പതിറ്റാണ്ടിനിപ്പുറം പേര്‍ഷ്യന്‍ പ്രവാസത്തിന്റെ അനുഭവക്കുറിപ്പുകളിലൂടെ...

Saturday, April 10, 2010

ഗൾഫുകാരന്റെ രണ്ട് നില വീട്

മനോരമ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ഒരനുഭവക്കുറിപ്പ്! ഓണ്‍ലൈന്‍ ലിങ്കിലേക്ക് ഇതുവഴി പോകാം...



മൊയ്തീനിക്കയെ പത്ത് വര്‍ഷത്തോളമായി ഞാന്‍ കാണുന്നു,
അങ്ങനെ പറഞ്ഞാല്‍ ശരിയാവില്ല, പത്ത് വര്‍ഷത്തോളമായി മൊയ്തീനിക്ക തരുന്ന സുലൈമാനി ഞാന്‍ കുടിക്കുന്നു,
മൊയ്തീനിക്ക അടിച്ച പൊറോട്ട ഞാന്‍ തിന്നുന്നു, മീന്‍ മൊളകിട്ടത് കൂട്ടി മോട്ട ചോറ് കഴിക്കുന്നു....
കഫെറ്റീരിയ ജോലിക്കാരനായ മൊയ്തീനിക്ക മുപ്പതിലേറെവര്‍ഷമായത്രേ യു.എ.യി.ലെത്തിയിട്ട്
ഖോർഫക്കാൻ തുറമുഖത്തിനടുത്ത് ലോഞ്ചില്‍ നിന്ന് ചാടി നീന്തി കരയ്ക്ക് കേറി, മലയും മണലും നിറഞ്ഞ
റാസല്‍ഖൈമയില്‍ കഴിച്ചുകൂട്ടിയ എഴുപതുകളെക്കുറിച്ച്, പൊറോട്ടമാവ് ചാമ്പുന്നതിനിടയില്‍ മൊയ്തീനിക്ക
പറഞ്ഞുകൊണ്ടേയിരിക്കും....

കഫെറ്റീരിയയുടെ തൊട്ടടുത്തുതന്നെയുള്ള പൊളിഞ്ഞുവീഴാറായ വില്ലയിലാണ്‌ മൊയ്തീനിക്കയും
മറ്റു ജോലിക്കാരും താമസിയ്ക്കുന്നത്, താമസിയ്ക്കുന്ന ഒറ്റ മുറിയില്‍ മൂന്ന് കട്ടിലുകള്‍ കഷ്ടിച്ചിടാം..
മൂന്ന് നിലക്കട്ടിലുകളാണ്‌ ഗള്‍ഫ് അക്കമഡേഷനുകളില്‍ അധികവും, ചിലത് രണ്ട് നിലയും...
താഴത്തെ നില ഒരാള്‍ക്ക് കഷ്ടി ഇരിക്കാം അതിന്‌ മുകളിലേയ്ക്ക് കയറാന്‍ കനം കുറഞ്ഞ
ഇരുമ്പുകമ്പികളുടെ ഗോവണികളുണ്ട്, മുകളിലത്തെ നിലയിലുള്ളവര്‍ താഴെ വീഴാതിരിക്കാന്‍
ഒരു ഇരുമ്പു കമ്പി വളച്ച് തടയിണ കെട്ടിയിട്ടുണ്ടാവും...
മൊയ്തീനിക്ക പൊറോട്ടയടിച്ചും പുക ശ്വസിച്ചും ശോഷിച്ചു പോയതിനാല്‍ കനക്കുറവിന്റെ
പേരില്‍ മുകളിലത്തെ നിലയിലായിലിരിക്കും കിടക്കുക.

