പതിറ്റാണ്ടിനിപ്പുറം പേര്‍ഷ്യന്‍ പ്രവാസത്തിന്റെ അനുഭവക്കുറിപ്പുകളിലൂടെ...

Saturday, April 10, 2010

ഗൾഫുകാരന്റെ രണ്ട് നില വീട്

മനോരമ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ഒരനുഭവക്കുറിപ്പ്! ഓണ്‍ലൈന്‍ ലിങ്കിലേക്ക് ഇതുവഴി പോകാം...മൊയ്തീനിക്കയെ പത്ത് വര്‍ഷത്തോളമായി ഞാന്‍ കാണുന്നു,
അങ്ങനെ പറഞ്ഞാല്‍ ശരിയാവില്ല, പത്ത് വര്‍ഷത്തോളമായി മൊയ്തീനിക്ക തരുന്ന സുലൈമാനി ഞാന്‍ കുടിക്കുന്നു,
മൊയ്തീനിക്ക അടിച്ച പൊറോട്ട ഞാന്‍ തിന്നുന്നു, മീന്‍ മൊളകിട്ടത് കൂട്ടി മോട്ട ചോറ് കഴിക്കുന്നു....
കഫെറ്റീരിയ ജോലിക്കാരനായ മൊയ്തീനിക്ക മുപ്പതിലേറെവര്‍ഷമായത്രേ യു.എ.യി.ലെത്തിയിട്ട്
ഖോർഫക്കാൻ തുറമുഖത്തിനടുത്ത് ലോഞ്ചില്‍ നിന്ന് ചാടി നീന്തി കരയ്ക്ക് കേറി, മലയും മണലും നിറഞ്ഞ
റാസല്‍ഖൈമയില്‍ കഴിച്ചുകൂട്ടിയ എഴുപതുകളെക്കുറിച്ച്, പൊറോട്ടമാവ് ചാമ്പുന്നതിനിടയില്‍ മൊയ്തീനിക്ക
പറഞ്ഞുകൊണ്ടേയിരിക്കും....

കഫെറ്റീരിയയുടെ തൊട്ടടുത്തുതന്നെയുള്ള പൊളിഞ്ഞുവീഴാറായ വില്ലയിലാണ്‌ മൊയ്തീനിക്കയും
മറ്റു ജോലിക്കാരും താമസിയ്ക്കുന്നത്, താമസിയ്ക്കുന്ന ഒറ്റ മുറിയില്‍ മൂന്ന് കട്ടിലുകള്‍ കഷ്ടിച്ചിടാം..
മൂന്ന് നിലക്കട്ടിലുകളാണ്‌ ഗള്‍ഫ് അക്കമഡേഷനുകളില്‍ അധികവും, ചിലത് രണ്ട് നിലയും...
താഴത്തെ നില ഒരാള്‍ക്ക് കഷ്ടി ഇരിക്കാം അതിന്‌ മുകളിലേയ്ക്ക് കയറാന്‍ കനം കുറഞ്ഞ
ഇരുമ്പുകമ്പികളുടെ ഗോവണികളുണ്ട്, മുകളിലത്തെ നിലയിലുള്ളവര്‍ താഴെ വീഴാതിരിക്കാന്‍
ഒരു ഇരുമ്പു കമ്പി വളച്ച് തടയിണ കെട്ടിയിട്ടുണ്ടാവും...
മൊയ്തീനിക്ക പൊറോട്ടയടിച്ചും പുക ശ്വസിച്ചും ശോഷിച്ചു പോയതിനാല്‍ കനക്കുറവിന്റെ
പേരില്‍ മുകളിലത്തെ നിലയിലായിലിരിക്കും കിടക്കുക.

