പതിറ്റാണ്ടിനിപ്പുറം പേര്‍ഷ്യന്‍ പ്രവാസത്തിന്റെ അനുഭവക്കുറിപ്പുകളിലൂടെ...

Friday, April 22, 2011

കഥയില്ലായ്മയിലൂടെ ചില ബിസ്സിനസ്സ് യാത്രകള്‍

“യാംഗ്ഷാന്‍ ഡീപ് വാട്ടര്‍ പോര്‍ട്ട്, ലോകാത്ഭുതത്തിന്റെ മറ്റൊരു ചൈനീസ് മുഖം”

എന്ന ഒരു ഹെഡ്ഡിംഗ് തയ്യാറാക്കിയാണ് ഗ്ലോബല്‍ മര്‍ച്ചന്‍ഡൈസ് സുവനീറിനു വേണ്ടി ഒരു ഫീച്ചര്‍ തയ്യാറാക്കാനിരുന്നത്!

“ലോകസഞ്ചാരം തുടങ്ങി, രണ്ട് പതിറ്റാണ്ടിനടയില്‍ ഇതു വരെ തോന്നാത്ത ഒരു ഭയം ഡീപ് വാട്ടര്‍ പോര്‍ട്ടിന്റെ കണ്ടൈനര്‍ ടെര്‍മിനലില്‍ നിന്ന് തിരിച്ച് പോരുമ്പോള്‍ മുതല്‍ എന്നെ വേട്ടയാടിത്തുടങ്ങിയിരുന്നു!


'ഡോംഗ് വൈനി'ന്റെ മാന്ത്രിക ലഹരിക്കോ, ഹൂ വോയുടെ ഗോതമ്പു പാടത്തിനോ പകര്‍ന്നു തരാന്‍ കഴിയുന്ന സുഖസഞ്ചാരത്തില്‍നിന്നും ഭയപ്പാടുകളുടെ വിയര്‍പ്പുതുള്ളികള്‍ ചവര്‍പ്പുനിറഞ്ഞ അതൃപ്തിയായി ഉള്ളില്‍ ഉറഞ്ഞുകൂടുന്നു...

സമുദ്രത്തില്‍ നിന്നും ഒരുപാടകലെയുള്ള യാംഗ്ഷാര്‍ കണ്ടൈനര്‍ ടെര്‍മിനല്‍ സന്ദര്‍ശിയ്ക്കുക എന്നത് ആ പ്രൊജക്റ്റ് കേട്ടന്നുമുതലുള്ള ആഗ്രഹമാണ്‌!

ഹൂ വോയുടെ മാന്ത്രികവിരലുകളില്‍ ഒഴുകിനീങ്ങി ഡോഗ് വൈനിന്റെ ദൈവികലഹരിയില്‍ മുഴുകി സമുദ്രത്തിലൂടെയുള്ള ബ്രിഡ്ജില്‍ ലാന്‍ഡ് റോവറിലിരുന്നുള്ള യാത്ര, ആദ്യപകുതിയില്‍ സ്വര്‍ഗ്ഗീയമായിരുന്നു എന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല!

അല്ലെങ്കിലും വിരലോട്ടത്തിന്റെ സ്കിന്‍ ട്രാക്കുകളില്‍ ചൈനീസ് സുന്ദരിമാരുടെ മാന്ത്രികവിരലുകള്‍ സുന്ദരവും അമൂര്‍ത്തവുമായ പുതുവഴികള്‍ വെട്ടിത്തരുന്ന അനിര്‍വ്വചനീയതയെ ഏത് വാക്കുകളിലാണ്‌ വിവര്‍ത്തനം ചെയ്യാന്‍ കഴിയുക!

ഹൂ വോയുടെ ഗോതമ്പുവയല്‍ എന്നെ ഉള്‍ക്കൊള്ളാനാകാതെ കൂര്‍ത്തും മൂര്‍ച്ചിച്ചും മുരളുമ്പോള്‍, തൊട്ടരികെ കണ്ടൈനറുകളിലേയ്ക്ക് ലോഡ് ചെയ്യുന്ന ഇ-വേസ്റ്റുകളുടെ ആയിരത്തിലധികം വരുന്ന കണ്ടൈനറുകളില്‍ നിന്ന് പുറത്തേയ്ക്ക് വരുന്ന അതി ഭീകരമായ ഒരദൃശ്യതരംഗം അതിലോലമായ എന്റെ യാത്രാചോദനകളിലേയ്ക്ക് കനത്ത വിള്ളലുകളാണ്‌ വീഴ്ത്തിക്കളഞ്ഞത്!

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് ലൈംഗികത്തൊഴിലാളികളെ കയറ്റി വിടുന്ന രാജ്യങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കയാണ്‌ ചൈന എന്നത് വലിയ കാര്യമായെനിക്ക് തോന്നിയിരുന്നില്ല.

ലഭ്യമായ ജനസംഖ്യാനുപാതമനുസരിച്ച് സാധാരണയില്‍ കവിഞ്ഞ അളവില്‍ കൂടുതലൊന്നും ചൈന, ആഗോള മാംസവ്യാപാരമാര്‍ക്കറ്റിന്‌ സംഭാവന ചെയ്യുന്നില്ല, എന്നാണെന്റെ പക്ഷം.....

ഹൂ വോയുടെ വിരലുകളെപ്പോലെ മാന്ത്രികമായി സംവദിക്കാന്‍ കഴിയുമെങ്കില്‍ ലോകത്തെല്ലായിടത്തും ചൈനീസ് ആധിപത്യമുള്ള വിരല്‍ മാന്ത്രികസംഘം രൂപമെടുക്കാന്‍ അധിക കാലതാമസം വേണ്ടിവരില്ല എന്നത് അനുഭവം വിളിച്ചുപറയുന്നുണ്ട്!

ഇതതല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയയ്ക്കപ്പെടുന്ന കളിപ്പാട്ടങ്ങളിലും കരകൗശലവസ്തുക്കളുടെയുള്ളിലും ചെറിയ അളവില്‍ തിരുകിക്കയറ്റുന്ന ഇത്തരം മാലിന്യസഞ്ചികള്‍ എത്ര മാരകമായ വിപത്താണ്‌ പുതുതലമുറയ്ക്ക് നല്കുക, എന്ന ദു:സ്വപ്നത്തിലെ ഒഴിവുസമയങ്ങളിലേയ്ക്ക് ഓലപ്പന്തും പീപ്പിയും മൊച്ചിങ്ങാപമ്പരവും കുട്ടിക്കാലത്തിലേയ്ക്ക് തിരിച്ചുകയറുന്നുണ്ട്.

റഫ് ഡ്രാഫ്റ്റ് ചെയ്ത ലേഖനം നോട്ട് പാഡില്‍ സേവ് ചെയ്തു വച്ച് ഇന്‍ഡസ്ട്രിയല്‍ വില്ലേജിലെ ത്രീസ്റ്റാര്‍ സ്യൂട്ടില്‍ നിന്ന് പുറത്തിറങ്ങി. ഹൂ വാങിനെ കാണുന്നില്ല, തിരിച്ചു പോകേണ്ടത് നളെയാണ്, ഒരാഴ്ചത്തെ സഹവാസത്തിനിടയില്‍ വാംഗ് എങ്ങോട്ടാണ് പോയത്! ഒരു പക്ഷേ എന്റെ കൂടെ ദുബായിലേക്ക് ചേക്കേറുവാനുള്ള അവസാന ചിറകൊതുക്കലിനായി അവളുടെ മാത്രമായ സ്വകാര്യതയിലേയ്ക്ക് ഊളിയിട്ടുകാണും
അര്‍ബന്‍ സ്മാള്‍ സ്കേല്‍ ഇന്‍ഡസ്ട്രിയല്‍ വില്ലേജും പരിസരവും കാട്ടിത്തരാം എന്നു വാംഗ് വാക്കു പറഞ്ഞിട്ടുണ്ട്..

വ്യവസായ മേഖലയിലെ ഇടവഴികളിലൂടെ വെറുതേ നടക്കുമ്പോള്‍ കാണുന്നത് കാഴ്ചയുടെ വ്യത്യസ്ഥകളാണ്!
ഉള്‍ഗ്രാമങ്ങളില്‍ നിന്ന് നാഗരികതയുടെ നിറപ്പകിട്ടില്‍ മയങ്ങി കുടിയേറുന്ന തൊഴിലാളിസമൂഹങ്ങളുടെ ദുരിതപൂര്‍ണ്ണമായ ജീവിതരീതിയും അതി കാര്‍ക്കശ്യമാര്‍ന്ന മുതലാളിത്തസംസ്കാരവും ആധുനികചീനയുടെ അടിമത്ത തൊഴിലാളി വ്യവസ്ഥകള്‍ എന്ന പേരില്‍ മറ്റൊരു ലേഖനത്തിന് സ്കോപ്പുണ്ടെന്ന് കരുതിയാണ് ഒന്നു കറങ്ങി അല്പം ചിത്രങ്ങളെടുക്കാന്‍ തീരുമാനിച്ചത്!

പരുപരുത്ത ജീന്‍സ് നിക്കറും മുറിക്കയ്യന്‍ ഷര്‍ട്ടുമിട്ട് മുടി പറ്റെ വെട്ടിയ ആയിരക്കണക്കിനു സ്ത്രീകള്‍ ഓരോ കമ്പനികളിലും ജോലി ചെയ്യുന്നു! അതില്‍ ഗര്‍ഭിണികളും പ്രായം ചെന്നവരും പ്രായപൂര്‍ത്തിയെത്താത്ത കുഞ്ഞുങ്ങള്‍ വരെയുമുണ്ട്! പക്ഷേ എല്ലാവരുടെയും ശരീരഭാഷയിലെ ദ്രുതചലനം, പ്രസരിപ്പാര്‍ന്ന കണ്ണുകള്‍ ഒട്ടും മുഷിയാത്ത മുഖഭാവം ഇതെല്ലാം കാണുമ്പോള്‍ ഏതോ യന്ത്രനിര്‍മ്മിതമായ മനുഷ്യരൂപങ്ങളാണെന്ന തോന്നലിലൂടെയും അതിന്റെ കര്‍മ്മനിരതയിലൂടെയുമാണ് ചൈന എന്ന രാജ്യം ലോകശക്തിയായി വളരുന്നത് എന്ന് ഒറ്റ നോട്ടത്തിലൂടെ പറയാനാവും.

ചൂഴ്ന്ന് നോട്ടത്തിന്റെ പിന്നാമ്പുറങ്ങളിലെയ്ക്ക് സമയംകളയുമ്പോള്‍ അവിടെ ചുവന്ന കണ്ണുകളുള്ള ഫോര്‍മാന്‍മാരും അതീവകര്‍ക്കശ സ്വഭാവക്കാരായ മുതലാളിമാരും അതിലും ഭീകരരൂപികളായ നിയമവ്യവസ്ഥിതികളും നമ്മെ നോക്കി കൊഞ്ഞനംകുത്തുന്നതു കാണാന്‍ കഴിഞ്ഞേക്കും! പക്ഷേ നിലനില്പ് എന്ന കഥയില്‍ ചോദ്യങ്ങളില്ല, ഉത്തരങ്ങളുമില്ല. കഥാതന്തുവിലൂടെയുള്ള ഒഴുക്കുമാത്രം, അതേ പടുള്ളൂ.

പഴയ പാവക്കുട്ടികള്‍ക്ക് എങ്ങിനെ ഈ മുഖം വരുന്നെന്ന് കുട്ടിക്കാലത്ത് ഒരു പാടു തല പുകച്ചിട്ടുണ്ട്!
ഞാന്‍ കണ്ടിട്ടുള്ള കുട്ടികളുടെ മുഖമല്ല ഒരു പാവയ്ക്കും, എങ്ങിനെ ഈ കുറുംകണ്ണുകളും കോലന്‍മുടിയും പപ്പടമുഖവുമുള്ള കുഞ്ഞുങ്ങളുടെ മുഖം ഇവയ്ക്കു ലഭിയ്ക്കുന്നു എന്ന ചോദ്യത്തിനുത്തരം ഹൂ വോയുടെ നാട് വെളിപ്പെടുത്തിത്തരുന്നുണ്ടിപ്പോള്‍.

അക്കാലം മുതലേ പാവകളും മറ്റു കളിപ്പാട്ടങ്ങളുമായി ഇന്ത്യന്‍വിപണി പിടിച്ചടക്കിയ ലീ വാങ്ങിനെപ്പോലുള്ളവരുടെ വിപണനബുദ്ധി എന്റെ ചിരട്ടപ്പമ്പരത്തെയും ഓലപ്പന്തിനെയും വട്ടംകറക്കി പൊട്ടക്കിണറ്റിലേയ്ക്ക് ഉരുട്ടിയിട്ടുകൊണ്ടിരുന്നു...!

കൊയ്തൊഴിഞ്ഞ വയല്‍ചതുരങ്ങളിലെ ആര്‍പ്പുവിളികളില്‍ ഒരു തലമുറ പച്ചപ്പോടെ ഇപ്പോഴും വളരുന്നുണ്ടെന്ന് കേരളത്തിനു പുറത്തുള്ള കാര്‍ഷികഗ്രാമവാസികളായ കൊളീഗ്സ് പറഞ്ഞാണറിഞ്ഞത്. നാഗരികമായ മാന്ത്രികസൌകര്യങ്ങളും. ലീ വാങ്ങിന്റെ കളിപ്പാട്ടങ്ങളുമില്ലാത്ത പച്ചയായ ഗ്രാമഗര്‍ഭത്തില്‍നിന്ന് അവള്‍ ഒരറ്റം പിടിച്ച നൂല്‍ബന്ധത്തിലൂടെ പട്ടം പറത്തിയും കാല്പന്തു കളിച്ചും അനന്തമായ മറുലോകവുമായി നൂല്‍‌ മര്‍മ്മരങ്ങളിലൂടെ സംവദിക്കുന്നു…
ഷാംഘായിലെയും റംഗൂണിലെയും സിലോണിലുമൊക്കെയുള്ള സീ പോര്‍ട്ടുകളുടെയും എയര്‍പോര്‍ട്ടുകളുടെയും ആകാശങ്ങളിലേക്ക് കുഞ്ഞുവൈമാനികര്‍ കടലാസുവിമാനങ്ങളിലൂടെ സഞ്ചാരികളാകുന്നു…!“

തങ്ങള്‍ക്ക് ശേഷമുള്ള തലമുറയുടെ കുട്ടിക്കാലത്തെ അരസികമായ ജീവിതരീതിയെക്കുറിച്ച് ഒരു പക്ഷേ നൂറ്റാണ്ടുകള്‍ക്കു മുമ്പേ കാരണവര്‍ വ്യാകുലരായിരുന്നിരിക്കണം...
ഞാനും എന്റെ കുട്ടികളുടെ ഹരിതാഭമല്ലാത്ത കളിക്കാലത്തെകുറിച്ച് തലപുകയ്ക്കുന്നു.
പക്ഷേ ഓരോരുത്തരും തങ്ങളുടെ തലമുറയിലെ ഏറ്റവും നല്ല കാലത്തിലൂടെ ബാല്യം ചെലവഴിക്കുന്നുവെന്ന് അവരുടെ മദ്ധ്യാഹ്നങ്ങളിള്‍ അവര്‍ തിരിച്ചറിയുന്നുണ്ടാവണം...

മറ്റൊരു ലേഖനത്തിനുള്ള സ്കൂപ്പു കൂടി ഉള്ളിലേയ്ക്ക് തിരുകി അപ്പാര്‍ട്ട്മെന്റിലേയ്ക്ക് തിരിച്ചു കയറി. ചൈനായാത്ര തരപ്പെടുത്തിത്തന്ന റീജ്യണല്‍ മാനേജര്‍ ലീ വാങ്ങിന്‌ സ്തുതി!

പവലിയനുകള്‍ ഏത് രാഷ്ട്രത്തിന്റെ പേരിലായിരുന്നാലും അളന്ന് വാങ്ങാന്‍ പണം കൈയ്യിലുണ്ടെങ്കില്‍ ഏത് മണ്ണിലും നമുക്ക് സ്റ്റാള്‍ പണിയാം! അവിടെ, വ്യവസായികമാലിന്യം കളര്‍ചേര്‍ത്ത് വെടിപ്പാക്കിയ ഷോകേസ് ഐറ്റംസ് മുതല്‍ വിലപിടിപ്പാര്‍ന്ന പ്രതിഭകളുടെ തഴമ്പിച്ച കൈമുദ്ര പതിഞ്ഞ കരകൗശലവസ്തുക്കളും, അമൂല്യമായ മലഞ്ചരക്കുകളും വില്ക്കാം, വാങ്ങിക്കപ്പെടുന്നവരുടെ ആവശ്യകതകളേക്കാള്‍ വിശാലമായി വിരിയിച്ചെടുക്കുന്നത് വില്ക്കപ്പെടുന്നവന്റെ ഭൂമിശാസ്ത്രപരമായ കാര്‍ഷിക കൗശലങ്ങളാണ്‌!!

ഗ്ളോബല്‍ വില്ലേജിലെ സ്റ്റാള്‍ മാനുവലില്‍ ഒന്ന് കണ്ണോടിച്ച് ലീ വാങ്ങ് ചുണ്ടു കോട്ടി ഒന്നു മുരണ്ടു!

ഷാംഗായിലെ തകിടുപുരകളില്‍ ലോഹം തിളയ്ക്കുന്ന ലാഘവത്തോടെ ഒന്ന് ഞെളിഞ്ഞുപിരിഞ്ഞു!

"ഞാനിവിടുത്തെ കാര്യങ്ങള്‍ ശരിയാക്കാം, നീ വേണം ചൈനയില്‍ പോകാന്‍! നിനക്കിവിടെ കിട്ടുന്നതിനെക്കാള്‍ പരിഗണന എനിക്കും, എനിക്കവിടെ കിട്ടുന്നതിനെക്കാള്‍ കസ്റ്റമര്‍ കെയര്‍ നിനക്കും കിട്ടും..!

കടല്‍ കടന്നെത്തുന്ന ആവശ്യക്കാരെ ചെറുകിട കച്ചവടക്കാര്‍ കത്തി വെയ്ക്കുമെങ്കിലും വന്‍കിടക്കാര്‍ ആവശ്യത്തിലധികം പരിഗനണനയും ഇളവുകളും ചെയ്തു തരികയും ചെയ്യും. സോ അപ്രോച്ച് റ്റു ദി കിംഗ് സൈസ് മെര്‍ച്ചന്‍ഡേഴ്സ്! ഹൂ വോ വില്‍ ഹെല്പ് യു ദേര്‍."

കച്ചവടത്തെക്കുറിച്ച് ഞാന്‍ ചിന്തിയ്ക്കുന്നതില്‍ നിന്നും കടകവിരുദ്ധമായാണ്‌ വാംഗ് ചിന്തിക്കുന്നത്!

ഞാന്‍ കരുതിയത്, ഇന്ത്യക്കാരനും അറബി ഭാഷയും ഉറുദുവും ഇംഗ്ളീഷും നന്നായി സംസാരിക്കാന്‍ കഴിയുകയും ചൈന അത്രമേല്‍ വശമില്ലാത്തവനുമായ എന്നെ ദുബായ് കോര്‍ഡിനേഷന്‍ ജോലികള്‍ ഏല്പിച്ച്, ഇംഗ്ലീഷും ഹിന്ദിയും അറബിയും ലവലേശമറിയാത്ത, ചൈന മാത്രം സംസാരിക്കുന്ന വാംഗ് ചൈനയിലേയ്ക്ക് പോയി ഇവിടേയ്ക്ക് ആവശ്യമായ ഉല്പന്നങ്ങളുടെ ഷിപ്മെന്റ് അടക്കമുള്ള ജോലികള്‍ ശരിയാക്കും എന്നായിരുന്നു. ഇപ്പോഴിതാ ഇതെല്ലാം കീഴ്മേല്‍ മറിയുന്നു!

എങ്ങനെ, ഒരു പരിചയവുമില്ലാത്ത ഒരു നഗരത്തിലേയ്ക്ക്? …….

കണ്ണില്‍ കാണുന്നതെന്തും വ്യാജമായി ഉല്പാദിപ്പിക്കുന്ന അതിവിളവുള്ളവരുടെയിടയിലേയ്ക്ക് ………..

നാഗരികരും പ്രാകൃതരും ഒരേ അളവില്‍ ഊടുപാവു തീര്‍ക്കുന്ന വന്‌നഗരത്തിലേയ്ക്ക് ........

ശരീരത്തിലുടനീളം നെയ് ചേര്‍ത്ത് പൊരിച്ചെടുത്ത പാമ്പിന്‍ കഷ്ണങ്ങളുടെ മൊരിമൊരിപ്പ്! എങ്കിലും പുതിയൊരു നാടു കാണാനുള്ള ആവേശത്തിന്റെ തരിതരുപ്പ്!

"ഒരു രാജ്യത്തെ മനസ്സിലാക്കാന്‍ അവിടം വരെ പോകണമെന്നില്ല! അവിടുത്തെ വ്യത്യസ്ഥമേഖലകളില്‍ നിന്നു വരുന്ന ആള്‍ക്കൂട്ടങ്ങളെ കണ്ടാല്‍ മതി!

അവരുടെ സ്വഭാവങ്ങളും പ്രവര്‍ത്തനങ്ങളും വിശകലനം ചെയ്താല്‍ ആ നാട്ടില്‍ നിന്നുള്ളവരുടെ ഏകദേശം സംസ്കാരം നമുക്ക് മനസ്സിലാക്കാം.."

സ്പോണ്‍സര്‍ ബിന്‍ സൊലൈമാന്റെ ഉട്ടോപ്യന്‍ ചിന്തയോട് ഞാനെപ്പോഴും തര്‍ക്കിക്കാറുണ്ട്!

"കുടിയേറ്റത്തിന്റെയും പ്രവാസത്തിന്റെയും ആദ്യപര്‍വ്വങ്ങളില്‍ ഓരോ മനുഷ്യരുടെയും സ്വാഭാവികചലനങ്ങളില്‍ വരെ തികച്ചും വ്യത്യസ്ഥമായി അബോധതലത്തില്‍ തന്നെ മാറ്റങ്ങള്‍ രൂപപ്പെടും.

അവരറിയാതെ തന്നെ ആ ദേശത്തിന്റെയും പ്രകൃതിയുടെയും കാറ്റിന്റെയും നിയമത്തിന്റെയും വ്യവസ്ഥകള്‍ക്കനുകൂലമായി പുനരാഖ്യാനം ചെയ്യപ്പെടും അറിയാതെ തന്നെ ഓരോചലനങ്ങളില്‍ പോലും ഓരോരുത്തരും കുടിയേറ്റത്തിന്റെ ദേശക്കാരനായി സ്വയം വ്യാഖ്യാനിക്കും!"

