
Download PDF from 4share
(മാധ്യമം ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്)
നിയാലിന് ഡിഗോഷിന്റെ കാര്‍ ഇരുനൂറു കിലോമീറ്റര്‍ വേഗപരിധിയും കടന്നിരിക്കുന്നു..
രണ്ട് ചക്രം മാത്രം നിലത്തു തട്ടിയും പൂര്‍ണ്ണമായും നിലം തൊടാതെയും കാര്‍ വോള്‍ഗാനദിയുടെ
തീരപാതയിലൂടെ തെന്നി നീങ്ങിക്കൊണ്ടിരിക്കുന്നു...വെളുത്തമേഘങ്ങളുടെ ആലിപ്പഴക്കണ്ണുനീര്‍
കാറിന്റെ റൂഫിലും ഗ്ലാസിലുമിടിച്ച് പടപടാരവം മുഴക്കുന്നു...ദൂരെ നിന്നു വരുന്ന വാഹനങ്ങള്‍ കാണാതെ
റോഡ് ക്രോസ് ചെയ്യുന്ന തണുത്തു വിറങ്ങലിച്ച മനുഷ്യര്‍,
മഞ്ഞുമൂടിയ പെഡസ്ട്രിയന്‍ സിഗ്നലുകളുടെ
വര്‍ണ്ണവ്യതിയാനമറിയാതെ മരണത്തിലേക്ക് മുറിച്ചുകടക്കുന്ന കാല്‍നടക്കാര്‍....
യാതൊരു ഭാവമാറ്റവുമില്ലാതെയാണ് നിയാലിന് ആളുകളെ ഇടിച്ചുതെറിപ്പിച്ചുകൊണ്ടിരിക്കുന്നത്!
ചോരയില്‍ കിടന്നുപിടയ്ക്കുന്ന പതിനൊന്ന് പേരെ യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ കടന്നുപോയത് ഞാന്‍
എണ്ണിക്കഴിഞ്ഞു..ഞാന്‍ അശക്തനാണ്, നിയന്ത്രണം അവളുടെ കയ്യിലാണ്!
മുഖത്തേയ്ക്ക് ചീറ്റിയൊഴുകുന്ന രക്തമേഘങ്ങള്‍ക്ക് മുകളിലൂടെ. മുഖമൊന്നമര്‍ത്തിത്തുടച്ച് അവള് ആക്സിലേറ്ററില്‍ ആഞ്ഞമര്‍ത്തി.
നിയാലിന്, നിനക്ക് ഭ്രാന്താണ്,
ഇതിനോടകം പതിനൊന്ന് പേരെ ചതച്ചരച്ചത് ഞാനെണ്ണിയിട്ടുണ്ട്!,
നമുക്കീ റൂട്ട് മാറ്റം...
സീസൈഡിലെ എക്സ്പ്രസ് ഹൈവേ ഓപ്റ്റ് ചെയ്യാം,
അതാവുമ്പോള്‍ പെഡസ്ട്റിയന്‍ ക്രോസ്സിലെ ആളുകളുടെ എണ്ണം കുറവായിരിക്കും,
നിന്റെയീ മനുഷ്യക്കുരുതി അധികം കാണേണ്ടി വരില്ലല്ലോ?
നോ.... ഒരലര്‍ച്ചയായിരുന്നു അത്...
നിനക്കറിയില്ല, മനിലയുടെ വീടിനുമുന്നിലുള്ള എന്റെ കൈപിടിച്ചു നടത്തുകയായിരുന്ന ഡാഡിയെ
നാടുകാണാനെത്തിയ ഈ ദുഷ്ടന്മാര് റോഡിലിട്ടരച്ചത്..
ഡാഡിയുടെ രക്തം ചുകന്ന പുകച്ചുരുളുകളായി എന്റെ കണ്ണുകളിലേക്ക് ചിതറിയത്...
നോക്ക്!