മുകളിലുള്ളവന്‍ ഒന്ന് തിരിഞ്ഞ് കിടന്നാല്‍ താഴെയുള്ളവനും നടുവിലുള്ളവനും
ഉണരും! മറ്റുള്ളവര്‍ ഒന്ന് മറിഞ്ഞുകിടന്നാലും സ്ഥിതി ഇതു തന്നെ,
താഴത്തെ നിലയിലും രണ്ടാം നിലയിലുമുള്ളവര്‍ക്ക് മദ്യം ഹറാം അല്ലാത്തതിനാലും
രണ്ട് പേര്‍ കൂടി പതിനഞ്ച് ദിര്‍ഹത്തിന്റെ ഒരു നെപ്പോളിയന്‍ വാങ്ങിയാല്‍
സുഖമായി അടിച്ച് ബോധം കെട്ട് കിടന്നുറങ്ങാം എന്നുള്ളതിനാലും കട്ടിലിന്റെ ഇളകിയാട്ടങ്ങള്‍
സഹകിടപ്പന്മാര്‍ അറിയുന്നത് വിരളമാണ്‌!
അങ്ങനെ മൂന്നാം നിലയില്‍ ഉറങ്ങാതെ കിടക്കുന്ന രാക്കനവുകളിലാണ്
മൊയ്തീനിക്ക തന്റെ മൂന്ന് നില മാളികയെക്കുറിച്ച് സ്വപ്നം കാണാറ്...

ജീവിതത്തിന്റെ നല്ല കാലം ഈ ഇരുമ്പു കട്ടിലിന്റെ മൂന്നാം നിലയില്‍ ചിലവഴിച്ചു,
ശിഷ്ടകാലം നാട്ടില്‍ ഒരു രണ്ട് നില വീടെങ്കിലും കെട്ടി അതിന്റെ ബാല്‍ക്കണിയിലിരുന്ന്
ഒരി ബീഡിയെങ്കിലും വലിക്കണം, കെട്ടിയോളുണ്ടാക്കിത്തരുന്ന സുലൈമാനി മോന്തി മോന്തിക്കുടിക്കണം
ബീവിയുടെ അലുക്കത്തിന്റെ പളപളപ്പില്‍ കണ്ണഞ്ചി ആ മടിയില്‍ തല ചായ്ച്ച് പുലരുവോളം കിസ്സ പറഞ്ഞിരിക്കണം...
അവളുണ്ടാക്കിത്തരുന്ന ദോശയില്‍ മുളക് ചമ്മന്തി കൂട്ടിക്കഴിക്കണം....

അതുകൊണ്ട് തന്നെ മൊയ്തീനിക്കായുടെ പൊറോട്ടയടി ദ്രൂതതാളത്തിലാകും
അരിതിളയ്ക്കുന്ന വന്യതയ്ക്കനുസരിച്ച് ചുമയുടെ രൗദ്രതാളമുതിരും...

ഒടുവില്‍ ആ സുദിനം വന്നെത്തി, പെയിന്റടിക്കാനും, മറ്റുചില്ലറ അല്ലറചില്ലറ പണിയും മാത്രമേ
ബാക്കിയുള്ളൂ....മൊയ്തീനിക്ക ടിക്കറ്റെടുത്തു...

ചുമയുടെ, കിതപ്പിന്റെ, വിയര്‍‌പ്പിന്റെ മലിനതാളത്തില്‍
മൊയ്തീനിക്ക എന്നെ ദീര്‍ഘമായാശ്ലേഷിച്ചു....

"ഈ വയസ്സന്‍ പ്രാന്തന്റെ ബിടല്‍സ് കേട്ടിരിക്കാന്‍ സമയംണ്ടാക്ക്ണ മാസ്റ്റല്ലേ ങ്ങള്,
ന്റെ കുട്ടി ബരണം പെരേല്‍ക്കൂടല്‍ മ്മക്ക് ആഘോഷാക്കണം..
മൊയ്തീനിക്ക പോവാണ്, ദെവസം നോക്കീട്ട് മ്മള്‌ വിളിക്കാം..."

നിറകണ്ണുകളോടെ ഒരനുഭവത്തിന്റെ സമ്പൂര്‍ണ്ണസമാഹാരത്തെ ഞാന്‍ യാത്രയാക്കി...
മൊയ്തീനിക്കാന്റെ ആഗ്രഹം നടത്തിക്കൊടുക്കണേ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു...
മൊയ്തീനിക്ക പോയതിന്‌ ശേഷം ഇടയ്ക്ക് വിളിച്ചു...

