പതിറ്റാണ്ടിനിപ്പുറം പേര്‍ഷ്യന്‍ പ്രവാസത്തിന്റെ അനുഭവക്കുറിപ്പുകളിലൂടെ...

Friday, April 22, 2011

കഥയില്ലായ്മയിലൂടെ ചില ബിസ്സിനസ്സ് യാത്രകള്‍

“യാംഗ്ഷാന്‍ ഡീപ് വാട്ടര്‍ പോര്‍ട്ട്, ലോകാത്ഭുതത്തിന്റെ മറ്റൊരു ചൈനീസ് മുഖം”

എന്ന ഒരു ഹെഡ്ഡിംഗ് തയ്യാറാക്കിയാണ് ഗ്ലോബല്‍ മര്‍ച്ചന്‍ഡൈസ് സുവനീറിനു വേണ്ടി ഒരു ഫീച്ചര്‍ തയ്യാറാക്കാനിരുന്നത്!

“ലോകസഞ്ചാരം തുടങ്ങി, രണ്ട് പതിറ്റാണ്ടിനടയില്‍ ഇതു വരെ തോന്നാത്ത ഒരു ഭയം ഡീപ് വാട്ടര്‍ പോര്‍ട്ടിന്റെ കണ്ടൈനര്‍ ടെര്‍മിനലില്‍ നിന്ന് തിരിച്ച് പോരുമ്പോള്‍ മുതല്‍ എന്നെ വേട്ടയാടിത്തുടങ്ങിയിരുന്നു!


'ഡോംഗ് വൈനി'ന്റെ മാന്ത്രിക ലഹരിക്കോ, ഹൂ വോയുടെ ഗോതമ്പു പാടത്തിനോ പകര്‍ന്നു തരാന്‍ കഴിയുന്ന സുഖസഞ്ചാരത്തില്‍നിന്നും ഭയപ്പാടുകളുടെ വിയര്‍പ്പുതുള്ളികള്‍ ചവര്‍പ്പുനിറഞ്ഞ അതൃപ്തിയായി ഉള്ളില്‍ ഉറഞ്ഞുകൂടുന്നു...

സമുദ്രത്തില്‍ നിന്നും ഒരുപാടകലെയുള്ള യാംഗ്ഷാര്‍ കണ്ടൈനര്‍ ടെര്‍മിനല്‍ സന്ദര്‍ശിയ്ക്കുക എന്നത് ആ പ്രൊജക്റ്റ് കേട്ടന്നുമുതലുള്ള ആഗ്രഹമാണ്‌!

ഹൂ വോയുടെ മാന്ത്രികവിരലുകളില്‍ ഒഴുകിനീങ്ങി ഡോഗ് വൈനിന്റെ ദൈവികലഹരിയില്‍ മുഴുകി സമുദ്രത്തിലൂടെയുള്ള ബ്രിഡ്ജില്‍ ലാന്‍ഡ് റോവറിലിരുന്നുള്ള യാത്ര, ആദ്യപകുതിയില്‍ സ്വര്‍ഗ്ഗീയമായിരുന്നു എന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല!

അല്ലെങ്കിലും വിരലോട്ടത്തിന്റെ സ്കിന്‍ ട്രാക്കുകളില്‍ ചൈനീസ് സുന്ദരിമാരുടെ മാന്ത്രികവിരലുകള്‍ സുന്ദരവും അമൂര്‍ത്തവുമായ പുതുവഴികള്‍ വെട്ടിത്തരുന്ന അനിര്‍വ്വചനീയതയെ ഏത് വാക്കുകളിലാണ്‌ വിവര്‍ത്തനം ചെയ്യാന്‍ കഴിയുക!

ഹൂ വോയുടെ ഗോതമ്പുവയല്‍ എന്നെ ഉള്‍ക്കൊള്ളാനാകാതെ കൂര്‍ത്തും മൂര്‍ച്ചിച്ചും മുരളുമ്പോള്‍, തൊട്ടരികെ കണ്ടൈനറുകളിലേയ്ക്ക് ലോഡ് ചെയ്യുന്ന ഇ-വേസ്റ്റുകളുടെ ആയിരത്തിലധികം വരുന്ന കണ്ടൈനറുകളില്‍ നിന്ന് പുറത്തേയ്ക്ക് വരുന്ന അതി ഭീകരമായ ഒരദൃശ്യതരംഗം അതിലോലമായ എന്റെ യാത്രാചോദനകളിലേയ്ക്ക് കനത്ത വിള്ളലുകളാണ്‌ വീഴ്ത്തിക്കളഞ്ഞത്!

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് ലൈംഗികത്തൊഴിലാളികളെ കയറ്റി വിടുന്ന രാജ്യങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കയാണ്‌ ചൈന എന്നത് വലിയ കാര്യമായെനിക്ക് തോന്നിയിരുന്നില്ല.