ഈ മുഖത്തുകാണുന്ന രൗദ്രതയുടെ ചുവപ്പ് രാശിയിലേക്ക്!
അതിങ്ങനെ എരിഞ്ഞുകൊണ്ടേയിരിക്കും
അവരോടിങ്ങനെയെങ്കിലും പകരം വീട്ടിയില്ലെങ്കില്‍ പിന്നെയീ നിയാലിന്റെ എരിയുന്ന
ജീവിതത്തിനെന്തു ശമനം?
ജോയ്സ്റ്റിക്കില്‍നിന്ന് കൈയ്യെടുത്ത് എല്‍.ഇ.ഡി മോണിറ്ററില്‍ നിന്ന് പറിച്ചെടുത്ത കണ്ണുകള്‍ എന്നെ
നോക്കിയൊന്നിറുക്കിയടച്ചു...
ഫിലിപ്പിനോകളങ്ങനെയാണ്,
ഗാഡ്ജെറ്റുകളും ഗൈമുകളും ഓണ്‍ലൈന്‍ സവാരിയും അവരുടെ ജീവിതത്തിന്റെ അവിഭാജ്യ ഭാഗമായിമാറിക്കഴിഞ്ഞിരിക്കുന്നു...
ഫിലിപ്പിനോകളുടെ മാത്രം കാര്യമല്ല, കമ്പ്യൂട്ടര്‍ സാക്ഷരരായ നമ്മുടെ ടീനേജ് സമൂഹമാകമാനം
ഗാഡ്ജറ്റ് ഓറിയന്റഡ് വിര്‍ച്ച്വല്‍ ഗ്ലോബല്‍ വില്ലേജിന്റെ ടാലന്റഡ് റെപ്രസന്റേറ്റീവുകളാണ്!
നിയാലിന് ആ വലിയ സാമ്രാജ്യത്തിലെ ഒരു പ്രജ മാത്രം, ഞാനും..
സ്ക്രീനിലെ നിറവ്യത്യാസങ്ങള്‍ക്കനുസൃതമായി അവളുടെ കുഞ്ഞു ചുണ്ടുകളുടെയും
കുറുകിയ കണ്ണുകളുടെയും ഭാവവ്യതിയാനങ്ങളോടൊപ്പം സഞ്ചരിക്കാന്‍ ഈയിടെയായി ഞാനും അവള്‍ക്ക്
കൂട്ടിരിപ്പ് തുടങ്ങിയിരിക്കുന്നു, ഒരു വിര്‍ച്ച്വല്‍ സഹയാത്രികനായി...
ഒരു മണിമുതല്‍ നാലുമണിവരെയാണ് ഓഫീസ് ലഞ്ച് ബ്രേക് എങ്കിലും
ഷിപ്പിംഗ് സംബന്ധമായ അറബിക് ഡോക്യുമന്റുകള്‍ തയ്യാറാക്കാനുള്ളതിനാലും ട്രാന്‍സിറ്റ് വിസയില്‍ വരുന്ന
വിദേശ കസ്റ്റമേഴ്സിനെ ലഞ്ച് ബ്രേക് അസ്വസ്ഥമാക്കുന്നതിനാലും എനിക്കും ഓഫീസ് അസിസ്റ്റന്റ്
ഫിലിപ്പിനോ സുന്ദരി നിയാലിന് ഡിഗോഷിനും ലഞ്ച് ലോഗൗട്ട് അത്രമേല്‍ പരിചിതമല്ല!
അസെര്‍ബൈജാനിലേക്കയച്ച രണ്ട് ബി.എം.ഡബ്ലിയുവും നാല് ലക്സസ് കാറുകളുമടങ്ങിയ ട്രാന്‍സ്പോര്‍ട്ട് ട്രെയില്രര്‍ ബാക്കു തുറമുഖത്ത് നിന്നും റോഡ്മാര്‍ഗ്ഗമുള്ള യാത്രാമദ്ധ്യേ ഖോറാഫാറിന്‍ ബ്രിഡ്ജ് തകര്‍ന്ന് നോവാ നദിയില്‍ വീണിരിക്കുന്നു..