"പൈന്റടി നടക്ക്ണ്‌ കയ്യിലെ കാശ് കയ്യാറായി"
പതിവു പല്ലികളുടെ തനിയാവര്‍‌ത്തനം...
പിന്നെപ്പിന്നെ വിളി നിന്നു..മൊയ്തീനിക്ക വീടിന്റെ തിരക്കിലലിഞ്ഞെന്നു കരുതി
മൊയ്തീനിക്കാനെയും ബീവിയെയും അവരുടെ ലോകത്ത് വിട്ട്
ഞാനെന്റെ ലോകത്ത് തിരക്കിലായി...

ഇന്നലെ മൊയ്തീനിക്കാന്റെ അയല്‍‌വാസി എന്നെ ഫോണില്‍ വിളിച്ചു...

"കഴിഞ്ഞാഴ്ച മൊയ്തീനിക്ക മയ്യത്തായി, കുടിരിക്കല് തീരുമാനിച്ചേന്റെ തലേന്ന്
ഒരു വയ്യായി വന്ന്... മെഡിക്കല്‍ കോളേജ് കോണ്ടോണ വഴി ചോര ചര്‍ദ്ദിച്ചു മരിച്ചോലൊ!!!"

കുടിരിക്കലിന്‌ വിളിച്ച ആളുകളൊക്കെ വീട്ടില്‍ കൂടിയിരുന്നു
മൊയ്തീനിക്ക വാങ്ങി വച്ച ചൂരല്‍കസേര ബാല്‍ക്കണിയിലിരുന്ന് വെയില്‍ കായുന്നുണ്ട്....
അലുക്കത്തിന്റെ പളപളപ്പും കിലുകിലുക്കവും മൊയ്തീനിക്കാന്റെ നെഞ്ചില്‍ത്തല്ലി കരയുന്നുണ്ട്....

കഫ്റ്റേരിയയില്‍ ഇപ്പോള്‍ മാഹിയില്‍ നിന്നു വന്ന സുലൈമാന്‍ പൊറോട്ടയ്ക്ക് മാവുകുഴച്ചുകൊണ്ടിരിക്കുന്നു...

Sunday, April 4, 2010

കള്ള ടാക്സി (ഒരനുഭവക്കുറിപ്പ്)


മാതൃഭൂമി, പ്രവാസലോകത്തിൽ പ്രസിദ്ധീകരിച്ച ഒരനുഭവക്കുറിപ്പ്! ഓണ്‍ലൈന്‍ ലിങ്കിലേക്ക് ഇതുവഴി പോകാം...


പത്ത് പന്ത്രണ്ടു വർഷം മുൻപാണ്‌, ദുബായ് അന്നും നഗരത്തിന്റെ സർവ്വ ഭാവങ്ങളും മുഖത്തെഴുതിയ തിരക്കുകളുടെ ലോകമാണ്‌...
യാത്രാക്ളേശം തന്നെയാണ്‌ അന്നും മുഖ്യ പ്രശ്നം, ഇന്നത്തെപ്പോലെ മേട്രോ ട്രെയിനോ,
ഇരുനിലബസ്സുകളോ, നീളൻ ബസ്സുകളോ, സർവ്വീസ് നടത്തിയിരുന്നില്ല!
പോക്കുവരവുകൾക്ക് ടാക്സികൾ മാത്രമാണാശ്രയം,
ദുബായിൽ ജോലിചെയ്യുന്ന ബഹുഭൂരിപക്ഷം സാധാരണക്കാരും
താരതമ്യേന തിരക്കുകുറഞ്ഞ ഷാർജയിലും അജ്മാനിലുമൊക്കെയാണ്‌ താമസം...
അതുകൊണ്ട് തന്നെ അജ്മാൻ - ഷാർജ - ദുബായ് റോഡുകൾ എപ്പോഴും
തിരക്ക് പിടിച്ചതാണ്‌, ആവശ്യത്തിന്‌ ടാക്സികൾ കിട്ടാറുമില്ല!

അവിടെയാണ്‌ കള്ളടാക്സികൾ രംഗത്തിറങ്ങുന്നത്...
സ്വന്തമായി കാറുള്ളവരോ, റെന്റ് എ കാർ എടുത്തവരോ,
പാർടൈം ആയോ, ഫുൾടൈം ആയോ, ആളുകൾ പ്രൈവറ്റ് ടാക്സി സർവ്വീസ് നടത്തുന്നു.
കള്ള ടാക്സി എന്ന പേരിലാണ്‌ മലയാളികളുടെയിടയിൽ ഇത് അറിയപ്പെടുക...
സാധാരണക്കാർക്ക് ഇവർ വലിയ ഒരാശ്വാസമാണ്‌...