എന്റെ പ്രവാസത്തിന്റെ നിര്‍വ്വചനങ്ങളെ സുലൈമാന്‍ ഒരിക്കലും അംഗീകരിക്കാത്തത് കുടിയേറ്റ രൂപിയായ് അദ്ദേഹത്തിന് നാട് വിടേണ്ടി വന്നില്ല എന്നതിനാലാണ്!

വിനോദസഞ്ചാരി എപ്പോഴും തന്റെ നാടിനെ സ്വയം പ്രതിനിധീകരിക്കുമ്പോള്‍, കുടിയേറ്റ പ്രവാസി എപ്പോഴും എത്തപ്പെട്ട ദേശത്തിന്റെ പ്രതിനിധീകരണത്തിനായ് സമരസപ്പെടുന്നതിന്റെ കൃത്രിമത്വം മനസ്സിലാക്കാന്‍ ഒരുപാട് ലോകപരിചയത്തിന്റെ ആവശ്യമൊന്നുമില്ല.

ചെന്നിട്ട് ഒരുപാടു് ജോലികള്‍ ചെയ്തുതീര്‍ക്കാനുണ്ട്! ഗ്ലോബല്‍ വില്ലേജ് അടുത്ത മാസം പ്രവര്‍ത്തനമാരംഭിക്കും.... ലോകോത്തരമായ ഉല്പന്നങ്ങള്‍ക്കായ് അതാതു നാടുകളിലേയ്ക്ക് ഇനിയും പോകേണ്ടതുണ്ട്... അവിടങ്ങളെക്കുറിച്ച് ഇനിയുമെഴുതാനുമുണ്ട്!

വിമാനമിപ്പോള്‍ ദുബായ് എയര്‍പ്പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യാന്‍ തയ്യാറായിരിക്കുന്നു..
പന്ത്രണ്ടോളം കണ്ടൈനര്‍ വ്യവസായികമാലിന്യങ്ങള്‍ കുത്തിനിറച്ച കളിപ്പാട്ടങ്ങളുടെ ചൈനീസ്ഉല്പന്നങ്ങളുടെയും ഇറക്കുമതിക്കരാറില്‍ ഒപ്പുവെച്ച രേഖകള്‍ എന്റെ കയ്യില്‍ ഭദ്രമാണ്‌!
ഹൂ വോയുടേ വിരലുകളും ഭദ്രം!

............................................
പോസ്റ്റൊന്നുമില്ലാതെ ബ്ളോഗ് പൊടിപിടിക്കുന്നു
തർജ്ജനിയിൽ പ്രസിദ്ധീകരിച്ച ഒരു കഥ...

Wednesday, February 9, 2011

ഫുജൈറ എന്ന മലനാട്..



കണ്ണെത്താത്ത ദൂരത്തോളം പരന്ന് കിടക്കുന്ന അതി വിശാലമായ മരുഭൂമികള്‍!!
മരുഭൂമിയിലെ അവ്യക്തമായ വഴികളിലൂടെ തുകല്‍ഭാണ്ഡത്തില്‍ കുടിവെള്ളവും ഉണക്കിയ ഈന്തപ്പഴവും, പനയോല മെനഞ്ഞെടുത്ത തഴപ്പായയും കെട്ടിവച്ച് എരിയുന്ന വിളക്കുമായി മണല്‍ യാത്രചെയ്യുന്ന സാര്‍ത്ഥവാഹകര്‍!
ദേശങ്ങളില്‍ നിന്ന് ദേശങ്ങളിലേയ്ക്ക് ദിക്കറിയാതെ പലായനം ചെയ്യുന്ന ഇത്തരം സംഘങ്ങള്‍ ശാന്തമായ, മീന്‍പൊലിപ്പുള്ളതും ഫലസമൃദ്ധിയാര്‍ന്ന മണല്‍ത്തടങ്ങളില്‍ വാസമുറപ്പിക്കും. കാലിക്കൂട്ടങ്ങളും മീന്‍പിടുത്തവും ഈന്തപ്പനയുമൊക്കെയായി അവിടെ ഒരു ചെറു ഗ്രാമം തിടം വയ്ക്കും...

പേര്‍ഷ്യന്‍ മരുഭൂമിയിലെ ആദിമ ഗോത്രവര്‍ഗ്ഗക്കാരുടെ പലായനത്തിന്റെയും കുടിവെയ്പ്പിന്റെയും കഥകള്‍, പഴയ ഇറാനിയന്‍ മുത്തച്ചന്മാര്‍ കാല്പനികതയുടെയും പൗരാണിക വന്യതയുടെയും നിറം പകര്‍ത്തി പറഞ്ഞു തരാറുണ്ടായിരുന്നു ആദ്യകാല പ്രവാസത്തിന്റെ വിരസയാമങ്ങളില്‍...



എമിറേറ്റ്‌സില്‍ എത്തിയ ആദ്യകാലത്തും എന്റെ മനസ്സിലെ ഗള്‍ഫ് ചിത്രം കണ്ണെത്താ ദൂരം ചിതറിക്കിടക്കുന്ന മരുഭൂമികളും ആകാശം മുട്ടെ ഉയരത്തില്‍ നില്‍കുന്ന വിചിത്രരൂപങ്ങളായ കെട്ടിടങ്ങളുമൊക്കെത്തന്നെയായിരുന്നു...

ഏതൊരു സഞ്ചാരിയെയും പ്രകൃതിസ്‌നേഹിയെയും അനാകര്‍ഷിക്കുന്ന തികച്ചും അരസികമായ ഒരു ഭൂപ്രകൃതിയാണ് അജ്മാനിന്റെയും ഷാര്‍ജയുടെ നഗര ഭാഗങ്ങളുടെയും ദുബായിയുടെതുമെല്ലാം..! യു.എ.ഇ.യിലെ ഏഴ് എമിറേറ്റ്‌സുകളുടെയും സ്ഥിതി ഇതു തന്നെയാകുമെന്ന നിരാശയോടെ എത്രയും പെട്ടെന്ന് ഈ നാടിനോട് വിട പറയാനുള്ള ഉല്‍ക്കടമായ ആവേശം ഉള്ളില്‍ പതഞ്ഞുകൊണ്ടിരുന്നു...

ആയിടെയാണ് സ്വന്തമായൊരു കാര്‍ വാങ്ങിയതും ഒഴിവു സമയങ്ങളില്‍
അതില്‍ എമിറേറ്റ്‌സ് മുഴുവനും ചുറ്റിക്കറങ്ങാനും തുടങ്ങിയത്!!


താരതമ്യേന തിരക്കുകുറവായ റോഡാണ് അജ്മാന്‍ മുതല്‍ ഫുജൈറ വരെയുള്ള റോഡ്! മാത്രവുമല്ല, ആ യാത്ര വളരെ മനോഹരമായ ഒരു അനുഭവം ആയിരിക്കുമെന്നും, മലയടിവാരത്തുകൂടെയുള്ള റോഡുകളും കൊച്ചു വെള്ളച്ചാട്ടങ്ങളും കടലും മലയും പരസ്പരം പുണര്‍ന്ന് കിടക്കുന്ന അതി മനോഹരമായ ദൃശ്യങ്ങളും ആ യാത്രയില്‍ കാണാന്‍ കഴിയുമെന്നും സുഹൃത്തുക്കള്‍ പറഞ്ഞറിഞ്ഞിരുന്നു.



ഗള്‍ഫ് എന്ന മരുപ്രദേശത്തെ ഉള്ളില്‍ ഉറയിച്ചെടുത്ത ഒരു സാധാരണ പ്രവാസിയ്ക്ക് ഗ്രഹിക്കാവുന്നതിലപ്പുറം സുന്ദരവും മനോഹരവുമായിരുന്നു ഫുജൈറ എന്ന മലനാട്! ഒമാന്‍ ഗള്‍ഫ് തീരത്തിനോട് ഏറ്റവും സമാന്തരമായി ചേര്‍ന്നുകിടക്കുന്നതും ഏതാണ്ട് പൂര്‍ണ്ണമായും മലകളാലും ചെറുതാഴ്വാര മടക്കുകളാലും സമുദ്രതീരങ്ങളാലും സമൃദ്ധമാര്‍ന്ന് അതിസുന്ദരമായി കിടക്കുന്ന ഈ എമിറേറ്റ്‌സ്! യു.എ.യി.ലെ ഏറ്റവും സുന്ദരതീരമെന്ന് നിസ്സംശയം പറയാം.. ഏതാണ്ട് 1150 ഓളം ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ സുന്ദരഖണ്ഢം ഒരു പക്ഷേ അറേവ്യന്‍ ഗള്‍ഫിലെത്തന്നെ ഏറ്റവും മനോഹരമായ പ്രദേശമാണെന്ന് പറയുന്നതില്‍ യാതൊരു മടിയുമില്ല!!


കേരളമെന്ന മലനാട്ടിലെത്തിയ ഒരു ആവേശം തൊലിക്കുള്ളിലേക്ക് തണുത്ത കാറ്റിന്റെ രൂപത്തില്‍ ഇരച്ചു കയറി, കുന്നിന്‍ മുകളില്‍ നിന്ന് ഒലിച്ചിറങ്ങുന്ന നീര്‍ച്ചാലുകള്‍ എന്റെ നാട്ടിലെ ഊരകം മലയുടെ കണ്ണീര്‍ച്ചാലുകളെ ഓര്‍മ്മിച്ചു, അതി വിശാലമായ മലമ്പാതയിലൂടെ നൂറു കിലോമീറ്ററിനു മുകളില്‍കാറോടിച്ചു പോകുന്നതിന്റെ ഒരു ത്രില്‍ മറ്റൊരു സാഹസികതയ്ക്കും പകരം വെയ്ക്കാന്‍ കഴിയില്ല!! മടക്കുകളും തിരിവുകളുമുള്ള റോഡിലെ വമ്പന്‍ വളവുകള്‍ തിരിഞ്ഞിറങ്ങുന്നത് നീലക്കടല്‍ മലയിടുക്കുകളെ ഉമ്മവച്ചു കിടക്കുന്ന പ്രണയാതുരമായ മായികക്കാഴ്ച്ചയിലേയ്ക്കാണ്!

കടലില്‍ നിന്ന് ദീപസ്തംഭം പോലെ ഉയര്‍ന്ന് നില്‍ക്കുന്ന കുന്നുകള്‍ മറ്റൊരിടത്തും കാണാന്‍ കഴിഞ്ഞെന്ന് വരില്ല!!

തിരയുടെ രൗദ്രഭാവമില്ലാതെ ശാന്തമായിക്കിടക്കുന്ന കോര്‍ഫക്കാന്‍ തുടങ്ങിയ കടല്‍ത്തീരങ്ങളില്‍ കടലിനുള്ളിലേയ്ക്ക് എത്ര ദൂരം വരെ പോയാലും പേടിക്കാതെ തിരിച്ചുവരാം...അറേബ്യയുടെ വിവിധഭാഗങ്ങളില്‍ ആ സൗഭാഗയ്മ് നുകരാന്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നു....

ഫുജൈറയിലെ മറ്റൊരു പ്രത്യേകത, അവിടുത്തെ കൃഷിത്തോട്ടങ്ങളാണ്,തേനീച്ച വളര്‍ത്തല്‍ മുതല്‍ മാവ്, നാരങ്ങ, വാഴ എന്ന് വേണ്ട കേരളത്തിലും തമിഴ്‌നാട്ടിലും കൃഷിചെയ്യുന്ന ഒരു വിധം ഉല്പ്പന്നങ്ങളെല്ലാം ചെറിയതോതിലെങ്കിലും ഇവിടെയും കൃഷി ചെയ്യുന്നു, പാഴ്മണ്ണില്‍ പോലും സമൃദ്ധമായി വളരുന്ന മുരിങ്ങായ്ക്ക വെറുതേ വണ്ടി നിര്‍ത്തി ആവശ്യാനുസരണം പൊട്ടിച്ചെടുക്കാം, ആര്‍ക്കും ആവശ്യമില്ലാതെ പാഴായി ഉണങ്ങിക്കിടക്കുന്ന മുരിങ്ങാക്ക കണ്ടു മനസ്സൊന്നു പിടഞ്ഞു, ഇവിടെ ദുബായി ഒരു കിലോയ്ക്ക് ചില സമയങ്ങളില്‍ കിലോയ്ക്ക് പത്ത് രൂപ വരെ വിലവരുന്ന അത് പത്തോ ഇരുപതോ കിലോ സമയമുണ്ടെങ്കില്‍ പൊട്ടിച്ചെടുക്കാം..

നല്ലവരായ തോട്ടം മുതലാളികളായ അറബികള്‍ തോട്ടത്തിലെത്തുന്ന എല്ലാര്‍ക്കും ആദിത്യമര്യാദയോടെ എന്തുവേണേലും ഭക്ഷിക്കാന്‍ കൊടുക്കുന്നു..

നിറയെ മധുരമാങ്ങ കൈയ്യുത്തുന്ന ദൂരത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു തോട്ടത്തിലേയ്ക്ക് പ്രവേശിച്ച എന്നെ വളരെ സന്തോഷത്തോടെ അവിടുത്തെ തോട്ടക്കാരന്‍ സ്വീകരിക്കുകയും വയറു നിറയെ കഴിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു....വെറുതേ ഒന്ന് കാണാനും അല്പ്പം ഫോട്ടോ എടുക്കാനും ദുബായില്‍ നിന്ന് വന്നതാണെന്ന് അറിയിച്ച എന്നെ അറബി സ്‌നേഹപൂര്‍വ്വം തന്റെ ഫാം ഹൗസ് മുഴുവന്‍ കണിച്ചു തരികയും അത്യപൂര്‍വ്വമായ ഈന്തപ്പഴവും തേനും തന്ന് സ്ല്ക്കരിക്കുകയും ചെയ്തു, മാന്‍ മുയല്‍, വിവിധയിനം കോഴികള്‍, താറാവുകള്‍ എന്ന് വേണ്ട അവിടുത്തെ തോട്ടങ്ങളില്‍ വിളയാത്ത വിഭവങ്ങള്‍ ഒന്നും ഇല്ലായിരുന്നു...

ചിലയിടങ്ങളില്‍ പീലി വിരിച്ചാടുന്ന മയില്‍ക്കൂട്ടങ്ങലെ കണ്ട് അല്‍ഭുതപരവശനായ എന്നോട് വേണമെങ്കില്‍ ഒന്നിനെ കൊണ്ടുപൊയ്‌ക്കൊള്ളൂ എന്ന് സ്‌നേഹത്തിന്റെ ഭാഷയില്‍ ഒരു ഔപചാരിക വാഗ്ദാനവും നടത്തി ആ നല്ല മനുഷ്യന്‍....

ഫുജൈറയുടെ മായിക സൗന്ദര്യം കുറച്ച് അക്ഷരങ്ങളില്‍ വിവരിക്കുക എന്നത് അസാധ്യമാണെന്നിരിക്കെ ഈ സാഹസത്തിന് മുതിര്‍ന്ന എന്നോട് എല്ലാ ഫുജൈറ വാസികളും ക്ഷമിക്കും എന്ന് വിശ്വസിയ്ക്കുന്നു...


published article@
http://www.gulfmalayaly.com/pravasam/01-02-11/pravasam_memmory.html

Friday, February 4, 2011

തുഞ്ചൻ മീറ്റിനോടനുബന്ധിച്ച് ഒരു ബ്ളോഗ് സുവനീർ!

പ്രിയ ബൂലോകരേ
അങ്ങനെ തുഞ്ചൻ പറമ്പ് ബ്ളോഗ് മീറ്റിന്‌ കൊടിയേറിയ കാര്യം
ഏവരും അറിഞ്ഞു കാണുമല്ലോ, തുഞ്ചന്റെ മണ്ണിൽ നമുക്ക് ഇതൊരു ആഘോഷപരമായ മീറ്റ് ആക്കി മാറ്റണം..
മീറ്റിനെക്കുറിച്ചുള്ള വിശദാംശങ്ങളും ചർച്ചകളും കൊട്ടോട്ടിക്കാരന്റെയും നന്ദുവിന്റെയും തോന്ന്യാസിയുടെയും അർ കെ തിരൂരിന്റെയുമൊക്കെ നേതൃത്വത്തിൽ വിശദമായ ചർച്ചകളും അജണ്ടയുമൊക്കെ മീറ്റ് ബ്ളോഗിൽ നടക്കുന്നുണ്ട്..

മറ്റൊരു പ്രധാന കാര്യം ഇത്തവണത്തെ മീറ്റിനോടനുബന്ധിച്ച് ഒരു ബ്ലോഗ് സ്മരണികയും പുറത്തിറക്കാനുള്ള തീരുമാനം ചർച്ചയിലൂടെ രൂപപ്പെട്ടു വന്നിട്ടുണ്ട്... ശ്രീ എൻ.ബി സുരേഷിന്റെ നേതൃത്വത്തിൽ,
ഇപ്പോൾ പ്രവർത്തനിരതരായി ബ്ലൊഗ് രംഗത്തുള്ള ഏതാണ്ടെല്ലാ ബ്ളോഗർമാരുടെ സൃഷ്ടികൾ ഉൾപ്പെടുത്തിയും ബൂലോകത്തിന്റെ നാൾ വഴികൾ രേഖപ്പെടുത്തിയും പ്രിന്റഡ് മാഗസിനായിട്ടാണ്‌ പുറത്തിറക്കാൻ പോകുന്നത് അതോടൊപ്പം തന്നെ ഇതിന്റെ ഒരു പി.ഡി.എഫ് വേർഷനും ഉദ്ദ്യേശിക്കുന്നു... ഇതേക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുക്കാനും സുവനീറിന്റെ പ്രവർത്തനത്തിൽ പങ്കാളികളാകാനും എല്ലാ ബ്ളോഗർമാരെയും ബ്ളോഗ് മാഗസിൻ ഗ്രൂപ് ബ്ളോഗിലേയ്ക്ക് ക്ഷണിക്കുന്നു...
ഇതിന്റെ വിശദമായ ചർച്ചകൾക്ക് വേണ്ടി രൂപപ്പെടുത്തിയ
ഗൂഗിൾ ഗ്രൂപ്പിലും ജോയിൻ ചെയ്യുകയും വിശദമായ ചർച്ചയിലും എഡിറ്റർ ബോർഡ് രൂപീകരണത്തിലും ഓർഗനൈസിംഗ് കമ്മറ്റി രൂപീകരണത്തിലും പങ്കെടുക്കണമെന്ന് എല്ലാ ബ്ളോഗർമാരോടും അഭ്യർത്ഥിയ്ക്കുന്നു..

Saturday, January 15, 2011

ഘാനയിലെ കൊക്കോപ്പാടങ്ങൾ (കഥ)


"നിന്നിലൂടെ ഞാൻ എന്നിലെത്തുമ്പോൾ ഞാൻ നിന്നെയും നീ എന്നെയും അറിയുന്നു... നമ്മളെന്ന ബോധമുള്ള ഒരു ജനത ഈ ലോകത്ത് പിറവിയെടുക്കുന്നു! പിന്നെ ഞാനും നീയും ചേർന്ന് ഗോതമ്പ് വിളയിക്കുന്നു, കൊയ്യുന്നു, വീഞ്ഞും പലഹാരങ്ങളും നിർമ്മിക്കുന്നു...." സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റിന്റെ പ്രൊഫൈലില്‍ എന്റെ സ്റ്റാറ്റസ് ഇങ്ങനെയാണ്‌ ഞാന്‍ കുറിച്ചിട്ടത്!

"താങ്കളുടെ പ്രൊഫൈല്‍ കണ്ടു! എന്റെ നാട്ടിലെപ്പോലെ കാടും പടലും കടലും നിറഞ്ഞ ഹോംടൗണിന്റെ ചിത്രങ്ങളും കണ്ടു. മനോഹരം! ഞാൻ എലീന ഫ്രെഡറിക്, എനിക്ക് താങ്കളെ പരിചയപ്പെടാന്‍ താല്പ്പര്യമുണ്ട്, ഞാന്‍ ഇരുണ്ട ഭൂഖണ്ഢത്തിലെ ഘാന എന്ന രാജ്യത്തു നിന്നു വരുന്നു. അക്രയില്‍നിന്ന് കൊക്കോ ഉല്പ്പന്നങ്ങളുടെ കയറ്റുമതി വിപണി കണ്ടെത്തുവാനും മാര്‍ക്കറ്റിംഗ് സ്റ്റഡി നടത്തുവാനുമാണ്‌ ഇവിടെയെത്തിയത്! ഫ്രീ ആകുമ്പോള്‍ എന്നെ വിളിക്കൂ... 055 9425010" ഇൻബോക്സിൽ അവളുടെ ആദ്യവിളി ഇങ്ങനെയാണെത്തിയത്!

സെക്സ് ടൂറിസത്തിന്റെ വിളനിലമായ ഇവിടെയെത്തിപ്പെടുന്ന മാംസവ്യാപാര റാക്കറ്റിന്റെ പുതിയ വിപണനതന്ത്രം എന്ന നിലയില്‍ പതിവുപോലെ ആ മെസ്സേജ്ജ് തള്ളിക്കളയാന്‍ തോന്നിയില്ല! റെസ്പോണ്ട് ചെയ്യേണ്ട; വഴിയേ കാണാം... രണ്ടു ദിവസങ്ങള്‍ക്കുശേഷം എന്റെ വാള്‍ സ്പേസില്‍ അവള്‍ ഇങ്ങനെ എഴുതി.

"ഞാന്‍ ഇരുണ്ട ഭൂഖണ്ഡത്തിന്റെ പ്രതിനിധി! വിശപ്പിന്റെ പ്രതീകം, വെറുപ്പിന്റെ പ്രതിഷ്ഠ! ഹ്യൂമണ്‍ അപ്പീല്‍ ഇന്റര്‍‌നാഷണലുമായി സഹകരിച്ച് സന്നദ്ധസേവനവും നടത്തുന്നു. എനിക്ക് താങ്കളുമായി അല്പ്പം സംസാരിക്കാനുണ്ട് മീറ്റ് മീ ഈഫ് യൂ കാന്‍" ഒരു സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തക എന്ന നിലയില്‍ മെനെഞ്ഞെടുത്ത ഒരു ആഫ്രിക്കന്‍ സ്ത്രീപര്‍‌വ്വത്തെ മന‍സ്സില്‍ വരച്ച്, കൊടുക്കാനുദ്ദേശിച്ച ഡൊണേഷൻ തുക പ്രത്യേകം മാറ്റി വെച്ച് 'അറ്റ്ലാന്‍ഡിസി' ലെ അക്വാറിയത്തിന്റെ പ്രവേശനവാതിലില്‍ അലസമായി ഞാന്‍ എലീനയെ കാത്തുനിന്നു...

അക്വാറിയത്തിന്റെ ചില്ലുഗുഹകളിലെ മല്‍സ്യങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ അവളുടെ തിളങ്ങുന്ന കണ്ണുകളില്‍ ഒരു ചീറ്റയുടെ തിള‍ക്കവും മുയലിന്റെ പകപ്പും സമം ചേരുന്നു, ആഫ്രിക്കക്കാരിയെങ്കിലും കറുത്തതല്ല, തടിച്ച ദേഹമെങ്കിലും തുറിച്ചതല്ല, വടിവുകളുടെയും വിടവുകളുടെയും എഴുതപ്പെട്ട വഴികളിലൂടെ ഏത് രാജാവിനും തേരേറ്റാം...