ലഭ്യമായ ജനസംഖ്യാനുപാതമനുസരിച്ച് സാധാരണയില്‍ കവിഞ്ഞ അളവില്‍ കൂടുതലൊന്നും ചൈന, ആഗോള മാംസവ്യാപാരമാര്‍ക്കറ്റിന്‌ സംഭാവന ചെയ്യുന്നില്ല, എന്നാണെന്റെ പക്ഷം.....

ഹൂ വോയുടെ വിരലുകളെപ്പോലെ മാന്ത്രികമായി സംവദിക്കാന്‍ കഴിയുമെങ്കില്‍ ലോകത്തെല്ലായിടത്തും ചൈനീസ് ആധിപത്യമുള്ള വിരല്‍ മാന്ത്രികസംഘം രൂപമെടുക്കാന്‍ അധിക കാലതാമസം വേണ്ടിവരില്ല എന്നത് അനുഭവം വിളിച്ചുപറയുന്നുണ്ട്!

ഇതതല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയയ്ക്കപ്പെടുന്ന കളിപ്പാട്ടങ്ങളിലും കരകൗശലവസ്തുക്കളുടെയുള്ളിലും ചെറിയ അളവില്‍ തിരുകിക്കയറ്റുന്ന ഇത്തരം മാലിന്യസഞ്ചികള്‍ എത്ര മാരകമായ വിപത്താണ്‌ പുതുതലമുറയ്ക്ക് നല്കുക, എന്ന ദു:സ്വപ്നത്തിലെ ഒഴിവുസമയങ്ങളിലേയ്ക്ക് ഓലപ്പന്തും പീപ്പിയും മൊച്ചിങ്ങാപമ്പരവും കുട്ടിക്കാലത്തിലേയ്ക്ക് തിരിച്ചുകയറുന്നുണ്ട്.

റഫ് ഡ്രാഫ്റ്റ് ചെയ്ത ലേഖനം നോട്ട് പാഡില്‍ സേവ് ചെയ്തു വച്ച് ഇന്‍ഡസ്ട്രിയല്‍ വില്ലേജിലെ ത്രീസ്റ്റാര്‍ സ്യൂട്ടില്‍ നിന്ന് പുറത്തിറങ്ങി. ഹൂ വാങിനെ കാണുന്നില്ല, തിരിച്ചു പോകേണ്ടത് നളെയാണ്, ഒരാഴ്ചത്തെ സഹവാസത്തിനിടയില്‍ വാംഗ് എങ്ങോട്ടാണ് പോയത്! ഒരു പക്ഷേ എന്റെ കൂടെ ദുബായിലേക്ക് ചേക്കേറുവാനുള്ള അവസാന ചിറകൊതുക്കലിനായി അവളുടെ മാത്രമായ സ്വകാര്യതയിലേയ്ക്ക് ഊളിയിട്ടുകാണും
അര്‍ബന്‍ സ്മാള്‍ സ്കേല്‍ ഇന്‍ഡസ്ട്രിയല്‍ വില്ലേജും പരിസരവും കാട്ടിത്തരാം എന്നു വാംഗ് വാക്കു പറഞ്ഞിട്ടുണ്ട്..

വ്യവസായ മേഖലയിലെ ഇടവഴികളിലൂടെ വെറുതേ നടക്കുമ്പോള്‍ കാണുന്നത് കാഴ്ചയുടെ വ്യത്യസ്ഥകളാണ്!
ഉള്‍ഗ്രാമങ്ങളില്‍ നിന്ന് നാഗരികതയുടെ നിറപ്പകിട്ടില്‍ മയങ്ങി കുടിയേറുന്ന തൊഴിലാളിസമൂഹങ്ങളുടെ ദുരിതപൂര്‍ണ്ണമായ ജീവിതരീതിയും അതി കാര്‍ക്കശ്യമാര്‍ന്ന മുതലാളിത്തസംസ്കാരവും ആധുനികചീനയുടെ അടിമത്ത തൊഴിലാളി വ്യവസ്ഥകള്‍ എന്ന പേരില്‍ മറ്റൊരു ലേഖനത്തിന് സ്കോപ്പുണ്ടെന്ന് കരുതിയാണ് ഒന്നു കറങ്ങി അല്പം ചിത്രങ്ങളെടുക്കാന്‍ തീരുമാനിച്ചത്!

