക്ക് മാന്ത്രികനായ ഒരു നാവികനെപ്പോലെ നീ കപ്പലോട്ടുമ്പോള്‍ നങ്കൂരമിറങ്ങാത്ത എന്റെ ആഴങ്ങള്‍ കടല്‍ക്ഷോഭത്തിനെ ആവേശിക്കുന്നുണ്ടെങ്കിലും ഈ വേലിയേറ്റം ഞാന്‍ ആസ്വദിയ്ക്കുന്നു. അടുക്കേണ്ടാത്ത ദ്വീപുകളില്‍ നിന്റെ ഗതി തിരിയുമ്പോള്‍ നിന്റെ കപ്പല്‍ തട്ടിതകരാതെ ഞാന്‍ രക്ഷിച്ചുകൊള്ളാം... ഒരു വേലിയേറ്റത്തിന്റെ കിനാവുകളുമായി ഞാനേതെങ്കിലും കരിങ്കടലിലേക്ക് ഒഴുകിച്ചേരാം..."

തലേന്നത്തെ തിരക്കില്‍ അലാം വെയ്ക്കാന്‍ മറന്നുവെങ്കിലും കൃത്യം ആറരയ്ക്ക് അവള്‍ തട്ടിവിളിയ്ക്കുന്നു, ചൂടേറിയ സഫ്രോണ്‍ ചായയില്‍ നിന്ന് ആവി പറക്കുന്നു, ബ്രഷില്‍ പേസ്റ്റ് തേച്ച് ഒരുക്കി വെച്ചിരിക്കുന്നു, എപ്പോഴാണ് ഇവള്‍ ഹീറ്റര്‍ ഓണ്‍ ആക്കിയത്? എന്റെ കുളിവെള്ളത്തിന്റെ പാകം ചൂട് ഇവളെങ്ങനെ മിക്സു ചെയ്തു?
നിന്നെയിവിടെ തനിച്ചാക്കിപ്പോയാല്‍ ഞാന്‍ വരുമ്പോള്‍ നീയിതെല്ലാം അടിച്ചുമാറ്റി എമിറേറ്റ്സ് വിടുമോ എന്ന ചോദ്യം വായില്‍ വച്ചു വിഴുങ്ങിക്കളഞ്ഞു.
വിലപിടിച്ചതൊന്നുമില്ല, എന്തെങ്കിലും എടുക്കുന്നുവെങ്കില്‍ അതു കൊണ്ടവള്‍ സംതൃപ്തയാവട്ടെ!
"ഞാന്‍ പോകുന്നു ബഹര്‍, വൈകിട്ട് കാണാം."
"ലഞ്ച് ഓഫീസിലേക്ക് കൊണ്ട് വരണോ?"
"നീ ഇതിന് പുറത്തേക്കിറങ്ങിയെന്നറിഞ്ഞാല്‍ പിന്നെ നീയെന്നെ കാണാന്‍ വരേണ്ടതില്ല"
"ജീ ഹാം"
വൈകുന്നേരം മൊബൈലിലേക്ക് വന്ന മെസ്സേജില്‍ ഇങ്ങനെ എഴുതപ്പെട്ടിരുന്നു
"പരിചരിക്കാനനുവാദം തന്ന നല്ല രാത്രിക്ക് നന്ദി, വീഞ്ഞിനും നിന്റെ കപ്പല്‍ച്ചാലുകള്‍ക്കും നന്ദി,
ബയ്യാ, ഇനി കാണാന്‍ കഴിയുമെന്ന് കരുതുന്നില്ല. നാളെയാണ് ചടങ്ങ്! ഇന്ന് രാത്രി തന്നെ
അങ്ങോട്ട് തിരിക്കുന്നു"
റൂമിലേക്ക് തിരിക്കുമ്പോള് വഴി നീളെ വെളുപ്പും നീലയും ചേര്‍ന്ന കടല്‍ച്ചിത്രങ്ങളുടെ കൊളാഷ് ചിതറിക്കിടക്കുന്നു, ചിത്രക്കാന്‍വാസിലേക്ക് മുറുക്കിത്തുപ്പിയപോലെ സഫ്രോണ്‍ നിറമുള്ള ചായ ഒലിച്ചിറങ്ങുന്നു! റൂമിലെ ഏകാന്തത അലോസരമുണ്ടാക്കുന്നു, അടുക്കിവെച്ച പുസ്തകങ്ങളും വസ്ത്രങ്ങളും വാരിച്ചിതറിയിട്ടു. അടുക്കു ചിട്ടകള്‍ ഏകാന്തതയ്ക്ക് ആക്കം കൂട്ടുന്നു! അമൂര്‍ത്തങ്ങളായി ചിതറിയിടപ്പെട്ടവയ്ക്കിടയില്‍ ഒരബ്സ്ടാറ്റിക് പൈന്റിംഗ് പോലെ സ്വയം ചിതറിക്കിടന്നു. കണ്ണു തറയ്ക്കുന്ന ചുമരുകളിലെല്ലാം കുങ്കുമ നിറമുള്ള ചായ ഒലിച്ചിറങ്ങുന്നു.