പെണ്ണുടലുകളുടെ വംശീയ വ്യതിയാനങ്ങളുടെ പര്‍‌‌വ്വതാടിവാരങ്ങളെക്കുറിച്ച് ചിന്താകുലനായി ഞാന്‍ എലീനയോടൊപ്പം നടന്നു.. വൈപരീത്യമായ ഞങ്ങളുടെ അനാട്ടമിക് കോമ്പിനേഷനില്‍ തല്പ്പരരായ രണ്ട് ഭീമന്‍ സ്രാവുകള്‍ ഞങ്ങളെത്തന്നെ തുറിച്ചു നോക്കുന്നു.. ആഹരിക്കുന്നവര്‍‌ക്കാവണം ഇരകളുടെ ദേഹവ്യതിയാനങ്ങളെക്കുറിച്ചും ഭിന്നരുചികളെക്കുറിച്ചും വ്യാകുലതകളുണ്ടാകുക!

വന്‍‌കരകളുടെ വ്യതിയാനം ഇണകളില്‍ തിരയുന്നതില്‍ പ്രസക്തിയില്ലെന്ന് പക്ഷേ ഇവിടുത്തെ ഭൂഖണ്ഢാന്തര സമൂഹത്തിന്‌ നന്നായറിയാം. അവരതിന്‌ മിനക്കെടാറുമില്ല. വിലക്കുകളും നിയമങ്ങളുമില്ലാത്ത വൈവിധ്യ ദാമ്പത്യങ്ങള്‍ ആള്‍ക്കൂട്ടത്തിനു നടുവില്‍ പോലും സുരക്ഷിത മാടങ്ങള്‍ കണ്ടെത്തുന്നു. സ്വയം ആള്‍മറ കെട്ടി തെളിനീരണിഞ്ഞു നില്‍ക്കുന്നു... അതിവിടുത്തെ പതിവ്‌ കാഴ്ചയാണ്‌...

"നീ ഈ മീനുകളെ നോക്ക്, കറുപ്പും വെളുപ്പും ചുവപ്പും മഞ്ഞയും എല്ലാം ചുണ്ടുരുമ്മി, ചിറകുരുമ്മി ഒരേ താളത്തില്‍ ഒരേ പാത്രത്തില്‍ ഒരേ വെള്ളത്തില്‍...! ഫൈറ്റര്‍ മീനുകളെ മാറ്റിയിട്ടിരിക്കുന്നതു കണ്ടോ? സ്വന്തം നിഴലിനോടു പോലും പട വെട്ടുന്നവരാണവ! എനിക്കു പലപ്പോഴും കണ്ണാടിക്കൂട്ടിലെ ഒറ്റ ഫൈറ്റര്‍ ആകാനാണു മോഹം, പ്രതിബിംബത്തിനോടുള്ള യുദ്ധം വളരെ ആരോഗ്യകരവും ഉന്മത്തകരവുമാണ്‌"

"പക്ഷേ ഇപ്പോഴെനിക്ക് കലാപങ്ങളോടല്ല താല്പ്പര്യം. സൗഹൃദങ്ങളോടാണ്‌..അതു നല്‍കുന്ന ഊര്‍ജ്ജവും പരപ്പും നിര്‍‌വ്വചിക്കാവുന്നതിനു മപ്പുറത്താണ്‌..., പട്ടിണിയുടെയും മരണത്തിന്റെയും ഇടയില്‍ നിന്ന് ഞാനെന്റെ ലാപ്ടോപ്പ് തുറക്കുമ്പോള്‍ ഞാനും ഈ ലോകത്തിന്റെ ഭാഗമാണെന്ന വിശ്വാസം വരുന്നു.. ഈ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങിലൂടെ കിട്ടുന്ന സാന്ത്വനം, ക്ഷണം സഹായം എല്ലാം എന്റെ നാട്ടിലെ ഈ പാവങ്ങള്‍ക്ക് വീതിച്ചു നല്‍കുമ്പോള്‍ അവരുടെയുള്ളില്‍ ഈ കമ്പ്യൂട്ടറിന്‌ ദൈവിക പരിവേഷം ലഭിക്കുന്നു...ഞാനതിന്റെ പുരോഹിതനുമാകുന്നു..."

ഒരു അപരിചതനോട് സംസാരിക്കുന്നതിന്റെ ചാപല്യമേതുമില്ലാതെ അവൾ തുടർന്നുകൊണ്ടേയിരുന്നു.. ഈ മുൻപരിചയവും അടുപ്പവും ഒരു പക്ഷേ സോഷ്യൽനെറ്റ് വർക് സൈബർകൂടാരങ്ങളിലെ സഹവാസം കാരണം ഉണ്ടായതായേക്കാം, അതുകൊണ്ട്തന്നെയാവണം ചിരപരിചിതനെപ്പോലെ അവളെന്നെ മുട്ടിയുരുമ്മി നടക്കുന്നത്!

"ജൈവീകമായ ഒരിന്ത്യന്‍ സൗഹൃദം ഞാനേറെയിഷ്ടപ്പെടുന്നു.. ആയിരത്തിലധികം പ്രൊഫൈലുകള്‍ അനലൈസ് ചെയ്താണ്‌ ഞാന്‍ നിന്നിലെത്തിയത്!... നീ ഈ സി.ഡി കാണൂ ബാക്കി ദൃശ്യങ്ങള്‍ പിന്നാലെ മെയില്‍ ചെയ്യാം... ഞങ്ങളുടെ നാട്ടിലെ ഗ്രാമീണകാര്‍ഷിക വൃത്തിയിലേര്‍പ്പെടുന്ന ജനതയുടെ ദാരുണമായ ജീവിത സാഹചര്യങ്ങളാണ്‌ ഇതില്‍ പകര്‍ത്തപ്പെട്ടിട്ടുള്ളത്.."

“മണ്ണുതിന്നുന്ന മനുഷ്യരേയും വയറില്ലാത്ത കുഞ്ഞുങ്ങളെയും മുലയില്ലാത്ത അമ്മമാരെയും നിനക്ക് കാണാം... നിന്നെയോ നിന്റെ സുഹൃത്തുക്കളെയോ ഏതെങ്കിലും രീതിയില്‍ ഇത് സ്വാധീനിക്കുന്നുവെങ്കില്‍ ഞാനെന്ന സേവിക മൂല്യവത്താകും... വിരോധമില്ലെങ്കിൽ നമുക്ക് ഇന്റർനാഷണൽ സിറ്റി വരെ ഒന്നു പോകാം അവിടുത്തെ ക്ലോത്ത് ബാങ്കും മറ്റു സജ്ജീകരണങ്ങളും നിനക്കു കാണുകയുമാവാം..."

മൊറോക്കോ ക്ളസ്റ്ററിലെ അവളുടെ ഫ്ളാറ്റിലേയ്ക്ക് കയറിയപ്പോൾ തെല്ലൊരമ്പരപ്പ് തോന്നതിരുന്നില്ല, ഗൾഫ് വാസത്തിലെ നിത്യജീവിതത്തിൽ ഡസ്റ്റ് ബിന്നിൽ തള്ളാറുള്ള ഒരുവിധം എല്ലാം അവിടെ വിവിധങ്ങളായി തരംതിരിച്ച് കാർഗോ ബോക്സുകളിൽ അടുക്കിവച്ചിരിക്കുന്നു, കുറ്റിപ്പെൻസിലുകൾ മുതൽ പഴയ കളിപ്പാട്ടങ്ങൾ കീറിയ ബാഗുകൾ പഴയ തുണി, ബ്ളാങ്കറ്റ്, പർദ്ദ, ഒറ്റച്ചെരുപ്പുകൾ വരെ...!


"ചില കാർഗോ ഏജൻസികളുടെ സഹായത്തോടെ ഞങ്ങൾ ഇവയെല്ലാം എന്റെ നാട്ടിൽ എത്തിക്കുന്നു.. ഇവിടുത്തെ ഈ ലൈസ് പോയ പർദ്ദ, അവിടുത്തെ അമ്മമാരുടെ തണുത്തു മരവിച്ച ശരീരങ്ങൾക്ക് ഒരു ആവരണമായി അല്ലെങ്കിൽ അവയമായിത്തന്നെ പുനർജ്ജനിക്കുന്നു... ഇവിടുത്തെ കമ്പനികളുമായും സ്കൂൾ കോളേജുകളുമായും സഹകരിച്ചും ഞങ്ങൾ ഇവ സ്വീകരിച്ചുകൊണ്ടിരിക്കുന്നു, അവർക്കത് ഒരു പരസ്യമായും ഞങ്ങൾക്കത് ഒരു ജീവിതമായും മൂല്യവൽക്കരിക്കപ്പെടുന്നു! കൂടാതെ എല്ല ബസ്സ്റ്റേഷനുകളിലും ഞങ്ങൾ ക്ളോത്ത് ബാങ്കുകൾ സ്ഥാപിയ്ക്കുന്നു, എന്തും നിങ്ങൾക്കതിൽ നിക്ഷേപിക്കാം...”

തിരിച്ചുപോരുമ്പോൾ മനസ്സും ശരീരവും കനപ്പെട്ടിരിക്കുന്നു... ഒരസ്വസ്ഥതയുടെ വിറയലോടെ കൈകൾ സ്റ്റിയറിംഗിൽ പരതുന്നു.... ലോകം, വ്യത്യസ്ഥജീവിതസാഹചര്യങ്ങൾ, ഞാൻ, അവൾ, പിന്നെയീ നഗരം, അവർ എല്ലാം ഒരു കൊളാഷുപോലെ റോഡിനിരുവശങ്ങളിലും വെറുങ്ങലിച്ചു നിൽക്കുന്നു!

"ഉറുഗ്വേ വേഴ്സ് ഖാന, അസ്സമാവോ ഗ്യാന്‍സ് മിസ്സിങ് പെനാല്‍റ്റി" http://www.youtube.com/watch?v=5rUbIzZLVnQ ഡിസ്ക്രിപഷനോടൊപ്പം ഒരു യൂടൂബ് ലിങ്കും വളരെ ചുരുക്കത്തില്‍ ഒരു കുറിപ്പുമാണ്‌ ഇന്‍ബോക്സ് തുറന്നപ്പോള്‍ ആദ്യം ശ്രദ്ധയില്‍‌പ്പെട്ടത്!

എലീന ഫ്രെഡറികിന് ഇതെന്തു പറ്റി? ഹ്യൂമണ്‍ അപ്പീല്‍ ഇന്റര്‍‌നാഷണലിന്റെ സന്നദ്ധപ്രവര്‍‌ത്തനം മതിയാക്കി കാല്പ്പന്തിന്റെ ഇന്ദ്രജാലപ്പെരുമയിലേക്ക് അവളും ചേര്‍ന്നോ?

കഴിഞ്ഞയാഴ്ച കണ്ടതാണ്‌, ഒരാഴ്ച്ചത്തേക്ക് ഒരു വിവരവുമില്ലായിരുന്നു!

ജോലിത്തിരക്കുകളുടെ സമയക്രമങ്ങളില്‍ നിന്നും, ഒഴിവുസമയത്തെ തിരക്കുകള്‍ക്കിടയില്‍ നിന്നും വ്യതിചലിച്ച്, ദുബായ് പോലൊരു നഗരത്തിന്റെ വന്യമായ സാന്ദ്രതയില്‍ നിന്ന് അവളെയെങ്ങനെ ഓര്‍ത്തെടുക്കാനാണ്‌, രാവെന്നും പകലെന്നും ഇന്നെന്നും നാളെയെന്നുമില്ലാത്ത ദീര്‍ഘദിവസങ്ങളലൂടെ പരിപാലിക്കപ്പെട്ട്, പരിലാളിക്കപ്പെട്ട് സൗഹൃദം നിലനിര്‍ത്തുക എന്നത് വിഷമകരമാണ്‌! ഇന്റര്‍കോണ്ടിനെന്റല്‍ സമൂഹത്തിന്റെ തിരക്കാര്‍ന്ന ആള്‍ക്കൂട്ടത്തിന്‌ നടുവിലെ വിജനതയില്‍ സ്വയം മറന്ന് വാരിപ്പുണര്‍ന്ന് ഉമ്മ വെച്ചുകൊണ്ട്, സ്റ്റാര്‍ബക് കഫേയിലെ തണുത്ത കുഷ്യനില്‍ അമര്‍ന്നിരുന്ന് മാര്‍ദ്ദവമാര്‍ന്ന, നന്നേ നനുത്ത മാറിടങ്ങളില്‍ മുട്ടിയുരുമ്മി വിശേഷങ്ങള്‍ കേട്ടുകൊണ്ട് സമയം കളയുന്നതിനേക്കാളൊക്കെ നല്ലത്, ജി-ടാക്കിലൂടെയോ, മൊബൈല്‍ ഫോണിലൂടെയോ മെസഞ്ജറിലൂടെയൊ ഒക്കെ കടന്നു വരുന്ന ജീവനില്ലാത്ത, മണമില്ലാത്ത, മാര്‍ദ്ദവമില്ലാത്ത വിനിമയങ്ങളിലൂടെ സൗഹൃദങ്ങള്‍ കൃഷി ചെയ്യുന്നതാണ്‌.

അതുകൊണ്ട് തന്നെ അകന്നു പോകുന്ന സൗഹൃദങ്ങളെയോര്‍‌ത്ത് വേവലാതിപ്പെടാറില്ല, വല്ലപ്പോഴും ചില പ്രത്യേക മണങ്ങളിലൂടെ, വേറിട്ട സംഗീതത്തിലൂടെ, അമൂര്‍ത്തമായ കോസ്റ്റ്യൂമുകളിലൂടെയൊക്കെ പഴയ ഓര്‍‌മ്മകള്‍ വന്നു പൊതിയാറുണ്ടെങ്കിലും ഒരു പാസ്‌വേര്‍ഡിനപ്പുറം ഒരായിരം സൗഹൃദങ്ങള്‍ മുട്ടിയുരുമ്മി, തിങ്ങി വിമ്മി വീര്‍പ്പുമുട്ടിയിരിക്കുമ്പോള്‍ ഏകാന്തത എന്നത് പഴയ, കാല്പ്പനികമായ ഒരു പദം മാത്രമായിത്തീരുന്നു.

ഇതേ ചിന്തകളുടെ ആഫ്രിക്കന്‍ വന്യതയും വൈപരീത്യവും അവളിലൂടെയും പ്രസരിക്കുന്നുണ്ടാവണം; അതുകൊണ്ട് തന്നെയാവണം ഇടയ്ക്കെപ്പോഴെങ്കിലുമൊക്കെ ഓഫീസില്‍ വന്ന് വന്യമായ ആധികാരികതയോടെ ഡേറ്റിംഗ് എന്ന അതിവിശാലമായ വനങ്ങളുടെ ഏറുമാടങ്ങളിലേക്ക് എന്നെയും കൊണ്ട് അവള്‍ ഊളിയിടാറുള്ളത്!

യൂടൂബ് ലിങ്കിൽ വെറുതേ മൗസ് അമർത്തി! ഒരു വിജയത്തിന്റ് വാതില്പ്പടിയിൽ നിന്നും വളരെ ചെറിയ ഒരു പിഴവ് ഒരു സമൂഹത്തിനെ തന്നെ എങ്ങിനെ വേലിക്കു പുറത്തേയ്ക്ക് തെറിപ്പിച്ചിടുന്നുവെന്ന് സ്വയം വെളിപ്പെടുത്തുന്നുണ്ട് അസമാവോ ഗ്യാൻ... കളി അങ്ങനെയാണ്‌ വിജയത്തിനും തോല്‌വിക്കും ഇടയിലുള്ള ആ മണിക്കൂറുകളാണ്‌ ഓരോ കളിയുടെയും ആത്മാവ്! അതിനൊടുവിൽ അത് സ്ഥായിയായ നിയോഗത്തിൽ സ്വതന്ത്രമാക്കപ്പെടുന്നു, ചിലത് ഗതികിട്ടാതെ അലഞ്ഞ്, മറ്റു ചിലത് ആർഭാടമായി അടക്കം ചെയ്ത്...

കൂടെയുണ്ടായിരുന്ന ഫാമിലി, ഫ്ളാറ്റ്മാറിപോയപ്പോൾ, ഏതെങ്കിലും മൂവേർസിനെ ഏല്പ്പിച്ച് ക്ളീനാക്കാനും ഉപേക്ഷിക്കാനും ഏല്പ്പിച്ചിരുന്ന സാധനങ്ങളിൽ നിന്നും എലീനയ്ക്കും അവളുടെ നാട്ടുകാർക്കും ഉപയോഗപ്രദമെന്നു തോന്നിയവയെല്ലാം പാക് ചെയ്തു വണ്ടിയിലിട്ടു. ഇന്നേതായാലും ആഫ്രിക്കൻ കാടു കേറാം.. ക്ലോത്ത് ബാങ്കില്‍ അലക്കിപ്പൊതിഞ്ഞ വസ്ത്രങ്ങളും പഴയ ഷൂവും നിക്ഷേപിക്കുമ്പോള്‍ ബാങ്ക് സ്വീകരിക്കുന്ന വസ്തുക്കളുടെ നീണ്ട ലിസ്റ്റും ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. പെയര്‍‌ഡ് ഫൂട്ട്‌വെയർസ്, അണ്ടര്‍‌വെയര്‍, ബാഗ്, ആള്‍ ക്ലോത്ത്സ്, ബ്ലാങ്കറ്റ്സ്.....

തിരിച്ചിറങ്ങുമ്പോൾ ആഫ്രിക്കയിലെ ദരിദ്രരായ കുഞ്ഞുങ്ങളുടെയും അഭയാര്‍‌ത്ഥികളുടെയും ഫോട്ടോയില്‍ കണ്ണുടക്കി... വസ്ത്ര വിതരണം നടത്തുന്ന മനുഷ്യാവകാശ പ്രവര്‍‌ത്തകരുടെയും അതു സ്വീകരിക്കുന്നവരുടെയും കണ്ണുകള്‍ക്കിടയിലൂടെ നേര്‍ത്ത നൂല്‍ പോലെ ഒരു വെള്ളി വെളിച്ചം പുറപ്പെടുന്നു. ക്രമേണ അതൊരു വെള്ളിരേഖയായി മാറി, പതുക്കെ പതുക്കെ മദ്ധ്യത്തില്‍ തിടം വെച്ച് ഒരു എല്‍.സി.ഡി സ്ക്രീന്‍ രൂപപ്പെട്ടു. ശോഷിച്ച നെഞ്ചിനു കീഴെ വീര്‍ത്തു വികൃതമായി ഉന്തിയ വയറില്‍ നിന്ന് ഒരു ഗോളം സ്ക്രീനിലേക്ക് പറന്നു! പതുക്കെ പതുക്കെ വര്‍ണ്ണങ്ങളും മുദ്രകളും പ്രത്യക്ഷപ്പെട്ട് അതൊരു കാല്‍പ്പന്തായി മാറി. ആവേശത്തിന്റെ ചെമ്പുകമ്പികളാല്‍ ചുറ്റപ്പെട്ടു വൈദ്യുതി പ്രവഹിക്കുന്ന പച്ചിരുമ്പ് ശരീരങ്ങളിലേക്ക് അത് സജാതീയമായി വികര്‍‌ഷിച്ചു കൊണ്ടും വിജാതീയമായി ആകര്‍‌ഷിക്കപ്പെട്ടുകൊണ്ടും മൈതാനം മുഴുവനും പാറിപ്പറന്നു. ഓരോ കണ്ണുകളില്‍ നിന്നും നേര്‍ത്ത വ്യദ്യുത്‌ നാരുകള്‍ സ്വജാതീയ ദൃഡതയ്ക്ക് കരുത്തു പകര്‍‌ന്നുകൊണ്ടിരുന്നു... പന്തിന്‌മേലുള്ള ഓരോ പ്രഹരവും ഓരോ ഉരുളകളായി വിശക്കുന്ന വയറുകളിലേക്ക് തുളച്ചു കയറി.. അവർ ആർത്തു വിളിച്ചു! വിളിയുടെ രൗദ്രതയിൽ ഉൾവിളി തിടം വെച്ചു അത് മറുമരുന്നായ്, കരുത്തായ് വിശപ്പിനെ മറച്ചു!

വളരെ സുന്ദരിയായി ഒരുങ്ങിയിരിക്കുന്നു അവൾ! ആ സമയം എന്നെ അവിടെ പ്രതീക്ഷിക്കാത്തതിനാലോ എന്തോ, റൂഷ് തേച്ച് ചുകപ്പിച്ച അവളുടെ മുഖം ഒന്നുകൂടി വിടർന്നു... "ഇരിക്കൂ ഡിയർ, നമുക്കൊന്നു പുറത്ത് പോകാം..! അതിന്‌ ഏത് ഡ്രസ്സ് ഇടണമെന്ന കൺഫ്യൂഷനിലാണ്‌ ഞാനിപ്പോൾ ഏതായാലും നീ വന്നത് നന്നായി..."

മരവിച്ച ശരീരങ്ങൾക്കുമേൽ പഴയ തുണിത്തരങ്ങൾ ചെറുചൂട് നൽകുന്ന ഒരവയമായി പുനർജ്ജനിക്കുന്നുവെന്ന്പറയുന്നവൾ, ഇവിടെ ഡിന്നർപാർട്ടിയ്ക്കിടേണ്ട വസ്ത്രത്തെക്കുറിച്ച് വ്യാകുലമാകുന്ന നാഗരികതയെ, അതർഹിക്കുന്ന ഗൗരവത്തിൽ തന്നെ തള്ളിക്കളഞ്ഞു...

"എവിടെ നിന്റെ പഴയ പാക്കേജുകൾ? എല്ലാം അയച്ചോ? പുതിയ കളക്ഷൻ എങ്ങനെ?"