അഞ്ച് ദിർഹം കൊടുത്താൽ മതി, ദുബായിൽ കൊണ്ട് വിടും ഏതെങ്കിലും വഴിക്ക് തിരിഞ്ഞുമറിഞ്ഞ്
സ്വന്തം ഫ്ളാറ്റിനു മുന്നിലിറങ്ങണമെങ്കിൽ അതും സാധിക്കും...
കള്ളടാക്സികൾക്ക് മാത്രമായി, പാർക്കിംഗ് ഏരിയകൾ വരെയുണ്ട്. സി.ഐ.ഡി. ഉദ്യോഗസ്ഥരുടെ
കണ്ണുവെട്ടിച്ച് പാർക്കിംഗ് ഏരിയകൾ മാറിക്കൊണ്ടിരിക്കും.
റോളാ സ്ക്വയറിലും മറ്റു നഗരകേന്ദ്രങ്ങളിലും നിന്ന് സ്ഥലപ്പേര്‌ മന്ത്രിയ്ക്കുന്ന
ഏജന്റുമാർ യാത്രക്കാരെ കൃത്യമായി വണ്ടിയ്ക്കടുത്തെത്തിയ്ക്കും...
അന്വോഷണ ഉദ്യോഗസ്ഥന്മാർക്കറിയാഞ്ഞിട്ടാവില്ല, ഒരു പക്ഷേ,
യാത്രാക്ലേശം രൂക്ഷമാകാതിരിക്കാൻ കണ്ണടയ്ക്കുന്നതുമാകാം...
എങ്കിലും ഇടയ്ക്കും തലയ്ക്കുമൊക്കെ ഓരോരുത്തരെ പൊക്കിക്കൊണ്ടു പോകും...
വലിയ പിഴയും ലൈസൻസ് ക്യാൻസലടക്കമുള്ള ശിക്ഷയും വിധിയ്ക്കുമെങ്കിലും
കള്ളടാക്സിക്കാരുടെ എണ്ണം കുറയാറില്ല.


ആയിടെയാണ്‌ യു.എ.ഇ യിൽ കടുത്ത വിസാ നിയന്ത്രണം വന്നത്‌, അറ്റസ്റ്റ്‌ ചെയ്ത ഡിഗ്രി സർട്ടിഫിക്കറ്റ്‌
ഉള്ളവർക്ക്‌ മാത്രമേ വിസ നല്കൂ എന്ന നിയമം ശക്തമായതോടെ പല സ്ഥാപനങ്ങളും വെട്ടിലായി,
ആയിടെ ഞാൻ സ്വന്തമായി തുടങ്ങിയ അഡ്വെർടൈസിംഗ്‌ കമ്പനി അടച്ചുപൂട്ടേണ്ട ഗതികേടിലുമായി,
വളരെ അടുത്ത രണ്ട്‌ ബന്ധുക്കളെ കൊണ്ടുവരാനായി തുടങ്ങിയതായതായിരുന്നു,
അവർ ബിരുദദാരികളല്ലാത്തതിനാലാണ്‌ പ്രശ്നമായത്‌,
ഡ്യൂപ്ളികേറ്റ്‌ ഡിഗ്രി സർട്ടിഫിക്കറ്റ്‌ അറ്റസ്റ്റു ചെയ്തു കൊടുക്കുന്ന `കാസർഗോഡ്‌ എംബസി`
എന്ന പേരിൽ വിളിക്കുന്ന
സംഘങ്ങളിൽ നിന്ന്‌ സാധനം കിട്ടും പക്ഷേ പിടിക്കപ്പെട്ടാൽ പുലിവാലാണ്‌ ....
പിന്നെയുള്ള ഒരു ഐഡിയ യു.എ.ഇ. - ഒമാൻ അതിർത്തിയിലുള്ള അൽ-ഐൻ എന്ന സ്ഥലത്തിനടൂത്തുള്ള
ബുറൈമി എന്ന സ്ഥലത്തുനിന്നുള്ള ഫ്രീ വിസയാണ്‌.
ഒമാൻ എന്ന രാജ്യത്തിലെ വിസയായതിനാലും പണം
കിട്ടിയാൽ ഫ്രീ വിസ എത്ര വേണമെൻകിലും എടുത്തു കൊടുക്കുന്ന അരബികൾ ഉള്ളതിനാലും
എഴുപതിനായിരം മുതൽ ഒരു ലക്ഷം വരെ ഇന്ത്യൻ രൂപ കൊടുത്താൽ സാധനം കൈയ്യിൽ കിട്ടും..
ഫ്രീ വിസ എന്ന രീതിയിൽ ഔദ്യോഗികമായ വിസ ഇല്ലാത്തതിനാലും മറ്റു സ്പോൺസർമാരുടെ
കീഴിൽ ജോലിയെടുക്കുന്നത്‌ നിയമവിരുദ്ധമായതിനാലും
കൂടുതൽ പേർ അത്തരത്തിലുള്ള വിസകൾക്ക് മുതിരാറില്ല.
അങ്ങനെ ബുറൈമി വിസയിൽ ജോലി നോക്കുന്ന നിരവധിപേരുണ്ടെൻകിലും...