മുകളിലുള്ളവന്‍ ഒന്ന് തിരിഞ്ഞ് കിടന്നാല്‍ താഴെയുള്ളവനും നടുവിലുള്ളവനും
ഉണരും! മറ്റുള്ളവര്‍ ഒന്ന് മറിഞ്ഞുകിടന്നാലും സ്ഥിതി ഇതു തന്നെ,
താഴത്തെ നിലയിലും രണ്ടാം നിലയിലുമുള്ളവര്‍ക്ക് മദ്യം ഹറാം അല്ലാത്തതിനാലും
രണ്ട് പേര്‍ കൂടി പതിനഞ്ച് ദിര്‍ഹത്തിന്റെ ഒരു നെപ്പോളിയന്‍ വാങ്ങിയാല്‍
സുഖമായി അടിച്ച് ബോധം കെട്ട് കിടന്നുറങ്ങാം എന്നുള്ളതിനാലും കട്ടിലിന്റെ ഇളകിയാട്ടങ്ങള്‍
സഹകിടപ്പന്മാര്‍ അറിയുന്നത് വിരളമാണ്‌!
അങ്ങനെ മൂന്നാം നിലയില്‍ ഉറങ്ങാതെ കിടക്കുന്ന രാക്കനവുകളിലാണ്
മൊയ്തീനിക്ക തന്റെ മൂന്ന് നില മാളികയെക്കുറിച്ച് സ്വപ്നം കാണാറ്...

ജീവിതത്തിന്റെ നല്ല കാലം ഈ ഇരുമ്പു കട്ടിലിന്റെ മൂന്നാം നിലയില്‍ ചിലവഴിച്ചു,
ശിഷ്ടകാലം നാട്ടില്‍ ഒരു രണ്ട് നില വീടെങ്കിലും കെട്ടി അതിന്റെ ബാല്‍ക്കണിയിലിരുന്ന്
ഒരി ബീഡിയെങ്കിലും വലിക്കണം, കെട്ടിയോളുണ്ടാക്കിത്തരുന്ന സുലൈമാനി മോന്തി മോന്തിക്കുടിക്കണം
ബീവിയുടെ അലുക്കത്തിന്റെ പളപളപ്പില്‍ കണ്ണഞ്ചി ആ മടിയില്‍ തല ചായ്ച്ച് പുലരുവോളം കിസ്സ പറഞ്ഞിരിക്കണം...
അവളുണ്ടാക്കിത്തരുന്ന ദോശയില്‍ മുളക് ചമ്മന്തി കൂട്ടിക്കഴിക്കണം....

അതുകൊണ്ട് തന്നെ മൊയ്തീനിക്കായുടെ പൊറോട്ടയടി ദ്രൂതതാളത്തിലാകും
അരിതിളയ്ക്കുന്ന വന്യതയ്ക്കനുസരിച്ച് ചുമയുടെ രൗദ്രതാളമുതിരും...

ഒടുവില്‍ ആ സുദിനം വന്നെത്തി, പെയിന്റടിക്കാനും, മറ്റുചില്ലറ അല്ലറചില്ലറ പണിയും മാത്രമേ
ബാക്കിയുള്ളൂ....മൊയ്തീനിക്ക ടിക്കറ്റെടുത്തു...

ചുമയുടെ, കിതപ്പിന്റെ, വിയര്‍‌പ്പിന്റെ മലിനതാളത്തില്‍
മൊയ്തീനിക്ക എന്നെ ദീര്‍ഘമായാശ്ലേഷിച്ചു....

"ഈ വയസ്സന്‍ പ്രാന്തന്റെ ബിടല്‍സ് കേട്ടിരിക്കാന്‍ സമയംണ്ടാക്ക്ണ മാസ്റ്റല്ലേ ങ്ങള്,
ന്റെ കുട്ടി ബരണം പെരേല്‍ക്കൂടല്‍ മ്മക്ക് ആഘോഷാക്കണം..
മൊയ്തീനിക്ക പോവാണ്, ദെവസം നോക്കീട്ട് മ്മള്‌ വിളിക്കാം..."

നിറകണ്ണുകളോടെ ഒരനുഭവത്തിന്റെ സമ്പൂര്‍ണ്ണസമാഹാരത്തെ ഞാന്‍ യാത്രയാക്കി...
മൊയ്തീനിക്കാന്റെ ആഗ്രഹം നടത്തിക്കൊടുക്കണേ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു...
മൊയ്തീനിക്ക പോയതിന്‌ ശേഷം ഇടയ്ക്ക് വിളിച്ചു...

"പൈന്റടി നടക്ക്ണ്‌ കയ്യിലെ കാശ് കയ്യാറായി"
പതിവു പല്ലികളുടെ തനിയാവര്‍‌ത്തനം...
പിന്നെപ്പിന്നെ വിളി നിന്നു..മൊയ്തീനിക്ക വീടിന്റെ തിരക്കിലലിഞ്ഞെന്നു കരുതി
മൊയ്തീനിക്കാനെയും ബീവിയെയും അവരുടെ ലോകത്ത് വിട്ട്
ഞാനെന്റെ ലോകത്ത് തിരക്കിലായി...