"ഓ, അത് ഞാനിപ്പോൾ റൂമിലേയ്ക്ക് കൊണ്ടുവരാറില്ല എന്തോ ഈ പുതിയ നഗരം പുതിയ ഗന്ധങ്ങൾ എനിക്കു പകർന്നു നൽകിയതിനാലാകാം ഇപ്പോൾ അതിന്റെ ഗന്ധം എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു... പിന്നെ വല്ല ഗസ്റ്റും വന്നാൽ ഒരു മോശമല്ലെ? കഴിഞ്ഞയാഴ്ച കൊക്കൊ പൗഡറിന്റെ ഡീൽ ഉറപ്പിക്കാൻ ഇവിടെയെത്തിയ ഇറാനി കച്ചവടക്കാരൻ അതെല്ലാം കണ്ട് വല്ലാതെ അസ്വസ്ഥനായി. ഒടുവിൽ എന്റെയീ വിഭവസമൃദ്ധമായ വഴിയരികുകളിലാണ്‌ അയാൾ വിശ്രമിച്ചതും വിശപ്പാറ്റിയതും, കുറ്റം പറയരുതല്ലോ നടപ്പു വിലയിലും അല്പ്പം ഉയർന്ന വിലയിൽ തന്നെ ഒരു കണ്ടെയ്നർ കൊക്കോ ഉല്പ്പന്നങ്ങൾ അയാൾ ബുക് ചെയ്തു അഡ്വാൻസും കിട്ടി. ഈയഴ്ച എനിക്ക് നാട്ടിൽ പോകണം അവിടെ വസ്ത്രവും മരുന്നുമെല്ലാം വിതരണം ചെയ്ത കൃഷിയിടങ്ങളിൽ നിന്നും കൂടുതൽ കൊക്കോ സമാഹരിക്കണം, ഞാനെന്ന സേവികയോട് അവരാരും ഒരു വിലത്തർക്കത്തിന്‌ മുതിരില്ല ഞാൻ പറയുന്നതാണ്‌ വില!"

മനോഹരമായി ചിരിച്ചു കൊണ്ട് അവൾ എന്നെ നോക്കി കണ്ണിറുക്കി. "ഞാൻ കുറച്ച് സാധനങ്ങൾ കൊണ്ടുവന്നിരിക്കുന്നു, കുറച്ച് ബാങ്കിൽ നിക്ഷേപിച്ചു, ബാക്കി നേരിട്ട് തരാമെന്നു കരുതി... വണ്ടിയിൽ ഇരിപ്പുണ്ട്..."

"നീയതും കൊണ്ട് ബാങ്കിൽ നിക്ഷേപിക്കൂ.. അപ്പോഴേക്കും ഞാനൊന്ന് റെഡിയാവാം"

"ഇന്ന് ഞാൻ ഡ്രൈവ് ചെയ്യാം, നിനക്കെന്നെയും...."

നിന്റെ കൂടെയുണ്ടായിരുന്നവർ ഫ്ളാറ്റു മാറിയെന്നല്ലേ പറഞ്ഞത്? ഒറ്റയ്ക്കുള്ളതാമസം ചിലവുകൂട്ടും, നീയതുകൊണ്ട് നാളെ തന്നെ താമസം മാറൂ, മൊറോക്കോ ക്ളസ്റ്ററിലെ എന്റെ ഫ്ളാറ്റിൽ ഇനിമുതൽ നിനക്ക് താമസിക്കാം ഞാൻ എമിറേറ്റ്സ് ഹില്ലിലെ പുതിയ വില്ലയിലേയ്ക്ക് താമസം മാറുന്നു അവിടെ സ്വിമ്മിംഗ് പൂൾ, ജിം, വാലറ്റ് പാർക്കിംഗ് എല്ലാ സൗകര്യവുമുണ്ട്, പിന്നെ അവിടെയാകുമ്പോൾ ബിസിനസ് ഗസ്റ്റുകളെ വേണ്ട വിധത്തിൽ ട്രീറ്റ് ചെയ്യുകയുമാവാം. പഴമ മണക്കുന്ന ഇന്റർനാഷണൽ സിറ്റി മടുത്തു... അതിന്റെ വാടക ഏജൻസി തരും! സോ നിനക്ക് പണം മുടക്കില്ലാതെ അവിടെ താമസിക്കാം അല്പം ചില കാർട്ടണുകൾ പേരിന്‌ സൂക്ഷിച്ചാൽ മതി..."

"സ്ഥിരതാമസമാക്കുന്നില്ല ഒഴിവുസമയങ്ങളിൽ ഞാൻ അവിടെ പൊക്കൊള്ളാം കഴിയാവുന്നത്ര പഴയവ സംഭരിക്കുകയുമാവാം"

"ആസ് യുർ ലൈക്.... ഒന്നും ചെയ്തിട്ട് കാര്യമില്ലെന്നാണ്‌ എനിക്കു തോന്നുന്നത് ഞാനൊരാൾ എന്തെങ്കിലും ചെയ്തെന്ന് വച്ച് ഈ ലോകവും എന്റെ നാട്ടുകാരും നന്നാവാനൊന്നും പോകുന്നില്ല! നല്ല കാലം നല്ല രീതിയിൽ ജീവിക്കാൻ ഞാൻ ശീലിച്ചു കഴിഞ്ഞു...."

അടിവാരങ്ങളിലൂടെ വിരലോടുമ്പോൾ അവൾക്കിപ്പോൾപഴയ പുളപ്പില്ല, നീയാണ്‌ ആദ്യമെന്ന രോമാഞ്ചത്തോടെ വിറയാർന്ന വിരലുകാളല്ല, അവളിപ്പോൾ നിയന്ത്രണമേറ്റെടുത്തിരിക്കുന്നത്! പോകേണ്ട വഴികളെക്കുറിച്ചെല്ലാം അവൾക്കിപ്പോൾ എന്നെക്കാൾ കൃത്യമായ കണക്കുകൂട്ടലുകളുണ്ട്! അതിവേഗ പാതകളുടെയും മണലിടവഴികളുടെയും തുരങ്കങ്ങളുടെയും പാതകൾ പിന്നിട്ട് അവളെന്നെ വളരെ പെട്ടെന്നു വഴുക്കലുകളുള്ള കുളക്കടവിലെത്തിച്ചു!

കാടുകേറി തിരിച്ചിറങ്ങുന്നവരെ അടുത്തയാഴ്ച നടത്താൻതീരുമാനിക്കപ്പെട്ട വീടുമാറ്റത്തെക്കുറിച്ച് അവൾ സൂചിപ്പിച്ചിരിന്നില്ല...!


എമിറേറ്റ്സ് ഹില്ലിലെ പുതിയ വില്ലയിൽ ആഘോഷം പൊടിപൊടിക്കുന്നു, എമിറേറ്റ്സിലെ പ്രസിദ്ധമായ ഈവൻ മാനേജ്മെന്റ് കമ്പനിയാണ്‌ പ്രോഗ്രാം ഹോസ്റ്റ് ചെയ്യുന്നത്... അതിഥികൾക്കെല്ലാം വിശിഷ്ടമായ പ്രത്യേകതരം കൊക്കോ നിർമ്മിതപാനീയങ്ങളാണ്‌ വിതരണം ചെയ്യുന്നത്! എനിക്കായ് നീക്കിവച്ച സെറ്റിയിലിരുന്ന് ഒരു കൊക്കോവൈൻ നുകർന്നു കൊണ്ട് ഞാൻ ഐഫോണിലെ ഇൻബോക്സിൽ വിരലോടിച്ചു.... "ഉറുഗ്വേ വേഴ്സ് ഖാന, അസ്സമാവോ ഗ്യാന്‍സ് മിസ്സിങ് പെനാല്‍റ്റി" അസമാവോയുടെ മിസ്സിംഗ് പെനാൽറ്റി യൂടൂബിലൂടെ ഒന്നുകൂടി കണ്ടു! കൊക്കോപാടത്തെ മണ്ണടരുകളിലേയ്ക്ക് വേരു ദ്രവിച്ച ഒരു മരം കടപുഴകി... വീഞ്ഞിനും എലീനയ്ക്കും ഒരേ മണമായിരുന്നു, കൊക്കോപഴത്തിന്റെ ചുവന്ന ഗന്ധം... ഇപ്പോൾ വീഞ്ഞിന്റെ മണം ഇല്ലാതാകുന്നു...പകരം ആൾക്കൂട്ടത്തിന്റെ മണം വീഞ്ഞിൽ കലരുന്നു...

ആൾക്കൂട്ടത്തിൽ നിന്ന് ഒറ്റച്ചെരിപ്പുകൾ ഊരിവീഴുന്നു, അഴിച്ചെറിഞ്ഞ മേൽവസ്ത്രങ്ങൾ ഉരുക്കഴിച്ച ടൈകൾ രാലഹരിയിൽ ഊരിയെറിഞ്ഞ കോട്ടുകൾ, അധികപ്പറ്റായ, കീറിയെറിഞ്ഞ അടിവസ്ത്രങ്ങൾ എന്നിവയെല്ലാം ഞാനിരിക്കുന്നതിനു ചുറ്റും കുമിഞ്ഞുകൂടുന്നു, അകത്ത് ആഫ്രിക്കൻ സംഗീതം കൊഴുക്കുന്നു, ഹുക്കയിലൂടെയുതിരുന്ന ഉന്മാദത്തിന്റ പുകപടലങ്ങളിലൂടെ എല്ലാവരും അർദ്ധദൃശ്യരാകുന്നു.... തിരിച്ചറിയപ്പെടാത്ത ആൾരൂപങ്ങൾ ഏകരൂപം പ്രാപിക്കുന്നു, പാർട്ടി അതിന്റെ സ്ഥായിയായ മൂർദ്ധന്യാവസ്ഥയിലേയ്ക്ക് പ്രവേശിക്കുന്നു...

വൈനിനിടയിൽ നിന്ന് ചുവന്ന നാക്കു നീട്ടി ഒരാൾക്കൂട്ടം എന്തൊക്കെയോ പുലമ്പുന്നു.. വീഞ്ഞിന്റെ ലഹരി ആറിത്തണുത്തു. കൈയിൽ കിട്ടിയതെല്ലാം ഒതുക്കിയെടുത്ത് ഞാൻ വണ്ടിയിൽ നിക്ഷേപിച്ചു! ഇന്നുരാത്രികൊണ്ടുതന്നെ ഞാനെല്ലം ക്ളോത്ത് ബാങ്കുകളും നിറയ്ക്കും... ഇപ്പോൾ തന്നെ തിരിക്കാം എലീനയോട് യാത്രപറയാതെ പോകുന്നതെങ്ങനെ ഒന്നു കണ്ടു വിവരം പറയാം... വീഞ്ഞിലൂടെയും നൃത്തത്തിലൂടെയും പകുത്തവരുടെയിടയിലൂടെ എലീനയെ എങ്ങനെ കണ്ടെത്താം.....?

ഘാനയുടെയും ഉറുഗ്വായുടെയും ക്വാർട്ടർ ഫൈനൽ മൽസരം ഹാളിലെ എൽ.ഇ.ഡി. ടിവിയിലൂടെ റീപ്ളേയ് ചെയ്തുകൊണ്ടിരിക്കുന്നു... അതിനുമുന്നിലുള്ള വിശാലമായ സെറ്റിയിൽ എലീന ഒരു ഫുട്ബോൾ മൈതാനം പോലെ വൃത്താകാരം പൂണ്ടിരിക്കുന്നു... ചുറ്റും ആർത്തലയ്ക്കുന്ന കളിക്കമ്പക്കാർ... വലയ്ക്കകത്തേയ്ക്കും വേലിയ്ക്കു പുറത്തേയ്ക്കും തെറിക്കുന്ന ഷൂട്ടുകൾ, ഓരോ ജനതയും ഇഷ്ടവിനോദങ്ങളിലൂടെ വിശപ്പും ദാഹവും മറന്ന് ഒന്നാകുന്നതെങ്ങനെയുള്ള ഒറ്റനോട്ടത്തിനു പിറകിലൂടെ ഞാൻ ക്ളോത്ത് ബാങ്ക് ലക്ഷ്യമാക്കി നടന്നു.

pic courtesy : google & real owners of the pictures

Thursday, November 25, 2010

നിയാലിന്‍ ഡിഗോഷിന്റെ ജലപാരമ്പര്യം


Download PDF from 4share

(മാധ്യമം ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്)

നിയാലിന്‍ ഡിഗോഷിന്റെ കാര്‍ ഇരുനൂറു കിലോമീറ്റര്‍ വേഗപരിധിയും കടന്നിരിക്കുന്നു..
രണ്ട് ചക്രം മാത്രം നിലത്തു തട്ടിയും പൂര്‍ണ്ണമായും നിലം തൊടാതെയും കാര്‍ വോള്‍ഗാനദിയുടെ
തീരപാതയിലൂടെ തെന്നി നീങ്ങിക്കൊണ്ടിരിക്കുന്നു...വെളുത്തമേഘങ്ങളുടെ ആലിപ്പഴക്കണ്ണുനീര്‍
കാറിന്റെ റൂഫിലും ഗ്ലാസിലുമിടിച്ച് പടപടാരവം മുഴക്കുന്നു...ദൂരെ നിന്നു വരുന്ന വാഹനങ്ങള്‍ കാണാതെ
റോഡ് ക്രോസ് ചെയ്യുന്ന തണുത്തു വിറങ്ങലിച്ച മനുഷ്യര്‍,
മഞ്ഞുമൂടിയ പെഡസ്ട്രിയന്‍ സിഗ്നലുകളുടെ
വര്‍ണ്ണവ്യതിയാനമറിയാതെ മരണത്തിലേക്ക് മുറിച്ചുകടക്കുന്ന കാല്‍നടക്കാര്‍....
യാതൊരു ഭാവമാറ്റവുമില്ലാതെയാണ്‌ നിയാലിന്‍ ആളുകളെ ഇടിച്ചുതെറിപ്പിച്ചുകൊണ്ടിരിക്കുന്നത്!
ചോരയില്‍ കിടന്നുപിടയ്ക്കുന്ന പതിനൊന്ന് പേരെ യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ കടന്നുപോയത് ഞാന്‍
എണ്ണിക്കഴിഞ്ഞു..ഞാന്‍ അശക്തനാണ്‌, നിയന്ത്രണം അവളുടെ കയ്യിലാണ്‌!
മുഖത്തേയ്ക്ക് ചീറ്റിയൊഴുകുന്ന രക്തമേഘങ്ങള്‍ക്ക് മുകളിലൂടെ. മുഖമൊന്നമര്‍‌ത്തിത്തുടച്ച് അവള്‍ ആക്സിലേറ്ററില്‍ ആഞ്ഞമര്‍ത്തി.
നിയാലിന്‍, നിനക്ക് ഭ്രാന്താണ്‌,
ഇതിനോടകം പതിനൊന്ന് പേരെ ചതച്ചരച്ചത് ഞാനെണ്ണിയിട്ടുണ്ട്!,
നമുക്കീ റൂട്ട് മാറ്റം...
സീസൈഡിലെ എക്സ്പ്രസ് ഹൈവേ ഓപ്റ്റ് ചെയ്യാം,
അതാവുമ്പോള്‍ പെഡസ്ട്റിയന്‍ ക്രോസ്സിലെ ആളുകളുടെ എണ്ണം കുറവായിരിക്കും,
നിന്റെയീ മനുഷ്യക്കുരുതി അധികം കാണേണ്ടി വരില്ലല്ലോ?

നോ.... ഒരലര്‍ച്ചയായിരുന്നു അത്...
നിനക്കറിയില്ല, മനിലയുടെ വീടിനുമുന്നിലുള്ള എന്റെ കൈപിടിച്ചു നടത്തുകയായിരുന്ന ഡാഡിയെ
നാടുകാണാനെത്തിയ ഈ ദുഷ്ടന്മാര്‍ റോഡിലിട്ടരച്ചത്..
ഡാഡിയുടെ രക്തം ചുകന്ന പുകച്ചുരുളുകളായി എന്റെ കണ്ണുകളിലേക്ക് ചിതറിയത്...
നോക്ക്!
ഈ മുഖത്തുകാണുന്ന രൗദ്രതയുടെ ചുവപ്പ് രാശിയിലേക്ക്!
അതിങ്ങനെ എരിഞ്ഞുകൊണ്ടേയിരിക്കും
അവരോടിങ്ങനെയെങ്കിലും പകരം വീട്ടിയില്ലെങ്കില്‍ പിന്നെയീ നിയാലിന്റെ എരിയുന്ന
ജീവിതത്തിനെന്തു ശമനം?

ജോയ്സ്റ്റിക്കില്‍നിന്ന് കൈയ്യെടുത്ത് എല്‍.ഇ.ഡി മോണിറ്ററില്‍ നിന്ന് പറിച്ചെടുത്ത കണ്ണുകള്‍ എന്നെ
നോക്കിയൊന്നിറുക്കിയടച്ചു...
ഫിലിപ്പിനോകളങ്ങനെയാണ്‌,
ഗാഡ്ജെറ്റുകളും ഗൈമുകളും ഓണ്‍ലൈന്‍ സവാരിയും അവരുടെ ജീവിതത്തിന്റെ അവിഭാജ്യ ഭാഗമായിമാറിക്കഴിഞ്ഞിരിക്കുന്നു...
ഫിലിപ്പിനോകളുടെ മാത്രം കാര്യമല്ല, കമ്പ്യൂട്ടര്‍ സാക്ഷരരായ നമ്മുടെ ടീനേജ് സമൂഹമാകമാനം
ഗാഡ്ജറ്റ് ഓറിയന്റഡ് വിര്‍ച്ച്വല്‍ ഗ്ലോബല്‍ വില്ലേജിന്റെ ടാലന്റഡ് റെപ്രസന്റേറ്റീവുകളാണ്‌!
നിയാലിന്‍ ആ വലിയ സാമ്രാജ്യത്തിലെ ഒരു പ്രജ മാത്രം, ഞാനും..

സ്ക്രീനിലെ നിറവ്യത്യാസങ്ങള്‍ക്കനുസൃതമായി അവളുടെ കുഞ്ഞു ചുണ്ടുകളുടെയും
കുറുകിയ കണ്ണുകളുടെയും ഭാവവ്യതിയാനങ്ങളോടൊപ്പം സഞ്ചരിക്കാന്‍ ഈയിടെയായി ഞാനും അവള്‍ക്ക്
കൂട്ടിരിപ്പ് തുടങ്ങിയിരിക്കുന്നു, ഒരു വിര്‍ച്ച്വല്‍ സഹയാത്രികനായി...

ഒരു മണിമുതല്‍ നാലുമണിവരെയാണ്‌ ഓഫീസ് ലഞ്ച് ബ്രേക് എങ്കിലും
ഷിപ്പിംഗ് സംബന്ധമായ അറബിക് ഡോക്യുമന്റുകള്‍ തയ്യാറാക്കാനുള്ളതിനാലും ട്രാന്‍സിറ്റ് വിസയില്‍ വരുന്ന
വിദേശ കസ്റ്റമേഴ്സിനെ ലഞ്ച് ബ്രേക് അസ്വസ്ഥമാക്കുന്നതിനാലും എനിക്കും ഓഫീസ് അസിസ്റ്റന്റ്
ഫിലിപ്പിനോ സുന്ദരി നിയാലിന്‍ ഡിഗോഷിനും ലഞ്ച് ലോഗൗട്ട് അത്രമേല്‍ പരിചിതമല്ല!

അസെര്‍ബൈജാനിലേക്കയച്ച രണ്ട് ബി.എം.ഡബ്ലിയുവും നാല്‌ ലക്സസ് കാറുകളുമടങ്ങിയ ട്രാന്‍സ്പോര്‍ട്ട് ട്രെയില്രര്‍ ബാക്കു തുറമുഖത്ത് നിന്നും റോഡ്മാര്‍ഗ്ഗമുള്ള യാത്രാമദ്ധ്യേ ഖോറാഫാറിന്‍ ബ്രിഡ്ജ് തകര്‍ന്ന് നോവാ നദിയില്‍ വീണിരിക്കുന്നു..
തണുപ്പു കുറുകിക്കുറുകി മഞ്ഞുനദിയുടെ നിശ്ചലാവസ്ഥാന്തരത്തിലേക്ക് താല്‍ക്കാലിക സമാധിയാകാന്‍
തയ്യാറെടുത്തുകൊണ്ടിരിക്കുന്ന ചില്ലുചീളുകള്‍ക്കിടയിലേക്കാണ്‌ കോടികള്‍ വിലവരുന്ന വാഹനവ്യൂഹം
ആഴ്ന്നിറങ്ങിയിരിക്കുന്നത്!

അസെര്‍ബൈജാനിലെ ബാക്കു പോര്‍‌ട്ട് ഏജന്റ് പേയ്മാന്റെ ഫോണ്‍കോളാണ്‌ നിയാലിന്റെ വിര്‍ച്ച്വല്‍ ടൂറില്‍
നിന്ന് പറിച്ചെടുത്ത് എന്നെ തൊണ്ട വരളുന്ന യാഥാര്‍ത്ഥ്യത്തിലേക്ക് അമര്‍ത്തിയിരുത്തിയത്!
ഇന്‍ഷുറന്‍സ് കവറേജിന്റെയും മറ്റു നൂലാമാലകളുടെയും പിറകേ മാസങ്ങളോളം ചിലവിടേണ്ടി വരും..
അസെര്‍ബൈജാന്‍ സൂര്യസുന്ദരി നജൂഷാ ഇവാനോവിച്ചുമായി ട്രാന്‍സ്പോര്‍‌ട്ടേഷന്‍ ഡീല്‍ ഉറപ്പിച്ചത് ഓഫീസ് ഇന്‍ ചാര്‍ജ്ജ് ആയ ഞാനാണ്‌, ഇരുപത്തൊന്നു ദിവസത്തിനകം ഡെസ്റ്റിനേഷന്‍ ഡെലിവെറി കൊടുത്തുകൊള്ളാമെന്നു ഉറപ്പുകൊടുത്തതും ഞാന്‍ തന്നെയാണ്‌!
നജൂഷയുടെ ചുണ്ടുകളുടെ ചോക്ലേറ്റ് ഫ്ലേവറിന്റെയും
ചെമ്പകമണവും മഞ്ഞുപൊടികളുടെ മാര്‍ദ്ദവവുമുള്ള താമരമൊട്ടുകളുടെയും
പ്രകമ്പന ദ്വന്ദ്വത്തിലലിഞ്ഞ് മറുത്തൊരക്ഷരം പറയാന്‍ കഴിഞ്ഞില്ല.
അങ്ങനെ പറയേണ്ട കാര്യവിമില്ല, "ഡെസ്റ്റിനേറ്റിംഗ് യുവര്‍ ഡ്രീംസ് ഡിമാന്‍ഡിംഗ് ടൈം"
എന്ന സ്ലോഗണുമായി മിഡിലീസ്റ്റിലെ ലോജിസ്റ്റിക് രംഗത്തെ മുന്‍‌നിരയിലുള്ളത് ഞങ്ങള്‍ തന്നെയാണ്‌.

മാനേജര്‍ അലക്സാണ്ടര്‍ ഷാഷയോട് ഇവിടുത്തെ കാര്യങ്ങള്‍ ഈ ഇന്ത്യന്‍ കൈകളില്‍ ഭദ്രം,
എന്‍‌ജോയ് യുവര്‍ വെക്കേഷന്‍ എന്ന് വീമ്പു പറഞ്ഞത് ഏത് ദുര്‍‌ബല നിമിഷത്തിലാണ്‍്‌..?
നജൂഷയുടെ ലാന്‍ഡിംഗും കിട്ടാന്‍ പോകുന്ന കമ്മീഷന്റെ കനവും ഉരുകുന്ന മഞ്ഞിന്റെ മുകളില്‍ തേനൊഴിച്ചു സിപ് ചെയ്യുന്നതിന്റെ സുഖവും ഓര്‍ക്കാതല്ല...