തണുപ്പു കുറുകിക്കുറുകി മഞ്ഞുനദിയുടെ നിശ്ചലാവസ്ഥാന്തരത്തിലേക്ക് താല്‍ക്കാലിക സമാധിയാകാന്‍
തയ്യാറെടുത്തുകൊണ്ടിരിക്കുന്ന ചില്ലുചീളുകള്‍ക്കിടയിലേക്കാണ് കോടികള്‍ വിലവരുന്ന വാഹനവ്യൂഹം
ആഴ്ന്നിറങ്ങിയിരിക്കുന്നത്!
അസെര്‍ബൈജാനിലെ ബാക്കു പോര്‍ട്ട് ഏജന്റ് പേയ്മാന്റെ ഫോണ്‍കോളാണ് നിയാലിന്റെ വിര്‍ച്ച്വല്‍ ടൂറില്‍
നിന്ന് പറിച്ചെടുത്ത് എന്നെ തൊണ്ട വരളുന്ന യാഥാര്‍ത്ഥ്യത്തിലേക്ക് അമര്‍ത്തിയിരുത്തിയത്!
ഇന്‍ഷുറന്‍സ് കവറേജിന്റെയും മറ്റു നൂലാമാലകളുടെയും പിറകേ മാസങ്ങളോളം ചിലവിടേണ്ടി വരും..
അസെര്ബൈജാന് സൂര്യസുന്ദരി നജൂഷാ ഇവാനോവിച്ചുമായി ട്രാന്സ്പോര്ട്ടേഷന് ഡീല്‍ ഉറപ്പിച്ചത് ഓഫീസ് ഇന്‍ ചാര്‍ജ്ജ് ആയ ഞാനാണ്, ഇരുപത്തൊന്നു ദിവസത്തിനകം ഡെസ്റ്റിനേഷന്‍ ഡെലിവെറി കൊടുത്തുകൊള്ളാമെന്നു ഉറപ്പുകൊടുത്തതും ഞാന്‍ തന്നെയാണ്!
നജൂഷയുടെ ചുണ്ടുകളുടെ ചോക്ലേറ്റ് ഫ്ലേവറിന്റെയും
ചെമ്പകമണവും മഞ്ഞുപൊടികളുടെ മാര്‍ദ്ദവവുമുള്ള താമരമൊട്ടുകളുടെയും
പ്രകമ്പന ദ്വന്ദ്വത്തിലലിഞ്ഞ് മറുത്തൊരക്ഷരം പറയാന്‍ കഴിഞ്ഞില്ല.
അങ്ങനെ പറയേണ്ട കാര്യവിമില്ല, "ഡെസ്റ്റിനേറ്റിംഗ് യുവര്‍ ഡ്രീംസ് ഡിമാന്‍ഡിംഗ് ടൈം"
എന്ന സ്ലോഗണുമായി മിഡിലീസ്റ്റിലെ ലോജിസ്റ്റിക് രംഗത്തെ മുന്‍നിരയിലുള്ളത് ഞങ്ങള്‍ തന്നെയാണ്.
മാനേജര്‍ അലക്സാണ്ടര്‍ ഷാഷയോട് ഇവിടുത്തെ കാര്യങ്ങള്‍ ഈ ഇന്ത്യന്‍ കൈകളില്‍ ഭദ്രം,
എന്ജോയ് യുവര്‍ വെക്കേഷന് എന്ന് വീമ്പു പറഞ്ഞത് ഏത് ദുര്‍ബല നിമിഷത്തിലാണ്‍്..?