പരുപരുത്ത ജീന്‍സ് നിക്കറും മുറിക്കയ്യന്‍ ഷര്‍ട്ടുമിട്ട് മുടി പറ്റെ വെട്ടിയ ആയിരക്കണക്കിനു സ്ത്രീകള്‍ ഓരോ കമ്പനികളിലും ജോലി ചെയ്യുന്നു! അതില്‍ ഗര്‍ഭിണികളും പ്രായം ചെന്നവരും പ്രായപൂര്‍ത്തിയെത്താത്ത കുഞ്ഞുങ്ങള്‍ വരെയുമുണ്ട്! പക്ഷേ എല്ലാവരുടെയും ശരീരഭാഷയിലെ ദ്രുതചലനം, പ്രസരിപ്പാര്‍ന്ന കണ്ണുകള്‍ ഒട്ടും മുഷിയാത്ത മുഖഭാവം ഇതെല്ലാം കാണുമ്പോള്‍ ഏതോ യന്ത്രനിര്‍മ്മിതമായ മനുഷ്യരൂപങ്ങളാണെന്ന തോന്നലിലൂടെയും അതിന്റെ കര്‍മ്മനിരതയിലൂടെയുമാണ് ചൈന എന്ന രാജ്യം ലോകശക്തിയായി വളരുന്നത് എന്ന് ഒറ്റ നോട്ടത്തിലൂടെ പറയാനാവും.

ചൂഴ്ന്ന് നോട്ടത്തിന്റെ പിന്നാമ്പുറങ്ങളിലെയ്ക്ക് സമയംകളയുമ്പോള്‍ അവിടെ ചുവന്ന കണ്ണുകളുള്ള ഫോര്‍മാന്‍മാരും അതീവകര്‍ക്കശ സ്വഭാവക്കാരായ മുതലാളിമാരും അതിലും ഭീകരരൂപികളായ നിയമവ്യവസ്ഥിതികളും നമ്മെ നോക്കി കൊഞ്ഞനംകുത്തുന്നതു കാണാന്‍ കഴിഞ്ഞേക്കും! പക്ഷേ നിലനില്പ് എന്ന കഥയില്‍ ചോദ്യങ്ങളില്ല, ഉത്തരങ്ങളുമില്ല. കഥാതന്തുവിലൂടെയുള്ള ഒഴുക്കുമാത്രം, അതേ പടുള്ളൂ.

പഴയ പാവക്കുട്ടികള്‍ക്ക് എങ്ങിനെ ഈ മുഖം വരുന്നെന്ന് കുട്ടിക്കാലത്ത് ഒരു പാടു തല പുകച്ചിട്ടുണ്ട്!
ഞാന്‍ കണ്ടിട്ടുള്ള കുട്ടികളുടെ മുഖമല്ല ഒരു പാവയ്ക്കും, എങ്ങിനെ ഈ കുറുംകണ്ണുകളും കോലന്‍മുടിയും പപ്പടമുഖവുമുള്ള കുഞ്ഞുങ്ങളുടെ മുഖം ഇവയ്ക്കു ലഭിയ്ക്കുന്നു എന്ന ചോദ്യത്തിനുത്തരം ഹൂ വോയുടെ നാട് വെളിപ്പെടുത്തിത്തരുന്നുണ്ടിപ്പോള്‍.

അക്കാലം മുതലേ പാവകളും മറ്റു കളിപ്പാട്ടങ്ങളുമായി ഇന്ത്യന്‍വിപണി പിടിച്ചടക്കിയ ലീ വാങ്ങിനെപ്പോലുള്ളവരുടെ വിപണനബുദ്ധി എന്റെ ചിരട്ടപ്പമ്പരത്തെയും ഓലപ്പന്തിനെയും വട്ടംകറക്കി പൊട്ടക്കിണറ്റിലേയ്ക്ക് ഉരുട്ടിയിട്ടുകൊണ്ടിരുന്നു...!

കൊയ്തൊഴിഞ്ഞ വയല്‍ചതുരങ്ങളിലെ ആര്‍പ്പുവിളികളില്‍ ഒരു തലമുറ പച്ചപ്പോടെ ഇപ്പോഴും വളരുന്നുണ്ടെന്ന് കേരളത്തിനു പുറത്തുള്ള കാര്‍ഷികഗ്രാമവാസികളായ കൊളീഗ്സ് പറഞ്ഞാണറിഞ്ഞത്. നാഗരികമായ മാന്ത്രികസൌകര്യങ്ങളും. ലീ വാങ്ങിന്റെ കളിപ്പാട്ടങ്ങളുമില്ലാത്ത പച്ചയായ ഗ്രാമഗര്‍ഭത്തില്‍നിന്ന് അവള്‍ ഒരറ്റം പിടിച്ച നൂല്‍ബന്ധത്തിലൂടെ പട്ടം പറത്തിയും കാല്പന്തു കളിച്ചും അനന്തമായ മറുലോകവുമായി നൂല്‍‌ മര്‍മ്മരങ്ങളിലൂടെ സംവദിക്കുന്നു…
ഷാംഘായിലെയും റംഗൂണിലെയും സിലോണിലുമൊക്കെയുള്ള സീ പോര്‍ട്ടുകളുടെയും എയര്‍പോര്‍ട്ടുകളുടെയും ആകാശങ്ങളിലേക്ക് കുഞ്ഞുവൈമാനികര്‍ കടലാസുവിമാനങ്ങളിലൂടെ സഞ്ചാരികളാകുന്നു…!“