സോണല്‍ മാനേജര്‍ എന്ന പേരില്‍ ലോകസഞ്ചാരം നടത്തുന്ന നിക്കോളാസ് ഇവിടുത്തെ കാര്യങ്ങള്‍ വല്ലതും അറിയുന്നുണ്ടോ ആവോ?
പന്ത്രണ്ടാം ക്ലാസ്സ് കഴിഞ്ഞ, മൂന്നാം ഭാര്യയിലെ ആദ്യ ഭര്‍ത്താവിന്റെ മകളോടൊത്ത് ലോകം ചുറ്റുന്നതില്‍
ഈയിടെ അദ്ധേഹം അതീവ ശ്രദ്ധാലുവാണ്‌...
വോഡ്കയുടെ കഴുത്തറുക്കാന്‍ കൂട്ടിരിക്കേണ്ടി വരാറുള്ള അപൂറ്വ്വ വേളകളില്‍ പപ്പയുടെ പണത്തെക്കുറിച്ചും അത് വലിച്ചെടുക്കുമ്പോഴുണ്ടാകുന്ന പോറലുകളെക്കുറിച്ചും വോഡ്കയോടൊപ്പം എന്നെയും സിപ് ചെയ്ത് അവള്‍ കുമ്പസാരിക്കാറുണ്ട്....അതു വിടാം
ആറോളം കസ്റ്റമേഴ്സിന്റെ ഡയറക്റ്റ് എന്‍‌ക്വയറിയോടും നജൂഷയുടെ മഞ്ഞുപെയ്യുന്ന കണ്ണുകളോടും
എത്ര ദിവസത്തെ അവധിയാണ്‌ പറയേണ്ടത്?
മാനേജര്‍ ഷാഷായോ മറ്റു ഡയറക്ടറ്മാരോ മൊബൈല്‍ കവറേജില്‍ പോലുമില്ല!
ഐപോഡ് മെയിലുകളില്‍ നിന്നു വരുന്ന വിനിമയങ്ങളാണ്‌ ഏക കമ്മ്യൂണിക്കേറ്റിംഗ് ലിങ്ക്!
റഷ്യക്കാരുടെയും മൊത്തം യൂറോപ്യന്മാരുടെയും ഒരു പ്രത്യേകതയാണത്,
ജോലി സമയങ്ങളില്‍ അടങ്ങാത്ത അഭിനിവേശവും ആത്മാര്‍‌ത്ഥതയുമായി കൊണ്ടാടപ്പെടുന്നു.



ഒഴിവുകാലത്ത് സ്വന്തം കമ്പനിയില്‍ ബോംബ്‌ ബ്ലാസ്റ്റിംഗ് ഉണ്ടായി എന്നു പറഞ്ഞാല്പ്പോലും,
സണ്‍ബാത്തിന്റെ അതിവിശാലതയില്‍ നിന്നോ, കാസിനോകളുടെ മാസ്മരികതകളില്‍ നിന്നോ
ഒരളവുപോലും വ്യതിചലിക്കില്ല! ഡോണ്ട് വറി മാന്‍, ലെറ്റ് സീ വാട്ട് ഹാപ്പനിംഗ്, ഗിവ് മീ എ കാള്‍
ലേറ്റര്‍ എന്ന അലസമായ ഉത്തരം ഏതോ ഇന്ദ്രിയങ്ങളിലൂടെ പുറംതള്ളപ്പെടും..

അക്കൗണ്ട് സെക്ഷനിലുള്ളവരോ മാറ്ക്കറ്റിംഗ് സെക്ഷനിലുള്ളവരോ, എച്ച് ആറോ ആരും ഇക്കാര്യത്തില്‍ സഹായത്തിനെത്തില്ല, അത് അതിന്റെ വഴിക്ക് നീങ്ങും എന്ന മട്ടില്‍, ഡിപ്പാര്‍ട്ട്മെന്റ് വിട്ടു ഒരു ഉപകാരവും പ്രതീക്ഷിക്കേണ്ടതില്ല.
ഉച്ചയ്ക്ക് കെ. എഫ്. സി, ഡിന്നറിന്‌ ഹം‌ബര്‍ഗര്‍, ഇടയ്ക്കോരോ സോഫ്റ്റ് ഡ്രിംങ്ക്സ്...
ഈ നിര്‍ബന്ധമൊഴിച്ച് മറ്റൊന്നിലും അനാവശ്യ ഇടപെടലുകള്‍ നടത്താറില്ലല്ലോ അവര്‍.
എന്തെങ്കിലും ചെയ്തേ പറ്റൂ, കൂട്ടിന്‌ നിയാലിന്‍ ഉണ്ടായേക്കും...
നിയാലിനിപ്പോള്‍ ഖോറാഫാറിന്‍ പാലത്തിന്റെ പൊളിഞ്ഞടര്‍ന്ന മുകള്‍ത്തട്ടില്‍ നിന്ന് താഴെ മഞ്ഞുറഞ്ഞ
നദീ തടത്തിലേക്ക് കൂപ്പു കുത്തുകയാണ്‌!
കൂടെ ഇമ വെട്ടാന്‍ പോലും കഴിയാതെ ജലപ്പരപ്പിലേയ്ക്ക് ഞാനും ഡൈവ് ചെയ്യുന്നു.
അറാസ് നദിയുട മഞ്ഞിടത്തില്‍ നിന്ന് ഞൊടി നേരം കൊണ്ട് അക്കരയ്ക്ക് തെന്നി നീങ്ങി.
വെറുങ്ങലിച്ച് കിടക്കുന്ന നദി, ജലയാനങ്ങള്‍ക്കോ ക്രെയിന്‍ ട്രെയിലറുകള്‍ക്കോ എത്തിനോക്കാന്‍ പോലും കഴിയാത്ത നദീഗര്‍ഭത്തില്‍ കോടികള്‍ ഉറഞ്ഞുകിടക്കുന്നു.
മറുകരയില്‍ ഞാനും നിയാലിനും...
തണുപ്പേറ്റാല്‍ എന്റെ മൂക്കില്‍ നിന്നും ചോരയുതിരുമെന്ന് പറഞ്ഞ് അവളെന്നെ
ചുറ്റിപ്പിടിച്ചിരിക്കുന്നു..
കുഞ്ഞുകണ്ണിലെ കരിമീന്‍ കുഞ്ഞുങ്ങള്‍ നിശ്ചലമായിരിക്കുന്നു!
മുഖത്തെ ചുവപ്പുരാശിക്ക് കനം വെച്ചിരിക്കുന്നു...
അറാസ് നദി ഇപ്പോഴും ഒഴുകാനാകാതെ പിടഞ്ഞുകൊണ്ടിരിക്കുന്നു...

നദികളെ ഓരോ രാജ്യത്തും ഓരോ അനുഷ്ഠാനങ്ങളിലാണ്‌ പരിപാലിക്കുന്നത്!
എന്റെ നാട്ടില്‍ അതിന്റെ തുണിയരിച്ച്, പച്ചമാംസം മുറിച്ചു ലേലം ചെയ്യുന്നു,
മാറിടങ്ങളനാവൃതമാക്കി കഴുകന്‍ കണ്ണുകള്‍ക്കിട്ടുകൊടുക്കുന്നു..
ഇവിടെയോ,
നിത്യയാത്രയില്‍ തേഞ്ഞുപോകുന്ന യാത്രാപഥങ്ങള്‍ മിനുക്കിക്കൊടുക്കുന്നു,
ബാഹ്യരൗദ്രങ്ങള്‍ക്ക് തടയിണയിട്ട് നിത്യവും നദീപഥം മോടിപിടിപ്പിക്കുന്നു...
തണുത്തു വിറങ്ങലിച്ച് കിടക്കുമ്പോള്‍ അലോസരമുണ്ടാക്കാതെ പുതപ്പിച്ചുറക്കുന്നു..
നിന്റെ നാട്ടിലോ നിയാലിന്‍?
ഞങ്ങളോ? ഞങ്ങള്‍ പുറം രാജ്യങ്ങളില്‍ നിന്ന് പ്രവാസച്ചുമലുകളില്‍
മണല്‍ച്ചുമടു താങ്ങി നഷ്ടവഴികള്‍ നികത്തിക്കൊടുക്കുന്നു, സ്ഥായീപഥത്തിന്റെ നീര്‍ത്തടങ്ങളില്‍ പഴത്തോട്ടങ്ങള്‍
വച്ചുപിടിപ്പിക്കുന്നു... ദ്വീപുകളുടെ നാട്ടില്‍ നിന്നാണ്‌ ഞാന്‍ വരുന്നത്, ഞങ്ങളുടേത് ജലപാരമ്പര്യമാണ്‌...
ഉപജീവനത്തിന്‌ ഞങ്ങള്‍ക്ക് ജലപാതകള്‍ ആവശ്യമില്ല, എങ്കിലും ആത്മാവിന്റെ ഭക്ഷണമായി ഞങ്ങള്‍ നദികളെയും ജലപാതകളെയും കൃഷി ചെയ്യുന്നു.
നദിയൊഴുക്കുകളെക്കുറിച്ചും ജലമാര്‍‌‌ഗ്ഗങ്ങളെക്കുറിച്ചും
നമ്മള്‍ ആലോചിച്ച് സമയം കളഞ്ഞിട്ട് കാര്യമില്ല അത് അതിന്‌ തോന്നിയ വഴി സഞ്ചരിച്ചെന്നിരിക്കും

നമുക്കിനി ബാക്കു തുറമുഖം വരെയൊന്നു പോയാലോ?

നജൂഷാ ഇവാനോവിച്ചിന്റെ ഫോണ്‍കോളാണ്‌ ഗൂഗിള്‍ എര്‍ത്തിലെ ഞങ്ങളുടെ
മഞ്ഞിറക്കങ്ങളില്‍ നിന്ന് ഓഫീസിന്റെ സണ്‍‌മൈക്ക് പ്രതലത്തിലേക്ക് കുടഞ്ഞിട്ടത്.
കുറുകിയ കണ്ണുകളൊന്നു പിടഞ്ഞു,
മുറുകെപ്പുണര്‍ന്ന പിടിവിട്ട് തെല്ലൊരു ജാള്യത്തോടെ
അവള്‍ ഫോണിലേക്ക് വലിഞ്ഞു.

നജൂഷാ മദാം വറീഡ് ആകേണ്ട!
അസെര്‍ബൈജാന്‍ പ്രസിഡണ്ടിന്റെ മകളും ഞങ്ങളുടെ എം.ഡി.യും അടുത്ത സുഹൃത്തക്കളാണ്‌.
അവര്‍ സംസാരിച്ചു കഴിഞ്ഞു, കാര്യങ്ങള്‍ ത്വരിത ഗതിയില്‍ നീങ്ങുന്നു.
വണ്ടികള്‍ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യാനോ പണം മടക്കിക്കൊടുക്കാനോ ഉള്ള ഏര്‍‌പ്പാടുകള്‍
ഉടന്‍ ചെയ്യും മേം...

ഗൂഗിള്‍ എര്‍ത്തിലെ ലോകസഞ്ചാരത്തിലേക്ക് അവള്‍ വീണ്ടും വഴുതി.
ദിവസവും രണ്ട് നേരമെങ്കിലും നിയാലിന്‍ മനിലയിലെ തന്റെ അമ്മ കൃഷി ചെയ്യുന്ന പഴത്തോട്ടത്തില്‍ പോയി വരും!
അനുജന്‍ പഠിക്കുന്ന ബോറ്ഡിംഗ് സ്കൂളില്‍ പോയി കണ്ണീര്‍ വാര്‍ത്ത് തിരിച്ചു വരും...
വിക്കി മാപിയയിലെയും ഗൂഗിള്‍ എര്‍ത്തിലെയും ഉപഗ്രഹ ത്രിമാന ചിത്രങ്ങളിലൂടെ സ്വന്തം നാട്ടില്‍ പോയി തിരിച്ചു വരുന്നവരുടെ എണ്ണം പ്രവാസികള്‍ക്കിടയില്‍ കുറവല്ല!
സ്വര്‍ണ്ണച്ചേല അഴിഞ്ഞുലഞ്ഞ്, പുന്നെല്ലിന്റെ മദഗന്ധവുമായി മയങ്ങി കിടക്കുന്ന എന്റെ വയലിന്റെ മാറിടങ്ങളില്‍ പോയി തലചായ്ച്ച് മയങ്ങുന്നതില്‍ ഞാനും ഈയിടെ സുഖം കണ്ടെത്തുന്നു..

നിയാലിനെപ്പോലെ ഞാനും ഈ നിത്യേന ഈ വന്യയാത്രയ്ക്ക് സമയം കളഞ്ഞുതുടങ്ങിയിരിക്കുന്നു.
സൈബര്‍‌ കൃഷിയിലും ഓണ്‍ലൈന്‍ കുക്കിംഗിലും വിര്‍ച്ച്വല്‍ ഫീഡിംഗിലും അവള്‍ അതീവ ശ്രദ്ധാലുവാകുമ്പോള്‍, ഗംഗോത്രിയില്‍ തുടങ്ങി എന്റെ മഹാരാജ്യത്തിന്റെ ഒരു വലിയ ഭാഗം മുഴുവന്‍
തണ്ണീരുതഴുകി ജന്മസാഫല്യം തേടുന്ന ഗംഗാതടത്തിലെ സ്നാന ഘട്ടങ്ങളിലൂടെയാണ്‌ ഞാന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്! വ്യവസായിക മാലിന്യങ്ങളുടെയും പൗരാണികവിശ്വാസങ്ങളിലൂടെയും
തീച്ചൂളകളിലൂടെ വെന്തൊഴുകി ഗംഗ എന്നെ നോക്കി നെടുവീര്‍പ്പിടുന്നു...

ഉച്ചഭക്ഷണത്തിനുള്ള സമയമാണ്‌

മൈക്രോവേവ് ഒവനില്‍ ബാരിക് റൈസ് കൊണ്ട് ചോറുണ്ടാക്കാന്‍ മിടുക്കിയാണ്‌ നിയാലിന്‍.
പുകയും കരിയും വെള്ളവുമില്ലാതെ വെന്തുമരിച്ചുകിടക്കുന്ന നീളന്‍ വറ്റുകളിലേക്ക്, മുളക് തൊട്ട് തീണ്ടാത്ത മീന്‍ സൂപ്പോ, പച്ചക്കറി പുഴുങ്ങിയതോ ചേര്‍ത്ത് സഹപ്രവര്‍‌ത്തകരോടൊപ്പം ഊണ്‌ കഴിക്കേണ്ട കാര്യം...
ചുട്ടരച്ച ചമ്മന്തിയും മുളകിട്ട മീങ്കറിയും സഹസ്ര കാതങ്ങള്‍ക്കപ്പുറത്തുനിന്ന് നാസാരന്ധ്രങ്ങളിലേക്ക് ആവാഹിക്കപ്പെടും,
കനവിലെ എരിവുകളിലൂടെ കടലും കാടും കടന്ന്, മുറ്റത്തെ അടുപ്പിനുള്ളില്‍
ചുകന്ന മുളക് ചുട്ടുപൊള്ളും
അരഞ്ഞ് കരിഞ്ഞ അമ്മിക്കല്ലിന്റെ കുഴിഞ്ഞ വയറില്‍ ഉപ്പുകല്ലിനോടൊപ്പം ചീനുള്ളിയും വേപ്പിലയും പുളിയും ചുട്ടമുളകും അരഞ്ഞുരുളും.
ആട്ടിയ വെളിച്ചെണ്ണയുടെ മേമ്പൊടിയില്‍ എരിവും പുളിയുമലിയുമ്പോള്‍ വായിലൊരു പായ്ക്കപ്പലുലഞ്ഞ് ലക്‌ഷ്യം തെറ്റുന്നു.
കര പുല്‍കാനാകാതെ കാറ്റിലും കോളിലുമലഞ്ഞ് കപ്പലോട്ടക്കാരനൊടുവില്‍ കപ്പലും നങ്കൂരവും വാഷ്‌ബേസിനിലേക്ക് തുപ്പിക്കളയുന്നു.
വീണ്ടും ത്വരിതവേഗങ്ങളുടെ കോര്‍‌പ്പറേറ്റ് ലോകത്തിലേക്ക്.

പീക് സീസണ്‍ കഴിഞ്ഞിരിക്കുന്നു!
സമയദൈര്‍ഘ്യം കൂടുതല്‍ കിട്ടുന്നു, ഓണ്‍ലൈന്‍ സവാരികള്‍ക്ക്!

ഫിലിപ്പൈന്‍സ് എന്ന തന്റെ ദ്വീപു നാട്ടിലെ അമ്മയുടെ പഴത്തോട്ടം സന്ദര്‍‌ശിച്ചു വന്ന നിയാലിന്‍ അതീവ ദുഖിതയാണ്‌.
മേഘഗോപുരങ്ങളുടെ നാട്ടിലെ, കടലിടുക്കിലുണ്ടാക്കിയ മനുഷ്യനിര്‍‌മ്മിതമായ ഏറ്റവും വലിയ
കൃത്രിമ ദ്വീപിലേക്കാണ്‌ ഞാനിന്ന് പോയത്! പണിതീര്‍ന്നുകൊണ്ടിരിക്കുന്നതിന്റെ ആനച്ചന്തം കണ്ട് തിരിച്ചു വന്നു. ഓഫീസില്‍ നിന്നും കാറോടിച്ച് അവിടെ വരെ പോയി വരാന്‍ അഞ്ച് മിനുട്ടേ വേണ്ടൂ...എന്നിട്ടും ഈ ഏരിയല്‍ വ്യൂവില്‍ പാം ഐലന്‍ഡ് കണ്ടു വരാനാണ്‌ രസം..
സാബ് ബുക് ചെയ്തിരിക്കുന്ന സീ വ്യൂ വില്ലയുടെ താക്കോല്‍ അധികം വൈകാതെ കൈയ്യില്‍ കിട്ടും.
ഉടമ ബോസാണെങ്കിലും കുടികിടപ്പും മേല്‍‌നോട്ടവും എനിക്കായിരിക്കും..

എന്താണിങ്ങനെ കണ്ണീരു തൂവാന്‍ എന്തു പറ്റി നിയാലിന്‍?
ജലപാരമ്പര്യമൊരു ദുര്‍‌ഭൂദമായി ഞങ്ങളെ വിടാതെ പിന്തുടരുന്നു!
ഞങ്ങളുടെ കുഴപ്പം കൊണ്ടല്ല...,
നീയറിഞ്ഞോ എവിടെയൊക്കെയോ നശീകരണപ്രവര്‍‌ത്തനങ്ങള്‍ നടക്കുന്നുവത്രേ..
കാട് വെട്ടിത്തെളിക്കുന്നുവത്രേ...
ജീസസ് എന്തൊക്കെയാണ്‌ സംഭവിക്കുന്നത്...?
നിനക്കറിയുമോ ഒരായുസ്സിന്റെ കണക്കുപുസ്തകമാണ്‌ എന്റമ്മയുടെ പഴത്തോട്ടം...
അതിന്നലെ കാഴ്ചകാണാന്‍ വന്ന തിരമാലകള്‍ വിഴുങ്ങിക്കഴിഞ്ഞു, മാത്രവുമല്ല
ഇനി അവ തിരിച്ചുപോകില്ലത്രേ...!

അധിവാസത്തിന്‌ കടലിടുക്കുകള്‍ തികയാതെ വരുന്നതിനാല്‍ അവ കരയിടങ്ങളിലേക്ക്
നുഴഞ്ഞു കയറുന്നു, എന്റെ പപ്പയുടെ കുഴിമാടത്തില്‍ ഇപ്പോള്‍ ഏതെങ്കിലും മല്‍സ്യകന്യകമാര്‍
തിരി കത്തിയ്ക്കുന്നുണ്ടാകണം...
പ്ലീസ് ഡിയര്‍, ഓഫീസ് ഇന്‍‌ചാര്‍ജ്ജ് നീയല്ലേ? എച്ച്.ആറിനോട് നീയൊന്ന് റെഫര്‍ ചെയ്യ്
എനിക്കൊന്ന് വീടു വരെ പോയി വരണം,
ഒരാഴ്ച്ചത്തെ ലീവ് മതി..
വെള്ളക്കെട്ടിലെ അളിഞ്ഞ ഇലകള്‍ക്കിടയില്‍ എന്റെ മമ്മ പിച്ചും പേയും റഞ്ഞിരിക്കുന്നു.
ആരു വിളിച്ചിട്ടും തിരിച്ചു പോകുന്നില്ലത്രേ..രണ്ട് ദിവസമായി ഒരേ ഇരിപ്പാണ്‌
ഞാനൊന്ന് ചെന്ന് എവിടെയെങ്കിലും ഹോംസ്റ്റേ ചെയ്യിപ്പിച്ച് വരാം...
പ്ലീസ്...

അമ്മയുടെ ശാഠ്യത്തിന്‌ ജലമൈതാനത്ത് കൂട്ടിരുന്ന നിയാലിനെയും അമ്മയെയും കടലെടുക്കാനായ പഴയ സെമിത്തേരിയില്‍ തന്നെയാണടക്കം ചെയ്തത്...
അപ്ഡേറ്റ് ചെയ്യാത്ത ഉപഗ്രഹചിത്രത്തില്‍ നിയാലിന്റെ വാഴത്തോട്ടവും
അവര്‍ക്കായി കാത്തിരുന്ന സെമിത്തേരിയും വ്യക്തമായി കാണുന്നുണ്ട്.