നജൂഷയുടെ ലാന്‍ഡിംഗും കിട്ടാന്‍ പോകുന്ന കമ്മീഷന്റെ കനവും ഉരുകുന്ന മഞ്ഞിന്റെ മുകളില്‍ തേനൊഴിച്ചു സിപ് ചെയ്യുന്നതിന്റെ സുഖവും ഓര്‍ക്കാതല്ല...
സോണല്‍ മാനേജര്‍ എന്ന പേരില്‍ ലോകസഞ്ചാരം നടത്തുന്ന നിക്കോളാസ് ഇവിടുത്തെ കാര്യങ്ങള്‍ വല്ലതും അറിയുന്നുണ്ടോ ആവോ?
പന്ത്രണ്ടാം ക്ലാസ്സ് കഴിഞ്ഞ, മൂന്നാം ഭാര്യയിലെ ആദ്യ ഭര്‍ത്താവിന്റെ മകളോടൊത്ത് ലോകം ചുറ്റുന്നതില്‍
ഈയിടെ അദ്ധേഹം അതീവ ശ്രദ്ധാലുവാണ്...
വോഡ്കയുടെ കഴുത്തറുക്കാന്‍ കൂട്ടിരിക്കേണ്ടി വരാറുള്ള അപൂറ്വ്വ വേളകളില്‍ പപ്പയുടെ പണത്തെക്കുറിച്ചും അത് വലിച്ചെടുക്കുമ്പോഴുണ്ടാകുന്ന പോറലുകളെക്കുറിച്ചും വോഡ്കയോടൊപ്പം എന്നെയും സിപ് ചെയ്ത് അവള് കുമ്പസാരിക്കാറുണ്ട്....അതു വിടാം
ആറോളം കസ്റ്റമേഴ്സിന്റെ ഡയറക്റ്റ് എന്‍ക്വയറിയോടും നജൂഷയുടെ മഞ്ഞുപെയ്യുന്ന കണ്ണുകളോടും
എത്ര ദിവസത്തെ അവധിയാണ് പറയേണ്ടത്?
മാനേജര്‍ ഷാഷായോ മറ്റു ഡയറക്ടറ്മാരോ മൊബൈല്‍ കവറേജില്‍ പോലുമില്ല!
ഐപോഡ് മെയിലുകളില്‍ നിന്നു വരുന്ന വിനിമയങ്ങളാണ് ഏക കമ്മ്യൂണിക്കേറ്റിംഗ് ലിങ്ക്!
റഷ്യക്കാരുടെയും മൊത്തം യൂറോപ്യന്മാരുടെയും ഒരു പ്രത്യേകതയാണത്,
ജോലി സമയങ്ങളില്‍ അടങ്ങാത്ത അഭിനിവേശവും ആത്മാര്‍ത്ഥതയുമായി കൊണ്ടാടപ്പെടുന്നു.
ഒഴിവുകാലത്ത് സ്വന്തം കമ്പനിയില്‍ ബോംബ് ബ്ലാസ്റ്റിംഗ് ഉണ്ടായി എന്നു പറഞ്ഞാല്‍പ്പോലും,
സണ്‍ബാത്തിന്റെ അതിവിശാലതയില്‍ നിന്നോ, കാസിനോകളുടെ മാസ്മരികതകളില്‍ നിന്നോ
ഒരളവുപോലും വ്യതിചലിക്കില്ല! ഡോണ്ട് വറി മാന്‍, ലെറ്റ് സീ വാട്ട് ഹാപ്പനിംഗ്, ഗിവ് മീ എ കാള്‍
ലേറ്റര്‍ എന്ന അലസമായ ഉത്തരം ഏതോ ഇന്ദ്രിയങ്ങളിലൂടെ പുറംതള്ളപ്പെടും..