ഇന്നലെ മൊയ്തീനിക്കാന്റെ അയല്‍‌വാസി എന്നെ ഫോണില്‍ വിളിച്ചു...

"കഴിഞ്ഞാഴ്ച മൊയ്തീനിക്ക മയ്യത്തായി, കുടിരിക്കല് തീരുമാനിച്ചേന്റെ തലേന്ന്
ഒരു വയ്യായി വന്ന്... മെഡിക്കല്‍ കോളേജ് കോണ്ടോണ വഴി ചോര ചര്‍ദ്ദിച്ചു മരിച്ചോലൊ!!!"

കുടിരിക്കലിന്‌ വിളിച്ച ആളുകളൊക്കെ വീട്ടില്‍ കൂടിയിരുന്നു
മൊയ്തീനിക്ക വാങ്ങി വച്ച ചൂരല്‍കസേര ബാല്‍ക്കണിയിലിരുന്ന് വെയില്‍ കായുന്നുണ്ട്....
അലുക്കത്തിന്റെ പളപളപ്പും കിലുകിലുക്കവും മൊയ്തീനിക്കാന്റെ നെഞ്ചില്‍ത്തല്ലി കരയുന്നുണ്ട്....

കഫ്റ്റേരിയയില്‍ ഇപ്പോള്‍ മാഹിയില്‍ നിന്നു വന്ന സുലൈമാന്‍ പൊറോട്ടയ്ക്ക് മാവുകുഴച്ചുകൊണ്ടിരിക്കുന്നു...

22 comments:

  1. കഫ്റ്റേരിയയില്‍ ഇപ്പോള്‍ മാഹിയില്‍ നിന്നു വന്ന സുലൈമാന്‍ പൊറോട്ടയ്ക്ക് മാവുകുഴച്ചുകൊണ്ടിരിക്കുന്നു..

    ReplyDelete
  2. രഞ്ജിത്തേ, കഥ ഉഷാറായി. man proposes God disposes. എന്നു പറഞ്ഞ പോലെ. എനിക്കു ഹെമിങ് വേയുദെ കിഴവനും കടലും ഒര്‍മ്മ വരുന്നു. കഴിഞ്ഞലക്കം കലാകൌമുദിയില്‍ പ്രവാസിയുടെ മകനെന്ന ഒരു അനുഭവക്കുറിപ്പ് വന്നിരുന്നു. പിന്നെ ബാബു ഭരദ്വജിന്റെ പ്രവാസിയുദെ കുറിപ്പുകളിലും. ജീവിതം കാലില്‍ കെട്ടി വലിക്കെണ്ടി വരുന്ന ഒന്നാണെന്നു തോന്നിപ്പോകുന്നു.

    ReplyDelete
  3. അങ്ങനെ എത്ര മൊയ്തിൻക്കന്മാർ നമ്മുടെയൊക്കെ പ്രവാസജീവിതത്തിൽ വന്നുപോയിട്ടുണ്ട്.
    ഞാൻ ഓർക്കുന്നു എന്റെ മൊയ്തിൻക്കായെയും

    ReplyDelete
  4. ഇത് ഒറ്റപ്പെട്ട അനുഭവമല്ലല്ലോ! നിത്യക്കാഴ്ചയല്ലേ. നമ്മളും ഈ കാഴ്ച മറ്റുള്ളവര്‍ക്ക് സമ്മാനിക്കും.

    ReplyDelete
  5. എത്രയോ പ്രവാസികളുടെ കഥ അല്ലേ? നല്ല കാലം മുഴുവന്‍ അവിടെ ചിലവിട്ട് ഇവിടെ ജീവിക്കാന്‍ കഴിയാതെ പോകുന്നവര്‍.

    ReplyDelete
  6. ജീവിതത്തിന്റെ നല്ല കാലം ഈ ഇരുമ്പു കട്ടിലിന്റെ മൂന്നാം നിലയില്‍ ചിലവഴിച്ചു,
    ശിഷ്ടകാലം നാട്ടില്‍ ഒരു രണ്ട് നില വീടെങ്കിലും കെട്ടി അതിന്റെ ബാല്‍ക്കണിയിലിരുന്ന്
    ഒരി ബീഡിയെങ്കിലും വലിക്കണം..!
    --------------------------------------------
    gud lines..