തങ്ങള്‍ക്ക് ശേഷമുള്ള തലമുറയുടെ കുട്ടിക്കാലത്തെ അരസികമായ ജീവിതരീതിയെക്കുറിച്ച് ഒരു പക്ഷേ നൂറ്റാണ്ടുകള്‍ക്കു മുമ്പേ കാരണവര്‍ വ്യാകുലരായിരുന്നിരിക്കണം...
ഞാനും എന്റെ കുട്ടികളുടെ ഹരിതാഭമല്ലാത്ത കളിക്കാലത്തെകുറിച്ച് തലപുകയ്ക്കുന്നു.
പക്ഷേ ഓരോരുത്തരും തങ്ങളുടെ തലമുറയിലെ ഏറ്റവും നല്ല കാലത്തിലൂടെ ബാല്യം ചെലവഴിക്കുന്നുവെന്ന് അവരുടെ മദ്ധ്യാഹ്നങ്ങളിള്‍ അവര്‍ തിരിച്ചറിയുന്നുണ്ടാവണം...

മറ്റൊരു ലേഖനത്തിനുള്ള സ്കൂപ്പു കൂടി ഉള്ളിലേയ്ക്ക് തിരുകി അപ്പാര്‍ട്ട്മെന്റിലേയ്ക്ക് തിരിച്ചു കയറി. ചൈനായാത്ര തരപ്പെടുത്തിത്തന്ന റീജ്യണല്‍ മാനേജര്‍ ലീ വാങ്ങിന്‌ സ്തുതി!

പവലിയനുകള്‍ ഏത് രാഷ്ട്രത്തിന്റെ പേരിലായിരുന്നാലും അളന്ന് വാങ്ങാന്‍ പണം കൈയ്യിലുണ്ടെങ്കില്‍ ഏത് മണ്ണിലും നമുക്ക് സ്റ്റാള്‍ പണിയാം! അവിടെ, വ്യവസായികമാലിന്യം കളര്‍ചേര്‍ത്ത് വെടിപ്പാക്കിയ ഷോകേസ് ഐറ്റംസ് മുതല്‍ വിലപിടിപ്പാര്‍ന്ന പ്രതിഭകളുടെ തഴമ്പിച്ച കൈമുദ്ര പതിഞ്ഞ കരകൗശലവസ്തുക്കളും, അമൂല്യമായ മലഞ്ചരക്കുകളും വില്ക്കാം, വാങ്ങിക്കപ്പെടുന്നവരുടെ ആവശ്യകതകളേക്കാള്‍ വിശാലമായി വിരിയിച്ചെടുക്കുന്നത് വില്ക്കപ്പെടുന്നവന്റെ ഭൂമിശാസ്ത്രപരമായ കാര്‍ഷിക കൗശലങ്ങളാണ്‌!!

ഗ്ളോബല്‍ വില്ലേജിലെ സ്റ്റാള്‍ മാനുവലില്‍ ഒന്ന് കണ്ണോടിച്ച് ലീ വാങ്ങ് ചുണ്ടു കോട്ടി ഒന്നു മുരണ്ടു!

ഷാംഗായിലെ തകിടുപുരകളില്‍ ലോഹം തിളയ്ക്കുന്ന ലാഘവത്തോടെ ഒന്ന് ഞെളിഞ്ഞുപിരിഞ്ഞു!

"ഞാനിവിടുത്തെ കാര്യങ്ങള്‍ ശരിയാക്കാം, നീ വേണം ചൈനയില്‍ പോകാന്‍! നിനക്കിവിടെ കിട്ടുന്നതിനെക്കാള്‍ പരിഗണന എനിക്കും, എനിക്കവിടെ കിട്ടുന്നതിനെക്കാള്‍ കസ്റ്റമര്‍ കെയര്‍ നിനക്കും കിട്ടും..!

കടല്‍ കടന്നെത്തുന്ന ആവശ്യക്കാരെ ചെറുകിട കച്ചവടക്കാര്‍ കത്തി വെയ്ക്കുമെങ്കിലും വന്‍കിടക്കാര്‍ ആവശ്യത്തിലധികം പരിഗനണനയും ഇളവുകളും ചെയ്തു തരികയും ചെയ്യും. സോ അപ്രോച്ച് റ്റു ദി കിംഗ് സൈസ് മെര്‍ച്ചന്‍ഡേഴ്സ്! ഹൂ വോ വില്‍ ഹെല്പ് യു ദേര്‍."