അക്കൗണ്ട് സെക്ഷനിലുള്ളവരോ മാറ്ക്കറ്റിംഗ് സെക്ഷനിലുള്ളവരോ, എച്ച് ആറോ ആരും ഇക്കാര്യത്തില്‍ സഹായത്തിനെത്തില്ല, അത് അതിന്റെ വഴിക്ക് നീങ്ങും എന്ന മട്ടില്‍, ഡിപ്പാര്‍ട്ട്മെന്റ് വിട്ടു ഒരു ഉപകാരവും പ്രതീക്ഷിക്കേണ്ടതില്ല.
ഉച്ചയ്ക്ക് കെ. എഫ്. സി, ഡിന്നറിന് ഹംബര്‍ഗര്‍, ഇടയ്ക്കോരോ സോഫ്റ്റ് ഡ്രിംങ്ക്സ്...
ഈ നിര്‍ബന്ധമൊഴിച്ച് മറ്റൊന്നിലും അനാവശ്യ ഇടപെടലുകള്‍ നടത്താറില്ലല്ലോ അവര്‍.
എന്തെങ്കിലും ചെയ്തേ പറ്റൂ, കൂട്ടിന് നിയാലിന് ഉണ്ടായേക്കും...
നിയാലിനിപ്പോള്‍ ഖോറാഫാറിന്‍ പാലത്തിന്റെ പൊളിഞ്ഞടര്‍ന്ന മുകള്‍ത്തട്ടില്‍ നിന്ന് താഴെ മഞ്ഞുറഞ്ഞ
നദീ തടത്തിലേക്ക് കൂപ്പു കുത്തുകയാണ്!
കൂടെ ഇമ വെട്ടാന്‍ പോലും കഴിയാതെ ജലപ്പരപ്പിലേയ്ക്ക് ഞാനും ഡൈവ് ചെയ്യുന്നു.
അറാസ് നദിയുട മഞ്ഞിടത്തില്‍ നിന്ന് ഞൊടി നേരം കൊണ്ട് അക്കരയ്ക്ക് തെന്നി നീങ്ങി.
വെറുങ്ങലിച്ച് കിടക്കുന്ന നദി, ജലയാനങ്ങള്‍ക്കോ ക്രെയിന്‍ ട്രെയിലറുകള്‍ക്കോ എത്തിനോക്കാന്‍ പോലും കഴിയാത്ത നദീഗര്‍ഭത്തില്‍ കോടികള്‍ ഉറഞ്ഞുകിടക്കുന്നു.
മറുകരയില്‍ ഞാനും നിയാലിനും...
തണുപ്പേറ്റാല്‍ എന്റെ മൂക്കില്‍ നിന്നും ചോരയുതിരുമെന്ന് പറഞ്ഞ് അവളെന്നെ
ചുറ്റിപ്പിടിച്ചിരിക്കുന്നു..
കുഞ്ഞുകണ്ണിലെ കരിമീന്‍ കുഞ്ഞുങ്ങള്‍ നിശ്ചലമായിരിക്കുന്നു!
മുഖത്തെ ചുവപ്പുരാശിക്ക് കനം വെച്ചിരിക്കുന്നു...
അറാസ് നദി ഇപ്പോഴും ഒഴുകാനാകാതെ പിടഞ്ഞുകൊണ്ടിരിക്കുന്നു...
നദികളെ ഓരോ രാജ്യത്തും ഓരോ അനുഷ്ഠാനങ്ങളിലാണ് പരിപാലിക്കുന്നത്!
എന്റെ നാട്ടില്‍ അതിന്റെ തുണിയരിച്ച്, പച്ചമാംസം മുറിച്ചു ലേലം ചെയ്യുന്നു,
മാറിടങ്ങളനാവൃതമാക്കി കഴുകന് കണ്ണുകള്‍ക്കിട്ടുകൊടുക്കുന്നു..
ഇവിടെയോ,
നിത്യയാത്രയില്‍ തേഞ്ഞുപോകുന്ന യാത്രാപഥങ്ങള്‍ മിനുക്കിക്കൊടുക്കുന്നു,
ബാഹ്യരൗദ്രങ്ങള്‍ക്ക് തടയിണയിട്ട് നിത്യവും നദീപഥം മോടിപിടിപ്പിക്കുന്നു...