ഇവിടെ നിയാലിനും അമ്മയും സുഖമായുറങ്ങുന്നു..
എന്ന് അടയാളപ്പെടുത്തി സൈന്‍ ഔട്ട് ചെയ്യുമ്പോള്‍ പുറത്ത് ഹമാലി
സര്‍ദാര്‍‌ഖാന്‍ നില്‍ക്കുന്നുണ്ടായിരുന്നു...
കൃത്രിമദ്വീപിലെ സുഖവാസ വില്ലയിലേയ്ക്കുള്ള ഇന്‍‌ഡോര്‍ പ്ലാന്റ്സും മറ്റു ഇന്റീരിയറും എത്തിയിരിക്കുന്നു
ഉടന്‍ അവ പ്ലേസ്മെന്റ് ചെയ്യണം.
സര്‍ദാറും മറ്റു ജോലിക്കാരും അവസാനഘട്ട മിനുക്കു പണിയിലാണ്
പനയുടെ മുകള്‍ത്തട്ടിലുള്ള നീളം കുറഞ്ഞ കുഞ്ഞോലത്തുമ്പിലിരുന്ന് തടഞ്ഞിട്ട നീലക്കടലിന്റെ സ്വാശം കിട്ടാതെയുള്ള പിടച്ചിലില്‍ നിന്ന് ആന്റണി തോമസ് എന്നെ നോക്കി കണ്ണിറക്കുന്നു...
മൂന്ന് വര്‍‌ഷങ്ങള്‍പ്പുറം ഇതുപോലൊരു പ്രഭാതത്തിലാണ്‌ ആന്റണിയെയും മറ്റു നാലു പേരെയും ലേബര്‍ സപ്ലൈ കമ്പനിക്കു വേണ്ടി ഞാന്‍ ഈ മണല്‍‌വഴികളില്‍ ഇറക്കി വിട്ടത്.
മണ്‍‌മടയില്‍ നിന്ന് തലപുറത്തേയ്ക്കിട്ടു നോക്കുന്ന പാമ്പിന്‍ കുഞ്ഞിനെപ്പോലെ കടല്‍ വെള്ളം അജ്മാനിലെ എന്റെ വില്ലയുടെ അടുത്തുള്ള കോര്‍ണീഷ് റോഡ് വരെ എത്തിയ അന്ന് ആന്റണിച്ചേട്ടനെ കാണാനില്ലാതായി!
കൂടെയുള്ളവരെയും.. ആക്സിഡന്റില്‍ അപകടപ്പെട്ടു എന്നോ കണ്‍സ്ട്രക്ഷന്‍ സൈറ്റിലെ അപകടത്തില്‍ മരിച്ചു എന്നോ എന്തൊക്കെയോ വാര്‍‌ത്ത പരന്നിരുന്നു, ഇന്നുകാണുന്നവരെ നാളെ അന്വോഷിക്കരുത് എന്നും, എപ്പോഴും എല്ലായ്പ്പോഴും സ്വന്തം കാര്യം മാത്രം നോക്കുക എന്നുമുള്ള പ്രവാസത്തിന്റെ നീതിശാസ്ത്രത്തില്‍
എനിക്കവരെ മറക്കേണ്ടി വന്നു.
ഇന്ന് രാത്രി ഈ സുഖവാസവില്ലയിലാണ്‌ താമസം! ഇനിയൊരുപാടു നാള്‍ ഈ വില്ലയില്‍ എനിക്കൊറ്റയ്ക്ക് താമസിക്കാം, കൂട്ടിന്‌ ആന്റണിച്ചേട്ടനും കടല്‍‌പ്പാമ്പിന്‍ കുഞ്ഞുങ്ങളും
കാറും പണവും താമസിക്കാനൊരു മുറിയുമുണ്ടെങ്കില്‍ കൂട്ടു കിടക്കാന്‍ ഒരുപാടുപേരുണ്ടാകും
വീഞ്ഞിന്റെ ലഹരിയില്‍ കടല്‍‌താളത്തില്‍ ഇന്ന് ഏത് പദമാണ്‌ പാടേണ്ടത്?
വേണ്ട ഇന്ന് ആന്റണിയോടൊത്തു കൂടാം...

ഫ്ലോട്ടിംഗ് ബെഡ്ഡിലല്ലല്ലോ കിടന്നിരുന്നത്...ആരാണ്‌ കട്ടിലോടെ ആട്ടിത്തരുന്നത്?
ആന്റണിച്ചേട്ടാ അടങ്ങിക്കിടക്കൂ...റമ്മടിച്ച് ഓവറായെന്ന് കരുതി സ്വന്തം തലയില്‍ വെള്ളമൊഴിച്ചാല്‍ പോരെ?
എന്റെ തലയിലെന്തിനാ പ്ലീസ്, ഉറങ്ങാന്‍ അനുവദിക്കൂ...രാവിലെ ഡ്യൂട്ടിയുള്ളതാ.
ചുറ്റും മല്‍സ്യകന്യകമാരുണ്ട് , ഇവരെ ഇന്നലെ ദിവസക്കൂലിക്ക് വിളിച്ചിട്ടില്ലല്ലോ?
ഹാ നിയാലിന്‍ നീയെപ്പോ വന്നു? പഴത്തോട്ടങ്ങള്‍ വിളവെടുപ്പിന്‌ പാകമായോ?
അമ്മയ്ക്കു സുഖം തന്നെയോ?
നോക്ക് ഞാന്‍ ഇന്ന് അന്റാര്‍ട്ടിക്കന്‍ മഞ്ഞുകാടുകളിലേക്ക് ചിത്രയാത്ര തുടങ്ങുന്നു...
ഗംഗയില്‍ പോയപോലെയല്ല
നീണ്ട യാത്രയാണ്‌.

Tuesday, November 23, 2010

സ്വന്തം ഡൊമൈൻ ബ്ളോഗിൽ

അങ്ങിനെ, സുമേറിയൻ ഡയറി എന്ന കഥാ ബ്ളോഗിന്റെ അഡ്രസ്സ് http://sumarian.blogspot.com/ എന്നത് www.kadha.in എന്നും മണൽക്കിനാവ് എന്ന കവിതാബ്ളോഗിന്റെ അഡ്രസ്സ് http://manalkinavu.blogspot.com എന്നത് www.ekavitha.com എന്നും ആക്കിയ വിവരം എല്ലാവരെയും അറിയിക്കുന്നു (ഇനി അറിഞ്ഞില്ലഎന്ന് പരാതി പറയരുത്... ;))


നിങ്ങളുടെ ബ്ളോഗിന്റെ അഡ്രസ്സിലുള്ള ബ്ളോഗ്സ്പോട്ട് എന്ന വാൽ പലപ്പോഴും ഒരു അധികപ്പറ്റാണ്‌ എന്ന് തോന്നിയിട്ടില്ലേ, ഗൂഗിൾ തന്നെ അതിന്‌ ലളിതമായ പരിഹാരവുമായി മുന്നോട്ട് വന്നിരിക്കുന്നു! വളരെ ലളിതമായ ചില പ്രക്രിയകളിലൂടെ ഇപ്പോൾ നമുക്ക് ബ്ളോഗിന്റെ ഡൊമൈൻ/url മാറ്റിയെടുക്കാവുന്നതാണ്‌. പലരും ഇതെക്കുറിച്ച് പോസ്റ്റ് ഇറക്കിയിട്ടുണ്ടെങ്കിലും സുഹൃത്തുക്കളുടെ ആവശ്യാനുസരണം ഒന്നുകൂടി വിശദമാക്കുന്നു (അപ്പുവേട്ടൻ കാണേണ്ട)
എന്റെ കവിതാ ബ്ളോഗിന്റെ url http://manalkinavu.blogspot.com/ ആയിരുന്നു. ഞാൻ ഇപ്പോൾ അത് www.ekavitha.com എന്നാക്കി.

ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ആദ്യം സ്വന്തമായി ഒരു ഡൊമൈൻ നെയിം രെജിസ്റ്റർ ചെയ്യുക എന്നുള്ളതാണ്‌. ഗൂഗിളിൽ നിന്ന് തന്നെ അത് വാങ്ങാം കഴിയും അതല്ലാതെ മറ്റ് നിരവധി ഡൊമൈൻ ദാതാക്കൾ നെറ്റിൽ ലഭ്യമാണ്‌
പലരും ഡൊമൈൻ വാങ്ങാൻ മടിക്കുന്നത്
ഓൺലൈൻ പർച്ചേസിന്റെ നൂലാമാലകളും
ക്രെഡിറ്റ് കാർഡും മറ്റും ഉപയോഗിച്ചു വാങ്ങുമ്പോഴുള്ള പ്രശ്നസങ്കീർ‍ണ്ണതകളെ ഓർത്തുകൊണ്ടുമാണ്‌.

ആ വിഷമം പരിഹരിക്കുന്നതിന്‌ ബ്ളോഗർമാരുടെയിടയിൽ തന്നെ ഡൊമൈൻ വില്പ്പനക്കാർ ധാരാളം ഉണ്ട്, അവരിൽ നിന്ന് ഡൊമൈൻ സ്വീകരിക്കുമ്പോൾ ഓൺലൈൻ കച്ചവടത്തിന്റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ കഴിയും
വെറും ഒരു സൈൻ അപിലൂടെ നിങ്ങൾക്ക്
ഡൊമൈൻ വാങ്ങാവുന്നതാണ്‌ 'കാശ് അടുത്ത മീറ്റിന്‌ തരാട്ടാ' എന്ന് പറഞ്ഞ് പണം കൊടുക്കാതെ മുങ്ങുകയും ചെയ്യാമല്ലോ?

ഒരു ഇമെയിലിലൂടെയോ ഫോൺ കോളിലൂടെയോ പറഞ്ഞുറപ്പിക്കുകയോ അല്ലെങ്കിൽ ബാങ്ക് അകൗണ്ടിലേക്ക് പണം അയച്ചുകൊടുക്കുകയോ അല്ലെങ്കിൽ "മീറ്റിന്റന്ന്" കൊടുക്കകയോ ചെയ്താൽ സംഗതി ക്ളീൻ...

അങ്ങനെ ഡൊമൈൻ സെല്ലേർസ് ആയ ബ്ളോഗർമാർ നിരവധിയുണ്ട്...
രൺജിത്ത് ചെമ്മാട് (ഈ ഞാൻ) ഷിനോദ് എടക്കാട്, മുള്ളൂക്കാരൻ തുടങ്ങി ഒരു പാട് പേരെ
നിങ്ങൾക്കറിയാമായിരിക്കും....

ഞാൻ വശം ഡൊമൈൻ വാങ്ങിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് http://www.caspianwebbuilders.com എന്ന സൈറ്റ് സന്ദർശിക്കാവുന്നതാണ്‌. " .com" എന്ന എക്സ്റ്റൻഷന്‌ 500 രൂപയാണ്‌ ചിലവെങ്കിൽ " .in "എന്ന 700 രൂപയുടെ എക്സ്റ്റൻഷന്‌ ഇപ്പോൾ വെറും 165 രൂപയ്ക്ക് ലഭ്യമാണ്‌...(വാർഷിക സംഖ്യ)
ഡൊമൈൻ രജിസ്റ്റർ ചെയ്തു കഴിഞ്ഞാലുടൻ നിങ്ങളുടെ ഡൊമൈൻ കണ്ട്രോൾ പാനലിൽ CNAME RECORD ൽ പോയി ghs.google.com എന്ന് CNAME ആഡ് ചെയ്ത്, ബ്ളോഗർ സെറ്റിംഗിലെ പബ്ളിഷിംഗ് ലിങ്കിൽ ചെന്ന് കസ്റ്റം ഡൊമൈൻ ഓപഷനിൽ നിങ്ങളുടെ വാങ്ങിയ ഡൊമൈൻ ചേർത്തു കൊടുത്താൽ പിന്നെ ബ്ളോഗ് പഴയ ബ്ളോഗ്സ്പോട്ട് അഡ്രസ്സിലും പുതിയ ഡൊമനിലും ബ്രൗസ് ചെയ്യാൻ കഴിയും...
ഡൊമൈൻ രജിസ്റ്റർ ചെയ്യുന്നതിന്റെയും CNAME RECORD കൂട്ടിച്ചേർക്കുന്നതിന്റെയും ബ്ളോഗർ സെറ്റിംഗിലെ കസ്റ്റം ഡൊമൈൻ ചേർക്കുന്നതിന്റെയും ചിത്രസഹിത വിവരണം താഴെ കൊടുക്കുന്നു...







ഞങ്ങളുടെ സൈറ്റിൽ നിന്നും (ranjisoft incorporation ;)) ഡൊമൈൻ വാങ്ങാൻ ഉദ്ദ്യേശിക്കുന്നവർ ആദ്യാമായി http://www.caspianwebbuilders.com ബ്രൗസ് ചെയ്യുക, അതിലെ ഡൊമൈൻ സേർച്ച് എന്ന കോളത്തിൽ നിങ്ങൾക്കിഷ്ടപ്പെട്ട ഡൊമൈൻ ലഭ്യമാണോ എന്ന് നോക്കുക
ലഭ്യമായ ഡൊമൈൻ ടിക് ചെയ്ത് ആഡ് കാർട്ട് ലിങ്ക് വഴി പോകുക നിങ്ങളുടെ വിവരങ്ങൾ കൊടുത്ത് സൈൻ അപ് ചെയ്യുക, തുടർന്ന് ഹോസ്റ്റിംഗ് പാക്കേജ് ഡൊമൻ മാത്രം വാങ്ങുക Choose duration കോളത്തിൽ തൽക്കാലത്തേക്ക്
ഒരു വർഷത്തിലേക്കുള്ളത് സെലക്ട് ചെയ്യാം (ഒന്നിച്ചു വേണേൽ അങ്ങിനെയുമാകാം)
Before checking out, you may wish to look at few related Products and Services you can add to your existing Package. We have listed these out for you below. എന്നത് സ്കിപ് ചെയ്യാം അത് ഹോസ്റ്റിംഗ് ചെയ്യുന്നതിനുള്ളതാണ്‌ (വർഷത്തിൽആയിരത്തഞ്ഞൂറു രൂപയോളം മാത്രം മുടക്കി, ചിലവു കുറഞ്ഞ വ്യക്തിപരമോ വാണിജ്യസംബന്ധിയോ ആയ വെബ് സൈറ്റുകൾ ഇപ്പോൾ ഹോസ്റ്റ് ചെയ്യാവുന്നതാണ്‌)
പകരം "No thanks proceed to check out" വഴി പോയി proceed to payment ലിങ്കിൽ അമർത്തിക്കഴിഞ്ഞാൽ നിങ്ങളുടെ ഡൊമൈൻ റെഡി. ഡൊമൈൻ ചാർജ്ജ് പിന്നീട് എത്തിച്ചു തരുകയോ മേല്പ്പറഞ്ഞ രീതിയിൽ തരപ്പെടുത്തുകയോ ചെയ്യാം
തുടർന്ന് നിങ്ങൾക്ക് ഇമെയിൽ കൺഫോമേഷൻലഭിക്കുന്നമുറയ്ക്ക് DNS SETTINGIS ൽ പോയി CNAME RECORD ആഡ് ചെയ്യാവുന്നതാണ്‌




ഡൊമൻ സ്ഥിരീകരണത്തിന്റെ ഇമെയിൽ ലഭിച്ചു കഴിഞ്ഞാൽ
Managing your Domain Name :

You can manage your Domain Name by logging into your Control Panel എന്ന ഇ മെയിൽ വന്ന ലിങ്ക് വഴി നിങ്ങളുടെ ഡൊമൈനിന്റെ Control Panel ൽ എത്തുകയും അതിലെ നാവിഗേഷൻ ബാറിന്റെ രണ്ടാമത്തെ ലിങ്ക് അയ domains ന്റെ sub heading ൽ "list of Ordersil" മെനുവിൽ എത്തുകയും നിങ്ങളുടെ ഡൊമൈനിൽ ക്ളിക് ചെയ്യുകയും ചെയ്യാം..

അങ്ങനെ ചെയ്തു കഴിഞ്ഞാൽ മുകളിൽ കാണുന്നതു പോലെ ഒരു വിൻഡൊ വരും..

അതിനു മുകളിൽ വലതു വശത്തു കാണുന്ന DNS link ൽ അമർത്തി manage DNS ലിങ്ക് വഴി CNAME സെറ്റ് ചെയ്യുന്ന ഓപ്ഷനിൽ പോകം...
പുതുതായി ചെയ്യുന്നവർക്ക് ഇത് ബുദ്ധിമുട്ടായി തോന്നുന്നുവെങ്കിൽ "Blog custom domain" ചെയ്യുന്നതിനുള്ള സെറ്റിംഗ്സ് ചെയ്യാൻ പറഞ്ഞാൽ ഞങ്ങൾ തന്നെ അത് സെറ്റ് ചെയ്യുന്നതായിരിക്കും...

പിന്നീട് വളരെ എളുപ്പത്തിൽ ബ്ളൊഗ്ഗറിലെ
settings-publishing-customdomain- Switch to advanced settings എന്ന ലിങ്കിൽ പോയി ഡൊമൈൻ കസ്റ്റമൈസ് ചെയ്യാവുന്നതാണ്‌


ഡൊമൈൻ കസ്റ്റമൈസ് ചെയ്യുന്നതിന്‌ ആദ്യമായി blogspot.com ൽ പോയി ലോഗിൻ ചെയ്യുക.
Dashboard ൽ settings-publishing-ക്ളിക്കിയാൽ You Are Publishing on blogspot.com
switch to custom domain എന്ന ലിങ്ക് കാണാം
അവിടെ ക്ളിക്കുക താഴെ ചിത്രത്തിൽ അടയാളപ്പെടുത്തിയതു ശ്രദ്ധിക്കുക





ചെയ്താൽ already own a domain? switched to advanced settings എന്ന ടെക്സ്റ്റ് ലിങ്ക് വലതു വശത്ത് മുകളിലായി കാണാം... switched to advanced settings ൽ ക്ളിക്കൂ അപ്പോൾ......



താഴെയുള്ള പോലുള്ള പേജ് കാണും...



Advanced setting option ൽ Your Domain എന്ന കോളത്തിൽ നിങ്ങളുടെ ഡൊമൈൻ ടൈപ് ചെയ്യൂ... അതിന്‌ താഴെ Redirect എന്ന് തുടങ്ങുന്ന കോളം ടിക് ചെയ്ത് സേവ് ചെയ്യൂ...

നിങ്ങളുടെ സ്വന്തം ഡൊമൈനിലുള്ള ബ്ളോഗ് റെഡി...



CNAME RECORDS ADD ചെയ്യുന്നതിനായി താഴെയുള്ള ചിത്രങ്ങളിൽ നോക്കിയാൽ വ്യക്തമാകും







Friday, May 7, 2010

കുങ്കുമ നിറമുള്ള ചായ (കഥ)



കരിയടുക്കളയുടെ ഓലമേല്‍ക്കൂരയിലുണ്ടാകുന്ന വിടവുകളിലൂടെ സൂര്യ രശ്മി കറുത്ത തറകളിലേക്ക് പതിയുന്നപോലെ തിളക്കമുള്ളതായിരുന്നു ആ നോട്ടം, ദൈന്യവും തേജസ്സാര്‍‌ന്നതുമായ കണ്ണുകളെ അതിജീവിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
അല്പ്പം ഉടച്ചിലും അലച്ചിലിന്റെ മുഷിച്ചിലും പറ്റിയിട്ടുണ്ടെങ്കിലും പര്‍‌ദ്ദയ്ക്കുള്ളില്‍ കുന്നുകളുടെയും താഴ്വരകളുടെയും അതിര്‍ത്തികള്‍ വ്യക്തമായി കാണുന്നുണ്ട്! കണ്ണുകള്‍ മാത്രം അനാവൃതമാക്കി മുന്നിലിരിക്കുന്ന ഈ ഇറാനിയന്‍ സുന്ദരിയെ എങ്ങനെയാണ്‌ പറഞ്ഞുവിടേണ്ടത്?
"ഇമാറാത്തില്‍ ഭിക്ഷാടനം നിയമ വിരുദ്ധമാണെന്നറിഞ്ഞുകൂടെ, പിടിക്കപ്പെട്ടാല്‍ ജയില്‍‌വാസവും നാടുകടത്തലുമാണ്‌ ശിക്ഷാവിധി!മാത്രവുമല്ല, നിങ്ങളെപ്പോലുള്ള സുന്ദരികളായ യുവതികളെ പിടികൂടിയാല്‍ ഈന്തപ്പനയുടെ മുകളില്‍ നിന്ന് ഊര്‍ന്നു വീണപോലെ പുറമേ ബാക്കിയൊന്നും കണ്ടെന്നു വരില്ല! ഭിക്ഷാടനത്തിനുമപ്പുറം വേശ്യാടനത്തിനാവും ശിക്ഷിക്കപ്പെടുക!"

"ഭിക്ഷാടനത്തില്‍ ഹൃദയം മുറിയുന്നു, വേശ്യാടനത്തില്‍ ശരീരവും...ശരീരത്തിന്റെ നീറ്റല്‍ മാറുന്നതെളുപ്പം
ഹൃദയത്തിന്റെ മുറിവുകള്‍ ഒരിക്കലും ഉണങ്ങില്ല! അതുകൊണ്ട് തന്നെ ആദ്യത്തേതിലും നല്ലത്
തിരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തേതിലാണെന്ന് എന്റെ ചേച്ചിയെപ്പോഴും
പറയുന്നു, ഞാനതില്‍ വിശ്വസിക്കുന്നില്ലെങ്കിലും..."

"താനാളു കൊള്ളാമല്ലോ? കവിതപോലെ സംസാരിക്കുന്നു..."
"ബയ്യാ, അങ്ങനെ പറയരുത്, നിങ്ങളെപ്പോലെയുള്ള ഇന്ത്യന്‍ സഹോദരന്‍‌മാരുടെയോ, പ്രായം ചെന്ന ഇറാനിയന്‍ മാമുമാരുടെയോ അടുത്തൊക്കെയേ ഞങ്ങള്‍ പോകാറുള്ളൂ, അവരൊക്കെയേ വല്ലപ്പോഴും വല്ലതും കനിഞ്ഞു തരികയുള്ളൂ..."
പാക്കിസ്ഥാനികളുടെയോ, മിസിരികളുടെയോ, പലസ്ഥീനികളുടെയോ കണ്ണില്‍ ഈ വേഷത്തിലും ഭാവത്തിലും ചെന്ന് പെട്ടാല്‍, ബയ്യ പറഞ്ഞപോലെ, ഈ ശരീരത്തില്‍‌നിന്നൊന്നും ബാക്കി കിട്ടിലെന്നറിയാം.. പക്ഷേ, സമയവും തുകയും പറഞ്ഞുറപ്പിച്ച്,അഡ്വാന്‍സും വാങ്ങി കാള്‍ ഗേള്‍ കമ്മോഡിറ്റിയുടെ രാജകീയ പ്രൗഡിയില്‍ പോയാല്‍ കസ്റ്റമറിസത്തിന്റെ ഔപചാരികതയോടെയേ വെളിച്ചത്തിലും ഇരുട്ടിലും പെരുമാറുകയുള്ളൂ...
ഒറ്റ രാത്രിയ്ക്ക് ആയിരം ദിര്‍‌ഹത്തിനുമേല്‍ പറഞ്ഞുറപ്പിച്ച് ആഡം‌ബരകാറുകളുമായി ഞങ്ങളെപ്പോലുള്ളവരുടെ കാളുകള്‍ക്ക്കാ തോര്‍ത്ത് നില്‍ക്കാറുണ്ട്, പലരും...
വിലയ്ക്കെടുത്തവരെ മദ്യത്തില്‍ മയക്കി സ്വസ്ഥമായുറങ്ങുന്ന കഥകള്‍ പറഞ്ഞു കൂടപ്പിറപ്പുകള്‍ ചിരിക്കാറുണ്ടെങ്കിലും എനിക്കെന്തോ അങ്ങനെ കിട്ടുന്ന പണത്തിനോട് സമരസപ്പെടാന്‍ തോന്നുന്നില്ല!

"നിന്റെ കഥ കേട്ടു സമയം പോയതറിഞ്ഞില്ല! ഇപ്പോള്‍ പൊയ്ക്കൊള്ളൂ, രാവിലെ വന്നാല്‍ അകൗണ്ട്സ് സെക്ഷനില്‍ നിന്ന് എന്തെങ്കിലും വകുപ്പില്‍പ്പെടുത്തി വല്ലതും ശരിയാക്കിത്തരാന്‍ ശ്രമിക്കാം ഞാന്‍.."