    ReplyDelete
  7. എണ്‍പതുകളില്‍ ബോംബയില്‍ ഒരു നൂറു അടി വിസ്തീര്‍ണം ഉള്ള മുറി ട്രയിനിലെ ബെര്‍ത്ത്‌ പോലെ എട്ടു പേര്‍ ഉപയോഗിച്ചത് ഓര്‍ത്തു പോയി
    ഇനി എല്ലാം നല്ലത് മാത്രം വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു

    ReplyDelete
  8. എന്നാലും ഒരു ദിവസമെങ്കിലും ആ വീട്ടില്‍ കഴിയാന്‍ .... :(

    ReplyDelete
  9. പാവം പ്രവാസിയുടെ പ്രതീകം

    ReplyDelete
  10. പാവം മൊയ്തീനിക്ക, ഒരു ദിവസമെങ്കിലും അവിടെ താമസിച്ചതിനുശേഷം മയ്യത്താക്കിയാൽ മതിയായിരുന്നു!!

    ReplyDelete
  11. ഒരു പാട് പ്രവാസികളുടെ മുഖമാണ് മോയ്തീനിക്കാക്. ചുമടു താങ്ങി എത്തുമ്പോഴേക്കും കുഴഞ്ഞു വീഴുന്ന ജന്മങ്ങള്‍. ഹൃദയ സ്പര്‍ശിയായ രചന.....സസ്നേഹം

    ReplyDelete
  12. മോയ്തീനിക്കായിലുടെ ഒരു പ്രവാസിയുടെ ഉറക്കറ മനോഹരമാക്കി.

    ReplyDelete
  13. കൊള്ളാം ആശംസകള്‍....

    ReplyDelete
  14. മരണത്തിനു മുന്നിൽ നിസാഹയനാണെല്ലവരും എങ്കിലും നല്ല കാലം മുഴുവൻ മരുഭൂമിയിൽ ഹോമിച്ച് ഒരു വിശ്രമം സ്വപ്നം കണ്ട് അത് പൂർത്തിയാക്കാനാവാതെ മറയുന്ന എത്രയോ മെയ്തീനക്കമാർ

    ഈ യാത്ര തുടരുകായാണു നമ്മളും !

    ReplyDelete
  15. ഒരു ദിവസം കൂടി കൊടുക്കാമായിരുന്നു.........
    ജീവിതം പലപ്പോഴും ഇങ്ങനെയൊക്കെയാണ്.:(

    ReplyDelete
  16. ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍.

    ReplyDelete
  17. നമ്മൾ ഒന്ന് പ്രതീക്ഷിക്കുന്നു..ദൈവം മറ്റൊന്ന് തരുന്നു. മൊയ്തീനിക്കായുടെ കഥ മനസ്സിൽ തട്ടി.

    ReplyDelete
  18. ഇത് ഒരു കഥയായി എനിക്ക് തോന്നിയില്ല ...പച്ചയായ ജീവിതാനുഭവങ്ങള്‍ ..ഇങ്ങിനെയുള്ള മൊയ്തീനിക്കമാര്‍ ഒട്ടനവധിയുണ്ട് നമ്മുടെ നാട്ടില്‍ .അവരുടെ കഷ്ട്ടപ്പാടുകള്‍ വീട്ടുകാര്‍ പോലും മനസ്സിലാക്കുന്നില്ലാ എന്നതാണ് വേദനാജനകം...

    ReplyDelete
  19. വല്ലാത്ത ഒരു വീര്‍പ്പുമുട്ടല്‍.. ആരെയാണ് പഴിക്കേണ്ടത് ? വിധിയെയോ അതോ ദൈവത്തെയോ ?

    ReplyDelete
  20. മെഴുക് തിരി പോലെ പ്രവാസി. വീട്ടില്‍ രണ്ടും മൂന്നും പേര്‍ക്ക് മൂന്നും നാലും ബാത്ത്റൂം. ഇവിടെ എട്ടും പാത്തും പേര്‍ക്ക് ഒരു ബാത്ത്റൂം. കഷ്ടം.

    ReplyDelete
  21. രണ്ജീ ,എന്റെ കണ്ണ് നിറഞ്ഞു

    ReplyDelete