ഇപ്പോൾ അതിർത്തി ചെക്ക്പോസ്റ്റുകളിൽ ശക്തമായ പരിശോധനയുള്ളതിനാൽ
അത്തരം പോക്കുവരവുകൾ ഒരു പരിധി വരെ അവസാനിച്ചു എന്നുതന്നെ പറയാം...
ആയിടെയാണ്‌ എന്റെ മാമന്റെ കമ്പനിയ്ക്കും ഇതേ പ്രശ്നം അഭിമുഖീകരിക്കേണ്ടി വന്നത്
മാമന്റെ ഒരു ബന്ധുവിന്‌ അത്യാവശ്യമായി വിസയെടുക്കേണ്ടി വന്നതിനാൽ
ബുറൈമി വിസയെ ആശ്രയിക്കേണ്ടി വന്നു..
ഇന്ത്യയുടെ ഒരു ലക്ഷം രൂപ അതായത്‌ യു.എ.ഇ.യുടെ എട്ടായിരത്തോളം ദിർഹവുമായി
ഉടൻ ബുറൈമിയിലെത്താൻ അറബി വിളിച്ചു പറയുന്നു...മാമനാണെൻകിൽ ഭീകരമായ തിരക്കിൽ,
ഞാൻ ആയിടെ എത്തിയിട്ടേ ഉള്ളൂ..., കൈയ്യിൽ പണം തന്ന്‌ ഉടൻ എത്തിക്കാൻ
എന്നെത്തന്നെ ഏല്പ്പിച്ചു...
ബുറൈമിയിലേക്കുള്ള യാത്രയാണ്‌ രസം, ഇരുനൂറിലേറെ കിലോമീറ്റർ ഓടണം, കണ്ണെത്താദൂരം മരുഭൂമിയിലൂടെയുള്ള യാത്ര, ആൾവാസമില്ലാത്ത ഭീതിജനകമായ പാത!
ദുബായിൽ നിന്നുള്ള ഔദ്യോഗിക ടാക്സികൾ വിരളമായേ കിട്ടൂ
പിന്നെ ആശ്രയം നമ്മുടെ കഥാനായകന്മാരായ കള്ളടാക്സികൾ തന്നെ,
ധാരാളം പാകിസ്ഥാനികൾ ദുബായ്‌-ബുറൈമി സർവ്വീസ്‌ നടത്തുന്നുണ്ട്‌...
കുളിക്കാത്ത, പല്ല്‌ തേക്കാത്ത, താടിവടിക്കാത്ത, ഭീകരകായന്മാരായ മനുഷ്യർ...
ആളും തരവും ഒത്താൽ യാത്രക്കാരെ കൈയ്യേറ്റം ചെയ്ത്‌ മോഷണം നടത്തുന്ന
സംഘാംഗങ്ങൽ ഡ്രൈവർമാരിൽത്തന്നെയുണ്ട്‌!
ഇത്തരം ഭീതിജനകമായ്‌ കഥകൾ അവിടങ്ങളിൽ പോയി വരാരുള്ളവർ പൊടിപ്പും
തൊങ്ങലും വച്ച്‌ പറയുന്നത്‌ കേൾക്കാറുമുണ്ട്‌...
മൂന്ന്‌ പാക്കിസ്ഥാനികളാണ്‌ സഹയാത്രികരെൻകിൽ ഒരു മലയാളി അവരുടെ കൂടെ കയറില്ല,
രണ്ട്‌ പേർ പാക്കിസ്ഥാനികളാണെൻകിലും ബാക്കി രണ്ട്‌ മലയാളികൾക്ക്‌ കൂടെപ്പോകാൻ പേടിയാണ്‌
മലയാളികളേക്കാൾ ശാരീരിക ക്ഷമത കൂടുതലും ബുദ്ധി കുറവുമാണല്ലോ അവർക്ക്...