കച്ചവടത്തെക്കുറിച്ച് ഞാന്‍ ചിന്തിയ്ക്കുന്നതില്‍ നിന്നും കടകവിരുദ്ധമായാണ്‌ വാംഗ് ചിന്തിക്കുന്നത്!

ഞാന്‍ കരുതിയത്, ഇന്ത്യക്കാരനും അറബി ഭാഷയും ഉറുദുവും ഇംഗ്ളീഷും നന്നായി സംസാരിക്കാന്‍ കഴിയുകയും ചൈന അത്രമേല്‍ വശമില്ലാത്തവനുമായ എന്നെ ദുബായ് കോര്‍ഡിനേഷന്‍ ജോലികള്‍ ഏല്പിച്ച്, ഇംഗ്ലീഷും ഹിന്ദിയും അറബിയും ലവലേശമറിയാത്ത, ചൈന മാത്രം സംസാരിക്കുന്ന വാംഗ് ചൈനയിലേയ്ക്ക് പോയി ഇവിടേയ്ക്ക് ആവശ്യമായ ഉല്പന്നങ്ങളുടെ ഷിപ്മെന്റ് അടക്കമുള്ള ജോലികള്‍ ശരിയാക്കും എന്നായിരുന്നു. ഇപ്പോഴിതാ ഇതെല്ലാം കീഴ്മേല്‍ മറിയുന്നു!

എങ്ങനെ, ഒരു പരിചയവുമില്ലാത്ത ഒരു നഗരത്തിലേയ്ക്ക്? …….

കണ്ണില്‍ കാണുന്നതെന്തും വ്യാജമായി ഉല്പാദിപ്പിക്കുന്ന അതിവിളവുള്ളവരുടെയിടയിലേയ്ക്ക് ………..

നാഗരികരും പ്രാകൃതരും ഒരേ അളവില്‍ ഊടുപാവു തീര്‍ക്കുന്ന വന്‌നഗരത്തിലേയ്ക്ക് ........

ശരീരത്തിലുടനീളം നെയ് ചേര്‍ത്ത് പൊരിച്ചെടുത്ത പാമ്പിന്‍ കഷ്ണങ്ങളുടെ മൊരിമൊരിപ്പ്! എങ്കിലും പുതിയൊരു നാടു കാണാനുള്ള ആവേശത്തിന്റെ തരിതരുപ്പ്!

"ഒരു രാജ്യത്തെ മനസ്സിലാക്കാന്‍ അവിടം വരെ പോകണമെന്നില്ല! അവിടുത്തെ വ്യത്യസ്ഥമേഖലകളില്‍ നിന്നു വരുന്ന ആള്‍ക്കൂട്ടങ്ങളെ കണ്ടാല്‍ മതി!

അവരുടെ സ്വഭാവങ്ങളും പ്രവര്‍ത്തനങ്ങളും വിശകലനം ചെയ്താല്‍ ആ നാട്ടില്‍ നിന്നുള്ളവരുടെ ഏകദേശം സംസ്കാരം നമുക്ക് മനസ്സിലാക്കാം.."

സ്പോണ്‍സര്‍ ബിന്‍ സൊലൈമാന്റെ ഉട്ടോപ്യന്‍ ചിന്തയോട് ഞാനെപ്പോഴും തര്‍ക്കിക്കാറുണ്ട്!

"കുടിയേറ്റത്തിന്റെയും പ്രവാസത്തിന്റെയും ആദ്യപര്‍വ്വങ്ങളില്‍ ഓരോ മനുഷ്യരുടെയും സ്വാഭാവികചലനങ്ങളില്‍ വരെ തികച്ചും വ്യത്യസ്ഥമായി അബോധതലത്തില്‍ തന്നെ മാറ്റങ്ങള്‍ രൂപപ്പെടും.

അവരറിയാതെ തന്നെ ആ ദേശത്തിന്റെയും പ്രകൃതിയുടെയും കാറ്റിന്റെയും നിയമത്തിന്റെയും വ്യവസ്ഥകള്‍ക്കനുകൂലമായി പുനരാഖ്യാനം ചെയ്യപ്പെടും അറിയാതെ തന്നെ ഓരോചലനങ്ങളില്‍ പോലും ഓരോരുത്തരും കുടിയേറ്റത്തിന്റെ ദേശക്കാരനായി സ്വയം വ്യാഖ്യാനിക്കും!"