"ബയ്യാ, മറ്റു ഓഫീസ് സ്റ്റാഫുകളോട് പറഞ്ഞു നാണം കെടുത്തല്ലേ, നിങ്ങളുടെ കൈവശമുള്ളത് എന്തെന്ന് വച്ചാല്‍ അതു മതി!"

ചുവന്നുതുടുത്ത കാല്‍‌വിരലുകള്‍ക്കിടയിലൂടെ കണ്ണുനീര്‍ത്തുള്ളികളും നൂറുകണക്കിന്‌ സഫടിക ക്രിസറ്റ്ലുകളും ചിലമ്പിച്ച ശബ്ദത്തിന്റെ അകമ്പടിയോടെ ചിതറി വീഴുന്നത് ഒരു ഞെട്ടലോടെയാണ്‌ തിരിച്ചറിഞ്ഞത്! എം.ഡി. യുടെ കപ്പലാണ്‌ അവളുടെ കണ്ണുനീരില്‍ മുങ്ങിയത്! കുനിഞ്ഞ് നിന്ന് എന്റെ കൈകളെ ചേര്‍‌ത്തുപിടിക്കാന്‍ എഴുന്നേറ്റപ്പോഴാണ്‌ സ്ഫടികത്തില്‍ നിര്‍‌മ്മിച്ച ഇം‌പോര്‍‌‌ട്ടഡ് ഇറ്റാലിയന്‍ കപ്പല്‍ ടേബിളില്‍ നിന്ന് താഴേക്ക് തെന്നിയത്! കാഴ്ച നഷ്ടങ്ങള്‍ക്കപ്പുറം കാല്പ്പനികമായ ഒരു സൗന്ദര്യലഹരിയിലേക്ക് ആവാഹിക്കപ്പെടുന്നതായാണ്‌ എനിക്കു തോന്നിയത്!
ചോഡ് ദോ, എന്റെ കൈയ്യബദ്ധമാണെന്ന് പറഞ്ഞോളാം..., നാളെ നിക്കി വരുമ്പോള്‍ വൃത്തിയാക്കിക്കൊള്ളും നീയിറങ്ങിക്കൊള്ളൂ വേഗം, ഞാനുമിറങ്ങുന്നു!
"എവിടെയാണ്‌ ബയ്യാ അക്കമഡേഷന്‍?"
"ദൈരയില്‍ത്തന്നെ നാസര്‍‌മസ്ജിദിനടുത്ത്, സില്‍‌വര്‍ കോര്‍ണര്‍ ബില്‍ഡിംഗില്‍"
"കൂടെ ഫാമിലിയില്ല അല്ലേ? കാണാറില്ല, ഷോപ്പിങിലൊന്നും?"
"ഇല്ല ഫാമിലി ഫ്ലാറ്റാണ്‌, ഞാനൊറ്റയ്ക്കാണ്‌ താമസം.."
"റൂം നമ്പര്‍?"
"നൂറ്റിപ്പന്ത്രണ്ട്."
"എന്തിനാണ്‌ ആവശ്യമില്ലാത്ത ചോദ്യങ്ങള്‍?"

ഉത്തരം കൊടുക്കാതിരിക്കാന്‍ ഒരു കാരണവും തോന്നിയില്ല, മറിച്ച് ഉത്തരങ്ങളുമായ് ചോദ്യങ്ങള്‍ക്ക് ഉള്ളിലാരോ കാത്തു നില്‍ക്കുന്ന പോലെ! എന്തോ..
"ഉത്തരം ഞങ്ങളുടെ വംശവൃക്ഷത്തില്‍ നിന്നാകുമ്പോള്‍ ചോദ്യങ്ങള്‍ എത്രയും പേടിയില്ലാതെ ചോദിക്കാം... പ്രത്യേകിച്ചും ബയ്യയെപ്പോലെ മനോഹരമായി ചിരിക്കാനറിയുന്നവരോട്! ഉള്ളില്‍ കലക്കങ്ങളൊന്നുമില്ലാത്തവരാണ്‌ ഇങ്ങനെ സുന്ദരമായി ചിരിക്കുന്നതെന്ന് എന്റെ ചാച്ചാജി പറഞ്ഞിട്ടുണ്ട്!"

ചിരി, തന്റെ ഗ്രോസറിയില്‍ സ്ഥിരമായി വന്നിരുന്ന ലബനോണ്‍കാരിയെ മരിച്ചു മറവു ചെയ്തിടത്തുനിന്ന് മാന്തി ഭോഗിച്ചതിന്‌ ശരീഅത്ത് കോടതി തലവെട്ടിയ മിര്‍സാഖാന്റെ ചിരിയെക്കുറിച്ചാണ്‌ ഞാന്‍ ഓര്‍ത്തത്! ആരിവേപ്പിന്‍ തണ്ടുകൊണ്ട് എപ്പോഴും ഉരതി വെളുപ്പിച്ചുകൊണ്ടിരിക്കുന്ന വീതികുറഞ്ഞ നിരയൊത്ത പല്ലുകള്‍ കാട്ടി എല്ലാവരോടും ഹൈവാട്സില്‍ ചിരിച്ചിരുന്ന മിര്‍‌സ കഴുത്തില്‍ കറുപ്പ് തുണി മൂടുന്നതു വരെ അത് തുടര്‍‌ന്നിരുന്നത്രേ.. ഒറ്റ വെട്ടിനു വേര്‍പെട്ടു പോയ നീളന്‍ താടിയും നീണ്ട മുടിയുമുള്ള ആ മുഖവും ചിരിയും ആ ഗ്രോസറിയ്ക്കു മുന്നിലെത്തുമ്പോള്‍ എന്നെ ഇപ്പോഴും വഴി മാറി നടത്താറുണ്ട്! അതിവളോട് ഇപ്പോള്‍ പങ്ക് വെയ്ക്കേണ്ട! അവളുടെ ചാച്ചയുടെ ചിരിശാസ്ത്രത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ട.

റൂമിലേക്കു നടക്കുമ്പോള്‍ അവളുടെ കാല്‍‌വിരലുകളും പൊട്ടിയ സ്ഫടിക ക്രിസ്റ്റലുകളും തടാകത്തെ കണ്ണിലൊളിപ്പിച്ച ഇറാനിയന്‍ കണ്ണുകളും, ഒരു കൊളാഷു പോലെ വഴി നീളെ ചിതറിക്കിടക്കുന്നുണ്ട്.
ഇന്ന് അമീര്‍ചാച്ചയുടെ കഥകേള്‍ക്കാന്‍ പോകാന്‍ തോന്നുന്നില്ല, വേണ്ട, മുറിയില്‍ തന്നെ കൂടാം... പ്രണയാതുരമായ ഒരു കുപ്പി വൈന്‍ ഫ്രിഡ്ജിലിരിപ്പുണ്ട്, കഴിഞ്ഞ വീക്കെന്‍ഡില്‍ ട്രാവല്‍ മാര്‍‌ട്ടുണ്ടായിരുന്നതിനാല്‍ അത് പൊട്ടിക്കാന്‍ കഴിഞ്ഞില്ല, ഇന്നതിനെ ആവാഹിക്കണം! പഴയ പ്രണയകാലത്തിന്റെ താമരക്കുളങ്ങളില്‍ ഒന്ന് നീന്തിയലയണം... വീഞ്ഞിനും പ്രണയത്തിനും കവിതയ്ക്കും ഒരേ മണമാണെന്ന് ആരാണ് പറഞ്ഞത്?

ഫ്ലാറ്റിന്റെ ചില്ലു വാതിലിലൂടെ നോക്കിയാല്‍ കോര്‍ണീഷ് മുഴുവനായും കാണാം...കടലിടുക്ക് ഒരു നഗരത്തെ എങ്ങനെരൂപപ്പെടുത്തുന്നു, നഗരസൗന്ദര്യത്തെയും ജലഗതാഗതത്തെയും ടൂറിസത്തെയും ഒരു കടല്‍ച്ചാല്‍ ഏതെല്ലാം രീതിയില്‍ സഹായിക്കുന്നു എന്നൊക്കെ ദുബായ് കോര്‍ണീഷ് സ്വയം വിളംബരം ചെയ്യുന്നുണ്ട്! ചരക്കു നിറച്ച് ഇറാന്‍ തുറമുഖങ്ങളിലേക്ക്പോ കാന്‍ ഒരുങ്ങി നില്‍ക്കുന്ന നൂറുകണക്കിന്‌ പത്തേമാരികള്‍, ഉല്ലാസ സവാരി ചെയ്യുന്ന ദീപാലംകൃതംമായ ജലയാനങ്ങള്‍, ഫ്ലോട്ടിംഗ് റെസ്റ്റോറന്റുകള്‍, ബെല്ലിഡാന്‍സും മദ്യവും പതയുന്ന ആഡംബര നൗകകള്‍, ബേപ്പൂര്‍ പെരുമയില്‍ തല ഉയര്‍‌ത്തി നില്‍ക്കുന്ന രാജകീയ ഉരുക്കള്‍, ബര്‍‌ദുബായ്ക്കും ദൈരയ്ക്കുമിടയില്‍ കടത്തു നടത്തുന്ന പരമ്പരാഗതമായ അബ്രകള്‍.... ഇവയൊക്കെ നെഞ്ചിലേറ്റി നഗരമദ്ധ്യം ജലസമൃദ്ധമാക്കുന്നുണ്ട് ഈ കടല്‍ച്ചാല്‍.

പോയിരുന്നുവെങ്കില്‍ അമീര്‍ചാച്ചയ്ക്ക് ഇന്നെന്തു കഥയായിരിക്കും പറയാനുണ്ടായിരിക്കുക? ഇന്നലെ എവിടെയാണ്‌ നിര്‍‌ത്തിയത്?

"കടലിടുക്കുകളാണ്‌ നഗരങ്ങളുടെ ഗര്‍ഭപാത്രം! കടല്‍ ചെരിവുകള്‍ മണല്പ്പരപ്പിലേക്ക് തുറമുഖങ്ങളെ പ്രസവിച്ച് നഗരങ്ങളാക്കി വളര്‍‌ത്തി വലുതാക്കുന്നു! മഹാനഗരങ്ങളുടെ പ്രായപൂര്‍‌ത്തിക്കൊടുവില്‍ വഴി മാറി പുതിയ നഗരഗര്‍‌ഭം തേടി പതിഞ്ഞൊഴുകുന്നു."

വായില്‍ എരിയുന്ന ചുരുട്ടു കുത്തിക്കെടുത്തി ഓളത്തില്‍ ഉലയുന്ന ബോട്ടിന്റെ വീഞ്ഞപ്പലകയിലെ കള്ളയറ തുറന്ന്ന ഷ്‌വാര്‍പുകയിലയെടുത്ത് അമീര്‍ ചാച്ച ചുണ്ടിനിടയില്‍ തിരുകി. പഴങ്കഥകളുടെ വേലിയേറ്റമുണ്ടാകുമ്പോള്‍, ചുരുട്ടിന്റെ കനല്‍ വഴികളില്‍ നിന്ന് ദിശമാറി ചുണ്ടുകളുടെ ഞരമ്പുകളിലൂടെ തലച്ചോറിലേക്ക് ഓളത്തള്ളലുണ്ടാകാന്‍ പുകയിലയാണ്‌ നല്ലത് എന്ന്ചാ ച്ചതന്നെ വെളിപ്പെടുത്തിയതാണ്‌.
വെള്ളത്തിലേക്ക് മറിഞ്ഞുവീഴാതെ ഞാന്‍ മരക്കാലുകളില്‍ കുറുകേ കെട്ടിയ പനന്തടുക്കില്‍ മുറുകെപ്പിടിച്ചു. പാഴ്സി കലര്‍‌ന്ന ഉറുദു ഭാഷയുടെ ഒഴുക്കുള്ള താളത്തില്‍ അമീര്‍ചാച്ചയെന്ന ഇറാനി വൃദ്ധന്റെ സഞ്ചാരസാഹിത്യവും ലോകവീക്ഷണങ്ങളും വഴിഞ്ഞൊഴുകുന്ന നേരത്ത് കടലലകളുടെ അലോസരം പോലും കഥയുടെ വേലിയേറ്റങ്ങളെ പിറകോട്ട് വലിക്കും. ബഡാ അബ്രാ എന്നു വിളിക്കുന്ന ബോട്ടുജെട്ടിയില്‍ തന്റെ ഊഴം കാത്തുകിടക്കുന്ന അമീര്‍ചാച്ചയെന്ന ഇറാനിയന്‍ ബോട്ട് ഡ്റൈവര്‍, സമുദ്ര യാത്രകളുടെയും മരുഭൂമിയിലെ ഒട്ടകപാതകളുടെയും തീരാത്ത കഥകള്‍ പറയാറുള്ള അയാളാണ്‌ എന്റെ ഒഴിവു സമയങ്ങളധികവും അപഹരിക്കുന്നത്!


ചാച്ചക്കിഷ്ടമുള്ള ബദാം പരിപ്പും പിസ്തായുമായി മരു-ക്കടല്‍ യാത്രാവിവരണം കേട്ടിരിക്കാന്‍ പോകാറുള്ള ഞാന്‍ കഥയുടെ പെരുമഴ ചോര്‍‌ത്താനനുവദിക്കാതെ പലപ്പോഴും ബോട്ടുയാത്രകളില്പ്പോലും അദ്ധേഹത്തെ അനുധാവനം ചെയ്യാറുണ്ട്! ഓഫീസിലെ മനം മടുപ്പിക്കുന്ന അന്തരീക്ഷത്തില്‍ നിന്ന് ഒന്ന് കുതറിമാറി കടലിടുക്കുകളുടെ ശാന്തതാളം മനസ്സിലേക്കാവാഹിക്കാന്‍ ഇടയ്ക്ക് ഇത്തരം കഥായാത്രകള്‍ വളരെ ഉപകാരപ്രദമാണ്‌.

ഒരു ദാര്‍ശനികന്റെ ഭാവത്തോടെ തന്റെ നരച്ച താടിയുഴിഞ്ഞ് അമീര്‍ ചാച്ച കഥ തുടര്‍ന്നു! നനയാതെ, തളിര്‍ക്കാതെ, കൊടും വെയിലേറ്റ് നഗ്നയായി ചേതനയറ്റ് കിടക്കുന്ന മണല്‍ക്കന്യകമാരുടെ കബന്ധങ്ങളിലൂടെ, പച്ചപ്പിന്റെ, ആര്‍ദ്രതയുടെ, മഴപ്പെയ്ത്തിന്റെ നനവിടങ്ങളുള്ള മരുപ്പച്ചകള്‍ തേടി വെയലിലലഞ്ഞ വ്യാഴവട്ടങ്ങള്‍ക്കപ്പുറം ഹുസൈന്‍ ചാച്ചയുടെ വെയിലുരുക്കിയ പൂച്ചക്കണ്ണുകള്‍ ആര്‍ദ്രമായി.. ഊറി വരുന്ന നനവുകളിലൂടെ ഒരു സാര്‍ത്ഥവാഹക സംഘം മണല്‍ വഴി തേടുന്നു..

തുകല്‍ സഞ്ചികളില്‍ ശേഖരിച്ച ദാഹജലം, വഴിയിടങ്ങളില്‍ നിന്ന് പെറുക്കിയടുക്കിയ ഉണങ്ങിയ ഈന്തപ്പഴങ്ങള്‍ പനവട്ടികളില്‍ പൊതിഞ്ഞുകെട്ടി തോരണം തൂക്കിയ ഒട്ടകപ്പുറത്ത് കരുവാളിച്ച കുഞ്ഞുങ്ങളും സ്ത്രീകളും. താഴെ എരിയുന്ന റാന്തല്‍ വിളക്ക്, പൂഞ്ഞയ്ക്ക് മുകളില്‍ കുറുകേ കെട്ടിയ പനമ്പായ, ദേശങ്ങളില്‍ നിന്ന് ദേശങ്ങളിലേക്ക് വെയിലുകളിലൂടെ പലായനം ചെയ്യപ്പെടുന്ന പേര്‍ഷ്യന്‍ ഗോത്രക്കാര്‍... പച്ചപ്പിന്റെ, കടല്‍ക്കരകളുടെ നിരുപദ്രവരൗദ്രങ്ങളുടെ മല്‍സ്യതീരങ്ങളും ഈന്തപ്പനകളുടെ വിഭവസമൃദ്ധികളും മാടിവിളിക്കപ്പെടുമ്പോള്‍ ഒട്ടകങ്ങള്‍ മണല്‍‌പ്പരപ്പില്‍ നങ്കൂരം താഴ്‌ത്തും കറുത്തു കരുവാളിച്ച മണല്‍‌നാവികരിറങ്ങി ഒട്ടകപ്പുറത്തെ കുഞ്ഞുവീടുകള്‍ മണലിലേക്കിറക്കും. മണലാഴത്തില്‍നിന്ന് കുഴിച്ചെടുക്കുന്ന പശിമണലില്‍ ഉപ്പുവെള്ളമൊഴിച്ചു കുതിര്‍ക്കും. മനുഷ്യമണമേല്‍‌ക്കാത്ത കടല്‍ക്കരയിലെ വെളുത്ത ചിപ്പി വാരി കൂട്ടത്തിലെ കുഞ്ഞുങ്ങള്‍ പനയോലവട്ടിയില്‍ നിറയ്ക്കും. കുട്ടിപ്പട്ടാളങ്ങളുടെ ഉല്‍സാഹത്തിമര്‍‌പ്പില്‍ കുഴഞ്ഞ ചെളിമണ്ണില്‍ കക്കയും ശംഖും വിതറിക്കുഴയ്ക്കും, വെയിലേറ്റു കരുവാളിച്ച ബലിഷ്ഠ കരങ്ങളില്‍ മണലും ചിപ്പികളും ചേര്‍ന്നുറച്ച ഉരുളകള്‍ രൂപപ്പെടും, കരവിരുതിന്റെ, നിലനില്പ്പിന്റെ മൂശയില്‍ ഒട്ടകപ്പാലിന്റെ ഈന്തപ്പഴത്തിന്റെ ചടുലത വിടര്‍ന്ന് നാലു ചുമരുകള്‍ രൂപം കൊള്ളും. അതിനുമുകളില്‍ പനന്തണ്ടുകളും പനയോലകളും നിവരും. അകത്തുവിരിച്ച പനമ്പായയില്‍ വെയിലു തിന്ന അമ്മമാര്‍ മുലചുരത്തും.. മരക്കരിക്കനലുകള്‍ക്ക് മേല്‍ പച്ചമീന്‍ വെന്തു ഞെരിയും വേട്ടക്കഴുകന്റെ സൂക്ഷ്മദര്‍‌ശിനിയില്‍ റാഞ്ചിയെടുക്കപ്പെട്ട മരുജീവികള്‍ അത്താഴത്തിന്‌ രുചിയേകും.... ഒന്നൊന്നായുയരുന്ന ചതുരസ്തംഭങ്ങള്‍ക്കിടയില്‍ ഒട്ടകക്കൂട്ടങ്ങള്‍ വിശ്രമിക്കും..കാലികള്‍ മുള്‍പ്പടര്‍പ്പുകളില്‍ ഇല തിരയും.. ഒരു ഗ്രാമഗര്‍‌ഭം അവിടെ സൃഷ്ടിക്കപ്പെടും.. കാലിവളര്‍‌ത്തലും മല്‍സ്യബന്ധനവും മുത്തുവാരലുമൊക്കെയായി ഗ്രാമം തിടം വെയ്ക്കും.

അങ്ങനെയൊരു ഗ്രാമത്തിലാണ്‌ ഞാന്‍ വളര്‍‌ന്നത്. ചൂടും തണുപ്പും ആവോളമേല്‍ക്കുമെങ്കിലും ആ ഗ്രാമ ജീവിതത്തിന്റെ വിശുദ്ധിയും സന്തോഷവും ഈ പെട്രോനഗരത്തിനുണ്ടോ?

ചോദ്യങ്ങളിലാണ്‌ അമീര്‍ ചാച്ചയുടെ കഥകള്‍ അവസാനിക്കുക. വര്‍ത്തമാന ജീവിതത്തിലേക്ക് തൊടുക്കുന്ന ഒരായിരം ചോദ്യങ്ങള്‍‌ക്കൊടുവില്‍ അമീര്‍ ചാച്ച തളര്‍ന്നിരിക്കും.. നഷ്‌വാര്‍ പുകയില ഉഴിഞ്ഞുതുപ്പി, ഒരു ചുരുട്ടിനു തീക്കൊളുത്തും. നഗരജീവിതത്തിലെ അവസാനനാളുകളില്‍ തുണയേകാനായി ഒരു നാലാം കെട്ടിന്റെ കാര്യത്തെക്കുറിച്ചും എപ്പോഴുമടിക്കുറിപ്പിടാറുമുണ്ട് ആ വൃദ്ധയുവാവ്.

ഡോര്‍ബെല്ലിന്റെ ശബ്ദമാണ്‌ ചാച്ചയുടെ കടല്‍ച്ചൊരുക്കില്‍നിന്ന് എന്നെ വര്‍ത്തമാനത്തിലേക്ക് വീണ്ടെടുത്തത്, ആരായിരിക്കും? എന്ന ചിന്തയ്ക്കൊപ്പം ഉള്ളിലൊരു തുടുപ്പിന്റെ പെരുമ്പറ മുഴുങ്ങുന്നുണ്ട്!
ഡോര്‍‌ലെന്‍സ്സിലൂടെ വെറുതേ നോക്കിയെന്നെയുള്ളൂ.

വേശ്യാടനത്തെയും ഭിക്ഷാടനത്തെയും കുറിച്ച് ദാര്‍‌ശനികമായി സംസാരിച്ചവള്‍ ഇന്നെന്റെ ഏകാന്തതയിലേക്ക് ദേശാടനത്തിനെത്തിയിരിക്കുന്നു. മുറിയിലാകെ അറേബ്യന്‍ ഊദിന്റെ തുളുമ്പുന്ന മണം.

ഒരേ സമയം ആകര്‍‌ഷിക്കുകയും വികര്‍‌ഷിക്കുകയും ചെയ്യുന്ന മണം പലപ്പോഴും അറബ് വംശജരുടെ സ്വഭാവവുമായി നേര്‍‌രേഖയില്‍ സഞ്ചരിക്കുന്നുണ്ട് എന്നു തോന്നാറുണ്ട്! ചില ഗന്ധങ്ങള്‍ ആശ്ലേഷത്തിന്റെ വഴിമരുന്നുകളാണ്‌, മറ്റു ചിലവ ചുംബനം യാചിച്ചു വാങ്ങും! വാരിപ്പുണരൂ എന്നു വിളിച്ചു കൂവിക്കൊണ്ട് ചില മണങ്ങള്‍ വിടാതെ പിന്തുടരും ചിലത് എന്റടുത്ത് വരരുതെന്ന് പറഞ്ഞ് അകലം സൂക്ഷിക്കും! ഇത്തരം വിപരീത ചിന്തകളുടെ കടിഞ്ഞാണുമായി മണങ്ങള്‍ പലപ്പോഴും തന്നെ ആശയക്കുഴപ്പത്തിലാക്കാറുണ്ട്!