അങ്ങനെ ഞാൻ കള്ളടാക്സിക്കാരുടെ ഏരിയയിൽ നാലു മലയാളികൾ കൂടുന്നതു വരെ കാത്തു നിന്നു...
ആളെകിട്ടുന്നില്ല, നേരം വൈകുന്നു, അപരിചിതമായ സ്ഥലത്തേയ്ക്കാണ്‌ പോകുന്നത്,
കേട്ടുപരിചയം പോലുമില്ല, സ്ഥലം കണ്ടെത്തി, ആളെ കണ്ടെത്തി പണം ഏല്പ്പിക്കണം....
വിസ കൈയ്യോടെ വാങ്ങണം
ഇരുട്ടിയാൽ പ്രശ്നമാകും...

ഒടുവിൽ ആളെകിട്ടി, ഒരു മലയാളി, ഞാൻ, ഒരു ആന്ധ്രക്കാരൻ, ഒരു പാക്കിസ്ഥാനി,
പാക്കിസ്ഥാനി ഡ്രൈവറും...

ആശ്വാസയാത്രയ്ക്കിനിയെന്തുവേണം?

യാത്ര തുടർന്നുകൊണ്ടിരിക്കുന്നു...
പണം കൈയ്യിലുണ്ട്... തെല്ലും ഭയമില്ല, കൂടെയുള്ളത് മൂന്നും ഇന്ത്യക്കാരാണല്ലോ...?
വഴിയിൽ ആളിറങ്ങും എന്ന ഒന്ന് ഉറക്കത്തിൽപോലും ആലോചിക്കാത്ത കാര്യമാണ്‌
മരുഭൂമിയിൽ ആരാണിറങ്ങാൻ...?
നിർഭാഗ്യമല്ലാതെന്തു പറയാൻ...
യാത്രതുടർന്ന ഉടനെ ഒരു കാൾ വന്നു, മലയാളിക്കെന്തോ അത്യാവശ്യകാര്യത്തിന്‌
തിരികെ കമ്പനിയിലേക്ക് പോണം....ആദ്യം പറഞ്ഞുറപ്പിച്ച പതിനഞ്ച് ദിർഹം കൊടുത്ത്
അയാളിറങ്ങിപ്പോയി....
ആന്ധ്രക്കാരന്റെ സ്ഥിതികേൾക്കേണ്ടേ...?
അയാൾ മരുഭൂമിയിലുള്ള ഒട്ടകഫാമിലെ ജോലിക്കാരനാണ്‌..
പാതിവഴിയിലയാളുമിറങ്ങിയപ്പോയി....

കാൽമുട്ട് കൂട്ടിയിടിയ്ക്കാനിനിയെന്തുവേണം...?

ഇപ്പോൾ ഞാനും രണ്ട് 'പച്ച'കളും മാത്രമാണ്‌ ഇപ്പോൾ വണ്ടിയിൽ
അവരുടേതായ ‘പഷ്തു’ ഭാഷയിൽ അവരെന്തൊക്കെയോ സംസാരിക്കുന്നു...
പാകിസ്ഥാനിനാടോടിഗാനം സ്റ്റീരിയോവിലൂടെ ഒഴുകി വരുന്നു,
മൊബൈൽ റേൻച്‌പോലുമില്ലാത്തയിടം!
ഞാനൊറ്റയ്ക്ക്, ഒരു ലക്ഷത്തോളം രൂപയുമായി, അത്രയ്ക്ക് സ്പഷ്ടമായി ഉറുദു സംസാരിക്കാനുമറിയില്ല,
പോകേണ്ടിടത്തെക്കുറിച്ചും വ്യക്തമായ ധാരണയില്ല....
നേരം ഇരുട്ടിത്തുടങ്ങുന്നു.....