എന്റെ പ്രവാസത്തിന്റെ നിര്‍വ്വചനങ്ങളെ സുലൈമാന്‍ ഒരിക്കലും അംഗീകരിക്കാത്തത് കുടിയേറ്റ രൂപിയായ് അദ്ദേഹത്തിന് നാട് വിടേണ്ടി വന്നില്ല എന്നതിനാലാണ്!

വിനോദസഞ്ചാരി എപ്പോഴും തന്റെ നാടിനെ സ്വയം പ്രതിനിധീകരിക്കുമ്പോള്‍, കുടിയേറ്റ പ്രവാസി എപ്പോഴും എത്തപ്പെട്ട ദേശത്തിന്റെ പ്രതിനിധീകരണത്തിനായ് സമരസപ്പെടുന്നതിന്റെ കൃത്രിമത്വം മനസ്സിലാക്കാന്‍ ഒരുപാട് ലോകപരിചയത്തിന്റെ ആവശ്യമൊന്നുമില്ല.

ചെന്നിട്ട് ഒരുപാടു് ജോലികള്‍ ചെയ്തുതീര്‍ക്കാനുണ്ട്! ഗ്ലോബല്‍ വില്ലേജ് അടുത്ത മാസം പ്രവര്‍ത്തനമാരംഭിക്കും.... ലോകോത്തരമായ ഉല്പന്നങ്ങള്‍ക്കായ് അതാതു നാടുകളിലേയ്ക്ക് ഇനിയും പോകേണ്ടതുണ്ട്... അവിടങ്ങളെക്കുറിച്ച് ഇനിയുമെഴുതാനുമുണ്ട്!

വിമാനമിപ്പോള്‍ ദുബായ് എയര്‍പ്പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യാന്‍ തയ്യാറായിരിക്കുന്നു..
പന്ത്രണ്ടോളം കണ്ടൈനര്‍ വ്യവസായികമാലിന്യങ്ങള്‍ കുത്തിനിറച്ച കളിപ്പാട്ടങ്ങളുടെ ചൈനീസ്ഉല്പന്നങ്ങളുടെയും ഇറക്കുമതിക്കരാറില്‍ ഒപ്പുവെച്ച രേഖകള്‍ എന്റെ കയ്യില്‍ ഭദ്രമാണ്‌!
ഹൂ വോയുടേ വിരലുകളും ഭദ്രം!

............................................
പോസ്റ്റൊന്നുമില്ലാതെ ബ്ളോഗ് പൊടിപിടിക്കുന്നു
തർജ്ജനിയിൽ പ്രസിദ്ധീകരിച്ച ഒരു കഥ...

24 comments:

 1. വിമാനമിപ്പോള്‍ ദുബായ് എയര്‍പ്പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യാന്‍ തയ്യാറായിരിക്കുന്നു..
  പന്ത്രണ്ടോളം കണ്ടൈനര്‍ വ്യവസായികമാലിന്യങ്ങള്‍ കുത്തിനിറച്ച കളിപ്പാട്ടങ്ങളുടെ ചൈനീസ്ഉല്പന്നങ്ങളുടെയും ഇറക്കുമതിക്കരാറില്‍ ഒപ്പുവെച്ച രേഖകള്‍ എന്റെ കയ്യില്‍ ഭദ്രമാണ്‌ ഹൂ വോയുടേ വിരലുകളും ഭദ്രം!

  ReplyDelete
 2. യാത്രാനുഭവം,അത് ദേശത്തിന്റേയും ദേശങ്ങൾക്കപ്പുറത്തുള്ളതിന്റേയും മനസ്സ് വായിച്ചെടുക്കാനാകുന്നു.

  ReplyDelete
 3. വ്യത്യസ്തമായ പശ്ചാത്തലത്തില്‍ ഒരു യാത്രാനുഭാവത്തിന്റെ രൂപേണ കഥ പറഞ്ഞ രീതി ഇഷ്ടമായി

  ReplyDelete
 4. എഴുത്തും താങ്കളുടെ കൈയില്‍ ഭദ്രം.
  ആശംസകളോടെ

  ReplyDelete
 5. ചൈനീസ് കളിപാട്ടങ്ങളെ കുറിച്ച് നന്നായി പറഞ്ഞു, ഞാൻ ഈ വിഷയത്തിൽ ഒരു പോസ്റ്റ് ഉദ്ദേശിച്ചതായിരുന്നു. കളിപാട്ടങ്ങൾക്കപ്പുറം ഒരു പാട് നിത്യോപയോഗ വസ്തുക്കളുണ്ട്, പ്രത്യേകിച്ച് സ്തീകളുപയോഗിക്കുന്നവ.. അറപ്പുളവാക്കുന്നവയിൽ നിന്നും റീസൈക്കിൾ ചെയ്തെടുക്കുന്നവ...