വയ്യ, ഇന്നിവിടെക്കൂടാന്‍ വയ്യ! അമീര്‍ചാച്ചായുടെ കഥ കേള്‍ക്കാന്‍ പോകാം...
ഗ്രോസറിയില്‍ നിന്ന് ബദാം പരിപ്പിന്റെ കവര്‍ വാങ്ങുമ്പോള്‍ കുങ്കുമപ്പൂവിന്റെ ഒരു പായ്ക്കറ്റ് കൂടി ചാച്ചയ്ക്ക് വേണ്ടി കയ്യില്‍ കരുതി...
ചാച്ചയുടെ ബോട്ടില്‍ ഒരു കുറിയ മനുഷ്യന്‍ പാന്‍ ചവച്ചിരിക്കുന്നു! കുട്ടിത്തം വിടാത്ത കണ്ണുകളെങ്കിലും കരുവാളിച്ച മുഖമുള്ളവന്‍!
"അരേ ഭായ്, അമീര്‍ ചാച്ചാ കഹാം ഗയാ? കോന്‍ ഹൊ തും?"
"മേം ഉസ്കാ ബേട്ടാ ഹും, ആജ് സേ യേ ഹമാരാ ഹെ, ബാപ്നേ മുജേ യെ ദിയാ ഹെ"
ഫോണിലെ മെസ്സേജ് ടോണ്‍ എന്തോ വിളിച്ചു പറയുന്നു.
"കൂടെക്കൂടാന്‍ അനുവദിച്ച നല്ല മനസ്സിന് നന്ദി, വീഞ്ഞിനും മാന്ത്രിക വിരലുകള്‍ക്കും നന്ദി, കടലാഴത്തിലേക്ക് നങ്കൂരമിറക്കാത്ത നിന്നിലെ കപ്പിത്താനും നന്ദി, ഇന്നു രാത്രി മുതല്‍ ഞാന്‍ ഒരു പാടു പേര്‍ പരിചരിക്കപ്പെട്ട് പൊളിയാറായ അടുക്കളയിലെ അടുപ്പുകല്ലാകുന്നു"
കൈയ്യിലെ കുങ്കുമപ്പാക്കും പിസ്തായും മുറുകെപ്പിടിച്ചു റൂമിലേക്ക് നടന്നു, ഒരു കുങ്കുമച്ചായ സ്വന്തമായി ഉണ്ടാക്കി നോക്കാം... നാളെ ഒരു കുപ്പി വൈന്‍ വാങ്ങാം അതിലേക്ക് ഈ ബദാം പരിപ്പ് നീക്കിവെയ്ക്കാം...
ഇപ്പോള്‍ വഴികളെല്ലാം വ്യക്തമാണ്! ചുമരുകളില്‍ നിന്ന് കുങ്കുമച്ചായ പൊടിഞ്ഞിറങ്ങി തന്റെ കയ്യിലെ കവറിലേയ്ക്ക് കൂടുമാറുന്നു.
pictures coutesy : google search, n the real owners..