പെട്ടെന്ന് വലതു വശത്ത് കണ്ട പള്ളിയിലേക്ക് പാക്കിസ്ഥാനി വണ്ടി തിരിക്കുന്നു, "നമാസ് കർക്കീ ആയേഗാ,
ആവോനാ" എന്നെന്നോട് പറയുന്നു,
"നഹീം മേം ഹിന്ദു ഹും, "
"ഹിന്ദുസ്ഥാനീ ഹേ ക്യാ, തും ലോഗ് ക്യോം നമാസ് നഹീം കർത്തേ?"
പരിഹാസ രൂപേണ ചോദിയ്ക്കുന്നു,
ചോദ്യങ്ങൾക്ക് മറുപടി അറിയാഞ്ഞിട്ടല്ല,
ഉടക്കിനുള്ള സമയമല്ല, സമയവുമില്ല,
"ക്യാ ഹോ രഹേ ഭായ്", അങ്ങിങ്ങായി പാർക്കു ചെയ്ത വണ്ടികളിൽ നിന്ന്
ഒന്ന് രണ്ട് പാക്കിസ്ഥാനികൾ കൂടി ഇറങ്ങി വന്നു...
എന്തൊക്കെയോ സംസാരിച്ച് അവർ പള്ളിയിലേക്ക് കയറി.

എന്തു ചെയ്യണമെന്നറിയില്ല,
കൈയ്യിലൊരായുധം പോലുമില്ല,
ഒരു പ്രത്യാക്രമണം വേണ്ടി വന്നാൽ?
ചുറ്റും കണ്ണെത്താ ദൂരം മരുഭൂമി, അങ്ങിങ്ങായി മണലുതിന്നുന്ന ഒട്ടകങ്ങൾ മാത്രം,

പണം മെല്ലെ അണ്ടർവെയറിനകത്ത് വെച്ച് രണ്ടും കല്പ്പിച്ച് വണ്ടിയ്ക്ക് പുറത്തിറങ്ങി നിന്നു,
നിസ്കാരം കഴിഞ്ഞവർ പുറത്തിറങ്ങി വന്നു, തിരികെ വണ്ടിയിൽ കയറി
വണ്ടി നീങ്ങി, പേടിയൊന്നുമില്ലെന്നറിയിക്കാൻ ഞാൻ അറിയാവുന്ന ഹിന്ദിപ്പാട്ടുകളൊക്കെ
ഉറക്കെ പാടിക്കൊണ്ടിരുന്നു.
ഗിയർ ന്യൂട്രലിലാക്കി, ആക്സിലേറ്റർ അമർത്തുമ്പോഴുണ്ടാകുന്ന പോലെ ഒരു
ശബ്ദം കേട്ടു, ഉടൻ അയാൾ വണ്ടി ഒരൊഴിഞ്ഞ ഭാഗത്തേയ്ക്ക് ഒതുക്കി നിർത്തി.

"ഗാഡീ കറാബ് ഹോഗയാ," എന്ന് പറഞ്ഞു വണ്ടിയിൽ നിന്നിറങ്ങുന്നു,
ബോണറ്റ് പൊക്കി നോക്കുന്നു, എന്നോടുമിറങ്ങാൻ ആവശ്യപ്പെടുന്നു...

കരളുപിടയ്ക്കുവാനിനിയെന്തു വേണം?