"പുരുഷന്റെ പ്രഞ്ജയിലേക്ക് വാരിപ്പുണരൂ എന്ന് പരിഭവിച്ചുകൊണ്ട് പിറകേ നടക്കുന്ന ഈ അത്തറിന്റെ ഫ്ലേവര്‍ നിനക്കെവിടുന്നു കിട്ടി?"

ഔപചാരികതയിലേക്കോ, പെട്ടെന്നു കേറി വന്ന അല്‍ഭുതങ്ങളിലേക്കോ കയറിച്ചെല്ലാതെ ഈയൊരു ചോദ്യമാണ്‌ ആദ്യമായാണ്‌ എന്നില്‍ നിന്ന് പുറപ്പെട്ടത്..

തെല്ലൊരമ്പരപ്പോടെ കണ്ണുകളൊന്ന് പിടഞ്ഞ് അവള്‍ മൗനിയായി. പിന്നെ സ്ഥിരപരിചിതനായ ഒരു സുഹൃത്തിനോടെന്ന പോലെ മൗനമൂര്‍ന്നു മുത്തുകളായ് ചിതറി വീണു.

"വാരിപ്പുണരുവാന്‍ തോന്നുന്നുവോ?, അതപകടം, പിന്നെ ഊര്‍ന്നു പോകാന്‍ കഴിയാത്ത വിധം ബയ്യ എന്നില്‍ വിലയിക്കും.. അതു വേണ്ട, ബയ്യയെ എനിക്കിഷ്ടമാണ്‌, ഈ ചുഴിയില്‍ ഒതുങ്ങിത്തീരാതെ വിശാലമായ അഴിമുഖങ്ങളിലേക്ക്സ ഞ്ചരിക്കുവാനുള്ളതല്ലേ?, പിന്നെ ഫ്ലേവറിന്റെ കാര്യം അതിലളിതം. നിങ്ങളുടെ രാജ്യത്തില്‍ നിന്ന്, രാജസ്ഥാനില്‍ നിന്നും വരുന്ന ഊദിന്‍ കമ്പുകള്‍ താരതമ്യേന കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ കിട്ടും. അതു ചന്ദനത്തൊലിയും ചേര്‍ത്ത് കനലുകള്‍ക്ക് മേല്‍ പുകയ്ക്കും, അതിനു നേരെ കാലുകളകത്തി നില്‍ക്കും, പുക കാലുകളിലൂടെ അരക്കെട്ടിലൂടെ മാറിടങ്ങളിലൂടെ തഴുകി കഴുത്തിനും പര്‍ദ്ദയ്ക്കുമിടയിലുള്ള വിടവുകളിലൂടെ പുറത്തേയ്ക്ക് വമിക്കുമ്പോള്‍ ശരീരവും പര്‍ദ്ദയും അടിവസ്ത്രങ്ങളും വരെ ഊദിന്റെ ബന്ധനത്തിലാകുന്നു. ഒരാഴ്ചയോളം വസ്ത്രങ്ങളില്‍ നിന്നും ആ മണം വിട്ടുമാറില്ല"

"അപ്പോള്‍ ശരീരത്തില്‍ നിന്നോ?"

"അത്.... വിയര്‍‌ത്ത ശരീരത്തിലേക്ക് വെള്ളം കോരിയൊഴിക്കുമ്പോഴറിയാം, വിട്ടകലാന്‍ ഭാവിക്കാതെ ചിണുങ്ങി നില്‍ക്കുന്ന മണത്തിന്റെ റൊമാന്റിക് ചേഷ്ടകള്‍..!"
"എങ്ങനെ വിട്ടകലാതിരിക്കും? ഈ ചന്ദന വിഗ്രഹത്തില്‍ കയറിയാല്‍ പിന്നെ ഏതു ദൂപത്തിനാണ്‌ വിട്ടകലാന്‍ തോന്നുക"
അവളുടെ വാക്കുകളിലുള്ള അതേ സ്വാതന്ത്ര്യത്തോടും കുസൃതിയോടും തന്നെയാണ്‌ ഞാന്‍ മറുപടി പറഞ്ഞത്!

"ബോസ്, ചായയിടാനുള്ള സൗകര്യമില്ലേ ഇവിടെ?
"ഞാനൊരു ചായമിക്സ് ചെയ്തു തരാം, താഴെയുള്ള ഗ്രോസറിയിലേക്ക് ഒരു പായ്ക്കറ്റ് കുങ്കുമപ്പൂ വിളിച്ചു പറയുമോ? സഫ്രോണ്‍ ചേര്‍ത്ത് നല്ല ഇറാനിയന്‍ ചായ ഉണ്ടാക്കിത്തരാം"
"തുമാരീ മര്‍ജീ..."


ബയ്യാ എന്ന വിളി മാറി ബോസിലേക്ക് കൂടുമാറിയിരിക്കുന്നു, സഹോദരസ്ഥാനത്തില്‍ നിന്ന് മാറ്റപ്പെട്ടിരിക്കുന്നു! എന്താണ്‌ ഭാവം എന്ന് കണ്ടറിയാം... എന്തായായാലും ചായക്കുടിക്കാം...

"നിന്റെ പേര്‌?"

"ബഹര്‍ സിതായേഷ്"

"സമുദ്രത്തിന്റെ പേരാണല്ലോ? അതു പോലെ നിഗൂഢമാണ്‌ നീയും..."

"നിഗൂഢതയൊന്നുമില്ല ജീ, നിങ്ങളെപ്പോഴും എന്നെക്കാണാറുണ്ട്, ഞാന്‍ നിങ്ങളെയും! പര്‍ദ്ദയ്ക്കുള്ളിലായതുകൊണ്ട് തിരിച്ചറിയാന്‍ കഴിയാത്തതാണ്‌. ജയിന്റ് സൂപ്പര്‍‌‌മാര്‍ക്കറ്റിനടുത്തുള്ള പഴകി വീഴാറായ വില്ലകളില്ലേ? അതിലൊന്നിലാണ്‌ താമസം, നിങ്ങള്‍ ഷോപ്പിംഗിനു വരാറുള്ളപ്പോഴൊക്കെ ഞാന്‍ കാണാറുണ്ട്... അഞ്ചു വര്‍ഷത്തോളമായി കാണാറുള്ള സൗമ്യനായ ഒരാളോട് എന്തിന്‌ അകല്‍ച്ച പാലിക്കണം? പ്രത്യേകിച്ച് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നു വരുന്ന ഒരു ആര്യരക്തത്തിനോട്?"

"ഓഫീസില്‍ വച്ച് നീ വംശവൃക്ഷത്തിന്റെ കാര്യം പറഞ്ഞത് അതായിരുന്നോ? ചോദിക്കണം എന്നു കരുതിയതാണ്‌ അതേക്കുറിച്ച്! ചരിത്രമെങ്ങനെ അറിയാം?"

"ഡിയര്‍, പത്താം ക്ലാസ്സ് വരെ പഠിച്ചിട്ടുണ്ട് ഞാന്‍, സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ പിന്നെ തുടരാന്‍ കഴിഞ്ഞില്ല!എന്റെ ഉപ്പയ്ക്ക് മൂന്ന് ഭാര്യമാരിലും കൂടി പതിനാറ് മക്കള്‍, അതില്‍ പതിനാല്‌ പേരും പെണ്‍കുഞ്ഞുങ്ങള്‍! അറബികള്‍ ഉപേക്ഷിച്ച ആ പഴകി വീഴാറായ വില്ലകളില്‍ വീര്‍പ്പു മുട്ടിക്കഴിയുന്നു, ഉമ്മമാരും മറ്റ് ചേച്ചിമാരും അറബിവീടുകളില്‍ വീട്ടുവേലയ്ക്കു പോകുന്നതുകൊണ്ടും ആത്മാഭിനത്തിന്‌ വല പേശാത്തതുകൊണ്ടും വാടക വല്ലാതെ കൊടുക്കേണ്ടി വരില്ല! ഞാന്‍ പറഞ്ഞല്ലോ എനിക്കിഷ്ടമല്ല അവിടങ്ങളില്‍ തേഞ്ഞ് തീരാന്‍..
ഓരോരുത്തരെയായി ഞങ്ങളുടെ ഉമ്മാമാര്‍ വിലപേശി കെട്ടിച്ചയയ്ക്കുന്നു, ഞങ്ങളുടെ ആചാരപ്രകാരം നോക്കി വളര്‍ത്തിയതിന്‌ ഇങ്ങോട്ടാണ്‌ പണം നല്‍കുക! അമ്പത്തഞ്ച് വയസ്സായ ഒരു കിഴവന്റെ അഞ്ചാം ഭാര്യയായി എന്നെ കൈമാറുവാനുള്ള കരാറില്‍ മനസ്സുകൊണ്ട് ഒപ്പു വച്ചു കഴിഞ്ഞിരിക്കുന്നു എന്റെ ഉമ്മ"

"തേയിലയുടെ കറുപ്പും പാലിന്റെ വെളുപ്പും കുങ്കുമത്തിന്റെ ചവപ്പും നിന്റെ മധുരവും ഇടകലര്‍ന്ന ഈ ചായ ഞാന്‍ കുടിച്ചതില്‍ വച്ചേറ്റവും സ്വാദിഷ്ടം!!"

"ഇതെന്റെ ജീവിതമാണ്‌ ഡിയര്‍. ഒരു ഗ്ലാസ്സ് ചൂടു വെള്ളത്തില്‍ വെന്തു നീറി സമ്മിശ്രവികാരങ്ങളില്‍ ഞാന്‍ വലിച്ചുകുടിക്കപ്പെടാന്‍ പോകുന്നു!"

"ഹേയ് ശുഭമായത് മാത്രം ചിന്തിക്കൂ, എനിക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുമോ? ചോദ്യം ഒരുക്ലീഷേയാണെന്നറിയാം, എങ്കിലും?"

"ഒന്നിനും കഴിയില്ല! എങ്കിലും, ഞാനിന്ന് നിന്റെ കൂടെ ഇവിടെ താമസിക്കട്ടെ?"
"വീട്ടിലെന്തു പറയും?"
"പതിനാറ് പേരില്‍ ആരൊക്കെ, എവിടെയൊക്കെയെന്ന് നോക്കാന്‍ ആരുണ്ടവിടെ? അവനവനെവിടെയാണെന്നറിയാതെ രാത്രികളിലൂടെ ഓരോരുത്തരം സഞ്ചരിക്കുന്നു, ആഡം‌ബരനൗകകള്‍ പോലെ ഈ കടലിടുക്കാകെ ഒന്നു പ്രദക്ഷിണം വെച്ച് തിരിച്ച് തങ്ങളെ ബന്ധിച്ചിടാറുള്ള ഇരുമ്പുകുറ്റികളില്‍ വന്ന് സ്വയം ബന്ധസ്ഥനാകുന്നു.!"

അലസമായ, അടുക്കും ചിട്ടകളില്ലാതെ ചിതറിക്കിടക്കുന്ന മുറി അവളുടെ കൈകളിലൂടെ ഒരു ചിത്രവിസ്മയമായി രൂപപ്പെടുന്നത്കൗ തുകത്തോടെയാണ്‌ നോക്കിയിരിക്കുന്നത്,

"ഒരു കുപ്പി വൈനേയുള്ളൂ ഒരു ഗ്ലാസ് വേണമെങ്കില്‍ ഷെയര്‍‌ ചെയ്യാം..."

"കുടിച്ചിട്ടില്ല ഇതുവരെ, നിന്റെ കൈപിടിച്ച് ഒരു വീഞ്ഞിന്റെ കാണാത്തിടങ്ങളിലൂടെ യാത്ര ചെയ്യാന്‍ കഴിയുന്നുവെങ്കില്‍ അത് എനിക്ക് സന്തോഷകരം തന്നെ"
"എന്താണ്‌ നിനക്കു ടച്ചിംഗ്സ് വേണ്ടത്?"
"പിസ്തായോ, പീനട്സോ ബദാം പരിപ്പോ മാത്രമേ എന്റെ കൈവശമുള്ളൂ, ഞാന്‍ വീഞ്ഞിനോടൊപ്പം കൊറിക്കുന്നത് അതാണ്‌"
"അതെല്ലാം എന്റെ നാട്ടില്‍ നിന്നു വരുന്നതല്ലേ? എനിക്കിഷ്ടമില്ലാതിരിക്കാന്‍ വഴിയില്ലല്ലോ?"
"തല വെള്ളത്തില്‍ മുക്കാതെ നിനക്കെങ്ങനെ ഈ കടല്പ്പരപ്പില്‍ നീന്താന്‍ കഴിയുന്നു? ഒന്നു മുങ്ങിത്താണു കൂടെ ആണ്മണമേല്‍ക്കാത്ത ഈ കലിടുക്കില്‍"

"പരിചയമില്ലാത്ത വെള്ളത്തില്‍ തല നനഞ്ഞാല്‍ നീരുദോഷം വരുമെന്ന് അമ്മ പറയാറുണ്ട്! കുളിച്ചു കേറുമ്പോള്‍ പുരട്ടാനുള്ള രാസ്‌നാദിപ്പൊടി ഞാന്‍ കരുതിയിട്ടില്ല!"

കോര്‍ണീഷിലിപ്പോള്‍ കുറ്റിയില്‍ നിന്ന് നൗകകളുടെ വടങ്ങള്‍ വിമുക്തമായിക്കൊണ്ടിരിക്കുന്നു... ഉല്ലാസ സവാരിയുടെ ആരവാരങ്ങളുമായി ആഘോഷരാത്രിവാസികള്‍ ഉല്ലസിക്കുന്നു.

"ഡിയര്‍ കുറച്ച് കാലം ഞാന്‍ നിന്റെ കൂടെ കഴിഞ്ഞോട്ടേ? നീയൊന്നും തരേണ്ട! ഭക്ഷണത്തിനുള്ള സാധനങ്ങള്‍ വാങ്ങിത്തന്നാല്‍ നീ വരുമ്പോഴേയ്ക്കും പാചകം ചെയ്തു വയ്ക്കാം... ഫ്ലാറ്റു വൃത്തിയാക്കാം, നിന്റെ വസ്ത്രങ്ങള്‍ അലക്കിത്തേച്ചു തരാം, നിനക്കുവേണ്ടതെല്ലാം തരാം... കൊതിയാകുന്നു സ്വന്തമെന്നു തോന്നുന്ന ഒരാണിനെ കുറച്ചുകാലം പരിചരിക്കാന്‍... നിനക്കു ക്ഷമയുണ്ട്! നീയെന്റെ ആഴങ്ങളില്‍ മുങ്ങി മരിക്കില്ലെന്നെനിക്കുറപ്പുണ്ട്, അജ്ഞാതമായ കടല്‍ച്ചെരിവുകളിലേക്ക് മാന്ത്രികനായ ഒരു നാവികനെപ്പോലെ നീ കപ്പലോട്ടുമ്പോള്‍ നങ്കൂരമിറങ്ങാത്ത എന്റെ ആഴങ്ങള്‍ കടല്‍ക്ഷോഭത്തിനെ ആവേശിക്കുന്നുണ്ടെങ്കിലും ഈ വേലിയേറ്റം ഞാന്‍ ആസ്വദിയ്ക്കുന്നു. അടുക്കേണ്ടാത്ത ദ്വീപുകളില്‍ നിന്റെ ഗതി തിരിയുമ്പോള്‍ നിന്റെ കപ്പല്‍ തട്ടിതകരാതെ ഞാന്‍ രക്ഷിച്ചുകൊള്ളാം... ഒരു വേലിയേറ്റത്തിന്റെ കിനാവുകളുമായി ഞാനേതെങ്കിലും കരിങ്കടലിലേക്ക് ഒഴുകിച്ചേരാം..."


തലേന്നത്തെ തിരക്കില്‍ അലാം വെയ്ക്കാന്‍ മറന്നുവെങ്കിലും കൃത്യം ആറരയ്ക്ക് അവള്‍ തട്ടിവിളിയ്ക്കുന്നു, ചൂടേറിയ സഫ്രോണ്‍ ചായയില്‍ നിന്ന് ആവി പറക്കുന്നു, ബ്രഷില്‍ പേസ്റ്റ് തേച്ച് ഒരുക്കി വെച്ചിരിക്കുന്നു, എപ്പോഴാണ്‌ ഇവള്‍ ഹീറ്റര്‍ ഓണ്‍ ആക്കിയത്? എന്റെ കുളിവെള്ളത്തിന്റെ പാകം ചൂട് ഇവളെങ്ങനെ മിക്സു ചെയ്തു?

നിന്നെയിവിടെ തനിച്ചാക്കിപ്പോയാല്‍ ഞാന്‍ വരുമ്പോള്‍ നീയിതെല്ലാം അടിച്ചുമാറ്റി എമിറേറ്റ്സ് വിടുമോ എന്ന ചോദ്യം വായില്‍ വച്ചു വിഴുങ്ങിക്കളഞ്ഞു.
വിലപിടിച്ചതൊന്നുമില്ല, എന്തെങ്കിലും എടുക്കുന്നുവെങ്കില്‍ അതു കൊണ്ടവള്‍ സംതൃപ്തയാവട്ടെ!

"ഞാന്‍ പോകുന്നു ബഹര്‍, വൈകിട്ട് കാണാം."
"ലഞ്ച് ഓഫീസിലേക്ക് കൊണ്ട് വരണോ?"
"നീ ഇതിന്‌ പുറത്തേക്കിറങ്ങിയെന്നറിഞ്ഞാല്‍ പിന്നെ നീയെന്നെ കാണാന്‍ വരേണ്ടതില്ല"
"ജീ ഹാം"

വൈകുന്നേരം മൊബൈലിലേക്ക് വന്ന മെസ്സേജില്‍ ഇങ്ങനെ എഴുതപ്പെട്ടിരുന്നു
"പരിചരിക്കാനനുവാദം തന്ന നല്ല രാത്രിക്ക് നന്ദി, വീഞ്ഞിനും നിന്റെ കപ്പല്‍ച്ചാലുകള്‍ക്കും നന്ദി,
ബയ്യാ, ഇനി കാണാന്‍ കഴിയുമെന്ന് കരുതുന്നില്ല. നാളെയാണ്‌ ചടങ്ങ്! ഇന്ന് രാത്രി തന്നെ
അങ്ങോട്ട് തിരിക്കുന്നു"

റൂമിലേക്ക് തിരിക്കുമ്പോള് വഴി നീളെ വെളുപ്പും നീലയും‍ ചേര്‍ന്ന കടല്‍ച്ചിത്രങ്ങളുടെ കൊളാഷ് ചിതറിക്കിടക്കുന്നു, ചിത്രക്കാന്‍‌വാസിലേക്ക് മുറുക്കിത്തുപ്പിയപോലെ സഫ്രോണ്‍ നിറമുള്ള ചായ ഒലിച്ചിറങ്ങുന്നു! റൂമിലെ ഏകാന്തത അലോസരമുണ്ടാക്കുന്നു, അടുക്കിവെച്ച പുസ്തകങ്ങളും വസ്ത്രങ്ങളും വാരിച്ചിതറിയിട്ടു. അടുക്കു ചിട്ടകള്‍ ഏകാന്തതയ്ക്ക് ആക്കം കൂട്ടുന്നു! അമൂര്‍ത്തങ്ങളായി ചിതറിയിടപ്പെട്ടവയ്ക്കിടയില്‍ ഒരബ്സ്ടാറ്റിക് പൈന്റിംഗ് പോലെ സ്വയം ചിതറിക്കിടന്നു. കണ്ണു തറയ്ക്കുന്ന ചുമരുകളിലെല്ലാം കുങ്കുമ നിറമുള്ള ചായ ഒലിച്ചിറങ്ങുന്നു.

വയ്യ, ഇന്നിവിടെക്കൂടാന്‍ വയ്യ! അമീര്‍‌ചാച്ചായുടെ കഥ കേള്‍ക്കാന്‍ പോകാം...

ഗ്രോസറിയില്‍ നിന്ന് ബദാം പരിപ്പിന്റെ കവര്‍ വാങ്ങുമ്പോള്‍ കുങ്കുമപ്പൂവിന്റെ ഒരു പായ്ക്കറ്റ് കൂടി ചാച്ചയ്ക്ക് വേണ്ടി കയ്യില്‍ കരുതി...

ചാച്ചയുടെ ബോട്ടില്‍ ഒരു കുറിയ മനുഷ്യന്‍ പാന്‍ ചവച്ചിരിക്കുന്നു! കുട്ടിത്തം വിടാത്ത കണ്ണുകളെങ്കിലും കരുവാളിച്ച മുഖമുള്ളവന്‍!

"അരേ ഭായ്, അമീര്‍ ചാച്ചാ കഹാം ഗയാ? കോന്‍ ഹൊ തും?"
"മേം ഉസ്കാ ബേട്ടാ ഹും, ആജ് സേ യേ ഹമാരാ ഹെ, ബാപ്നേ മുജേ യെ ദിയാ ഹെ"

ഫോണിലെ മെസ്സേജ് ടോണ്‍ എന്തോ വിളിച്ചു പറയുന്നു.

"കൂടെക്കൂടാന്‍ അനുവദിച്ച നല്ല മനസ്സിന്‌ നന്ദി, വീഞ്ഞിനും മാന്ത്രിക വിരലുകള്‍ക്കും നന്ദി, കടലാഴത്തിലേക്ക് നങ്കൂരമിറക്കാത്ത നിന്നിലെ കപ്പിത്താനും നന്ദി, ഇന്നു രാത്രി മുതല്‍ ഞാന്‍ ഒരു പാടു പേര്‍ പരിചരിക്കപ്പെട്ട് പൊളിയാറായ അടുക്കളയിലെ അടുപ്പുകല്ലാകുന്നു"

കൈയ്യിലെ കുങ്കുമപ്പാക്കും പിസ്തായും മുറുകെപ്പിടിച്ചു റൂമിലേക്ക് നടന്നു, ഒരു കുങ്കുമച്ചായ സ്വന്തമായി ഉണ്ടാക്കി നോക്കാം... നാളെ ഒരു കുപ്പി വൈന്‍ വാങ്ങാം അതിലേക്ക് ഈ ബദാം പരിപ്പ് നീക്കിവെയ്ക്കാം...
ഇപ്പോള്‍ വഴികളെല്ലാം വ്യക്തമാണ്‌! ചുമരുകളില്‍ നിന്ന് കുങ്കുമച്ചായ പൊടിഞ്ഞിറങ്ങി തന്റെ കയ്യിലെ കവറിലേയ്ക്ക് കൂടുമാറുന്നു.

pictures coutesy : google search, n the real owners..