  ReplyDelete
 6. ഡൊമൈന്‍ നെയിം കൊള്ളാം മിടുക്കാന്‍
  സ്നേഹപൂര്‍വ്വം
  ഫെനില്‍

  ReplyDelete
 7. ഇസ്മയിൽ, ഘടനയിലെ ചില പരീക്ഷണ വ്യത്യാസങ്ങളാണ്‌! നന്ദി

  യൂസുഫ്പ, മുല്ല,
  നന്ദി നല്ല വാക്കുകൾക്ക്

  ബെഞ്ചാലി നാട്ടുകാരാ...
  താങ്കൾ പറഞ്ഞത് ശരിയാ..
  രാത്രിയിലെ രാസയാമങ്ങളുടെ വേസ്റ്റുകൾ വരെ
  നിറം പൂശി കളിപ്പാട്ടങ്ങളുടെ ഭാഗമായി വരുന്നത്രെ,
  മാരകമായ വിഷവസ്തുക്കൾ വരെ ഇതിന്റെ ഭാഗമാണ്‌..
  വിശദമായ പോസ്റ്റ് ഇടൂ... നല്ല കാര്യം
  ഫൈനിൽ നണ്ഡ്രി....

  ReplyDelete
 8. മനോഹരമായി എഴുതി കമ്പോളങ്ങളില്‍ മനുഷ്യര്‍ ഇല്ല .ഉല്‍പ്പന്നങ്ങള്‍ മാത്രം .
  ആശംസകള്‍

  ReplyDelete
 9. ഗ്രാമഭംഗികളുടെ ഗ്യഹാതുര സ്മരണകൾ മാത്രമായിരുന്നു ഒരു കാലത്ത് വിദേശമലയാളികളുടെ എഴുത്തിൽ കത്തി നിന്നിരുന്ന പ്രമേയം. അധിക ശ്രദ്ധ തേടിയാവണം ബുദ്ധിമാന്മാർ അത് പിന്നെ അലമാരകളിലെ ജാരന്മാരിലേക്കും അഗമ്യഗമനങ്ങളിലേക്കും ഇക്കിളിഉതിർത്ത് വലിച്ചുകൊണ്ടുപോയി.മാധ്യമങ്ങളുടെ ത്വരിതഗതിയിലുണ്ടായ വളർച്ച അത്തരം സാന്ത്വനങ്ങളെയെല്ലാം മുച്ചൂടും അടിച്ചുവാരി ദൂരെയെരിഞ്ഞു.ആഗോളീകരണം കാലം ഒരുപടിക്കുടി ചാടിക്കടന്നു ലോകം ജയിക്കുന്നവന്റേത് മാത്രമാക്കി. അമേരിക്ക തുറന്നുവിട്ട ആഗോളീകരണരാക്ഷസനെ അത്ഭുതഭൂതമാക്കി ഇടുകുടുക്കെ പൊന്നും പണവും എന്നുപറയിപ്പിക്കുന്നത് ഇന്ന് ചൈനക്കാരാണു.ഒരു അന്താരാഷ്ട്രീയ വ്യാപാരപ്രക്രിയയെ എങ്ങിനെ ഒരു കഥയായി വായിക്കാം എന്ന് കണ്ട് ഈ കഥയുടെ മുന്നിൽ അന്തം വിട്ട് ഞാൻ നിന്നുപോയി. വരാനിരിക്കുന്ന കഥകളുടെ സൌന്ദര്യശാസ്ത്രം നിശ്ചയിക്കുന്ന നവീനമായ ഒരു സൌന്ദര്യബോധം നിർണ്ണയിക്കപ്പെടുന്ന സൂചനകൾ ഈ കഥ നമുക്ക് തരുന്നുണ്ട്.നാളെ നാം വായിക്കാൻ പോകുന്ന കഥകൾ അത്ര വികാരതരളിതമാകുകയില്ല പകരം വിവരം വായാനാനുഭവത്തെ നിശ്ചയിക്കാൻ തുടങ്ങും.

  ReplyDelete
 10. വ്യത്യസ്തതയുള്ള ഈ കഥാസഞ്ചാരം ഇഷ്ടപ്പെട്ടു. ചൈനയെക്കുറിച്ചു മാത്രം പറയരുത് (എന്നു പറയണമെന്നുണ്ട്)