"മേരാ മൊബൈൽ മേം പൈസാ നഹീ" എന്നു പറഞ്ഞു മറ്റെയാൾ
എന്റെ കീശയിൽ നിന്നും മൊബൈൽ എടുക്കുന്നു, ആരുടെയോ നമ്പർ
ഡയൽ ചെയ്യുന്നു....
ഒരു മല്പ്പിടുത്തത്തിനുള്ള സമയമായെന്ന് ഞാനുറപ്പിച്ചു,
ഒരിക്കലും ജയിച്ചുകേറില്ലെന്നുറപ്പുള്ള ഒരു യുദ്ധത്തിന്‌ കാഹളം മുഴങ്ങി,
ഈ മരുഭൂമിയിലെ മണൽ വിടവുകളിൽ അലിഞ്ഞു ചേരാനാകും
എന്റെ നിയോഗം എന്നോർത്തു, ഞാൻ സർവ്വ സന്നദ്ധനായി,
അറിയാവുന്നവരുടെ മുഖങ്ങളൊക്കെ മനസ്സിലൂടെ ഒരു ഫിലിം സ്ട്രിപ് പോലെ
കറങ്ങിപ്പോയി....

ദുബായ് പോലീസിന്റെ വാഹനത്തിന്റെ സൈറൺ, ഒരശരീരി പോലെ കേൾക്കുന്നു,
വളവുതിരിഞ്ഞൊരു ബി.എം.ഡബ്ള്യു ഫോർവീലർ ഞങ്ങളുടെയടുത്തേയ്ക്ക് വരുന്നു,
വേനലിൽ വരണ്ട മണൽ നാവുകളിലേക്ക് നിലനില്പ്പിന്റെ ഒരു മഴച്ചാറ്റലായി അത് കടന്ന് വരുന്നു,
ധൈര്യസമേതം ഞാൻ റോഡിലേക്ക് ചാടിയിറങ്ങി,
എന്തായാലും വേണ്ടില്ല കൈകാട്ടി നിർത്താം, കാര്യം പറയാം, അവർ സഹായിക്കാതിരിക്കില്ല,
ഒരു ശരം പോലെ വണ്ടി എന്നെ കടന്നുപോയി....

സർവ്വാഗം തളരുവാനിനിയെന്തുവേണം?

തൊട്ടു പിന്നിൽ ഒരു ടൊയോട്ടോ കൊറോള, ഡ്രൈവറുടെ മീശയും കഷണ്ടിയും കണ്ടപ്പോൾ
ഉറപ്പിച്ചു, മലയാളികളാവും,
റോഡിലേക്ക് ചാടിയിറങ്ങി കൈകാട്ടി, പഠാണികളുടെ കൈകൊണ്ട് മരിക്കുന്നതിനേക്കാൽ നല്ലതല്ലേ
ഒരു വണ്ടിയിടിച്ച് മരിക്കുന്നത്, ഒരു പക്ഷേ ഡെഡ്ബോഡിയെങ്കിലും ഉറ്റവർക്ക് കാണാൻ കഴിഞ്ഞേയ്ക്കും...
വണ്ടി എന്റെ മുന്നിൽ ഒരലർച്ചയൊടെ നിന്നു,
കാര്യം പറയുന്നതിന്‌ മുൻപ് തന്നെ ഞാൻ വണ്ടിയിലേയ്ക്ക് ചാടിക്കയറി, ഒറ്റ ശ്വാസത്തിൽ പറഞ്ഞൊപ്പിച്ചു,
തർക്കത്തിനൊന്നും നില്ക്കണ്ടാ, നമുക്ക് വണ്ടി വിടാം, അൽ ഐനിൽ ഇറക്കിത്തരാം
എന്നു പറഞ്ഞ് ആ മലയാളികൾ എന്നെയും കൊണ്ട് പറന്നു....

ഇവിടെ വരെയെത്തിയതിന്റെ പൈസകൂടി തരാതെ ആ മലബാറി ഞങ്ങളെ
പറ്റിച്ചു കൊണ്ട് കടന്നുകളഞ്ഞല്ലോ എന്നോ,
അതോ,
വണ്ടി ഒന്ന് തള്ളി സ്റ്റാർട്ടാക്കാൻ കൂടി നില്ക്കാതെ ഹിന്ദി കടന്നു കളഞ്ഞല്ലോ
അതോ,
കൈയിൽ കിട്ടിയ നല്ലൊരു ഇരയെ കൈവിട്ടു പോയല്ലോ എന്നോ
എന്താവും ആ പാക്കിസ്ഥാനികൾ ചിന്തിച്ചിട്ടുണ്ടാവുക.....?