  ReplyDelete
 11. വളരെ മനോഹരമായ ഒരു കഥാപ്രപഞ്ചം. രണ്‍ജിത് കണ്ടെത്തുന്ന വിഷയങ്ങളില്‍ അസൂയ തോന്നുന്നു. പലപ്പോഴും കണ്ട് പരിചിതമല്ലാത്ത മേച്ചില്‍പ്പുറങ്ങളല്ലാത്തതിനാല്‍ ഫോളോ ചെയ്യാന്‍ ഒട്ടേറെ സമയം എടുക്കുകയും ചെയ്യുന്നു. എങ്കിലും ഇതൊന്ന് വായിച്ച് മനസ്സിലാക്കിയിട്ടേ കമന്റിടൂ എന്ന വാശിയിലായിരുന്നു. ഇന്നലെ മുതല്‍ വായിക്കാനിരിക്കുന്നതാ.. ഏകാഗ്രത കിട്ടാതിരുന്നത് കൊണ്ട് മുഴുമിപ്പിച്ചില്ല. നന്നായി പറഞ്ഞിരിക്കുന്നു. പക്ഷെ ഒന്ന് പറയാന്‍ കൊക്കോപ്പാടങ്ങളിലും കുങ്കുമ ചായയിലും എനിക്ക് കിട്ടിയ ഒരു ഇത് ഇതില്‍ എനിക്ക് കിട്ടിയില്ല. പ്രമേയപരിസരത്തിന്റെ അപരിചിതത്വമാവാം.

  ReplyDelete
 12. കഥയുടെ രസാനുഭവം വേണ്ടത്ര തരുന്നില്ല എന്നതാണ്‌ എണ്റ്റെ വായനാനുഭവം. കുഴപ്പം എണ്റ്റേതാകാം. കഥാകാരന്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടുന്നത്‌ ശുഭോദര്‍ക്കം.

  ReplyDelete
 13. അക്കാലം മുതലേ പാവകളും മറ്റു കളിപ്പാട്ടങ്ങളുമായി ഇന്ത്യന്‍വിപണി പിടിച്ചടക്കിയ ലീ വാങ്ങിനെപ്പോലുള്ളവരുടെ വിപണനബുദ്ധി എന്റെ ചിരട്ടപ്പമ്പരത്തെയും ഓലപ്പന്തിനെയും വട്ടംകറക്കി പൊട്ടക്കിണറ്റിലേയ്ക്ക് ഉരുട്ടിയിട്ടുകൊണ്ടിരുന്നു...! കലക്കി...
  അഭിനന്ദനങ്ങള്‍, പോസ്ടിനും സുവനീറിനും.!

  ReplyDelete
 14. പുതിയ പുതിയ മേച്ച്ചിന്‍ പുറങ്ങളില്‍ കഥ പറിച്ചു നടുന്നു രഞ്ജിത്ത് ............കഥയുടെ അവീഷകാരത്തെ മനസിരുത്തി വായിച്ചില്ല എങ്കില്‍ കൈ വിട്ടു പോവുന്ന ഒരു കഥ ...
  മൂന്ന് ദിവസം എടുത്തു മുഴുവന്‍ വായിച്ചു തീര്‍ക്കാന്‍

  ReplyDelete
 15. ചെമ്മാടാ ഒത്തിരി ഇഷ്ടമായി രചനാ ശൈലി. ഒരു യാത്രാനുഭവം പോലെ തോന്നി , കഥയാണെന്ന് തോന്നിയെ ഇല്ല ...........സസ്നേഹം

  ReplyDelete
 16. ഓലപ്പമ്പരത്തിനും,ഓലപ്പന്തിനും വേണ്ടീ ഒരു മൂന്നാം ലോക മഹായുദ്ധം നടത്തേണ്ടിവരും..അണിചേരു. ഒരു time mechine കിട്ടിയിരുന്നെങ്കിൽ...!!
  നന്നായിരിക്കുന്നു പോസ്റ്റു.

  ReplyDelete
 17. എഴുത്തിഷ്ടമായി.അത്ര പരിചിതമല്ലാത്ത ഇടങ്ങളിലൂടെയായത് കൊണ്ടാവും കഥ കൂടുതല്‍ ആകര്‍ഷകമായിത്തോന്നി.ഒപ്പം വ്യാവസായിക മാലിന്യങ്ങള്‍ കുത്തിനിറച്ച കളിക്കോപ്പുകള്‍ കഥയ്ക്കുള്ളിലെ കാര്യമാണോന്നോര്‍ത്ത് അമ്പരപ്പും,ഞെട്ടലും..

  ReplyDelete
 18. ഒഴുക്ക് നഷ്ടപ്പെടാത്ത എഴുത്ത് !

  ReplyDelete
 19. കഥയുടേ വൈകാരികാനുഭൂതിയും ലേഖനത്തിന്റെ വിചാരതലവും ഒപ്പം സമ്മാനിച്ചു. നന്ദി.

  ReplyDelete
 20. valare manoharamayi paranju ......... aashamsakal...........

  ReplyDelete
 21. മനോഹരമായി എഴുതി
  അഭിനന്ദനങ്ങള്‍!!

  ReplyDelete
 22. Very good piece of writing..All the best..!

  ReplyDelete