തണുത്തു വിറങ്ങലിച്ച് കിടക്കുമ്പോള്‍ അലോസരമുണ്ടാക്കാതെ പുതപ്പിച്ചുറക്കുന്നു..
നിന്റെ നാട്ടിലോ നിയാലിന്?
ഞങ്ങളോ? ഞങ്ങള്‍ പുറം രാജ്യങ്ങളില്‍ നിന്ന് പ്രവാസച്ചുമലുകളില്‍
മണല്‍ച്ചുമടു താങ്ങി നഷ്ടവഴികള്‍ നികത്തിക്കൊടുക്കുന്നു, സ്ഥായീപഥത്തിന്റെ നീര്ത്തടങ്ങളില് പഴത്തോട്ടങ്ങള്‍
വച്ചുപിടിപ്പിക്കുന്നു... ദ്വീപുകളുടെ നാട്ടില്‍ നിന്നാണ് ഞാന്‍ വരുന്നത്, ഞങ്ങളുടേത് ജലപാരമ്പര്യമാണ്...
ഉപജീവനത്തിന് ഞങ്ങള്‍ക്ക് ജലപാതകള്‍ ആവശ്യമില്ല, എങ്കിലും ആത്മാവിന്റെ ഭക്ഷണമായി ഞങ്ങള്‍ നദികളെയും ജലപാതകളെയും കൃഷി ചെയ്യുന്നു.
നദിയൊഴുക്കുകളെക്കുറിച്ചും ജലമാര്‍ഗ്ഗങ്ങളെക്കുറിച്ചും
നമ്മള് ആലോചിച്ച് സമയം കളഞ്ഞിട്ട് കാര്യമില്ല അത് അതിന് തോന്നിയ വഴി സഞ്ചരിച്ചെന്നിരിക്കും
നമുക്കിനി ബാക്കു തുറമുഖം വരെയൊന്നു പോയാലോ?
നജൂഷാ ഇവാനോവിച്ചിന്റെ ഫോണ്‍കോളാണ് ഗൂഗിള്‍ എര്‍ത്തിലെ ഞങ്ങളുടെ
മഞ്ഞിറക്കങ്ങളില്‍ നിന്ന് ഓഫീസിന്റെ സണ്‍മൈക്ക് പ്രതലത്തിലേക്ക് കുടഞ്ഞിട്ടത്.
കുറുകിയ കണ്ണുകളൊന്നു പിടഞ്ഞു,
മുറുകെപ്പുണര്‍ന്ന പിടിവിട്ട് തെല്ലൊരു ജാള്യത്തോടെ
അവള് ഫോണിലേക്ക് വലിഞ്ഞു.
നജൂഷാ മദാം വറീഡ് ആകേണ്ട!
അസെര്ബൈജാന് പ്രസിഡണ്ടിന്റെ മകളും ഞങ്ങളുടെ എം.ഡി.യും അടുത്ത സുഹൃത്തക്കളാണ്.
അവര്‍ സംസാരിച്ചു കഴിഞ്ഞു, കാര്യങ്ങള്‍ ത്വരിത ഗതിയില്‍ നീങ്ങുന്നു.
വണ്ടികള്‍ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യാനോ പണം മടക്കിക്കൊടുക്കാനോ ഉള്ള ഏര്‍പ്പാടുകള്‍
ഉടന്‍ ചെയ്യും മേം...
ഗൂഗിള്‍ എര്‍ത്തിലെ ലോകസഞ്ചാരത്തിലേക്ക് അവള് വീണ്ടും വഴുതി.
ദിവസവും രണ്ട് നേരമെങ്കിലും നിയാലിന് മനിലയിലെ തന്റെ അമ്മ കൃഷി ചെയ്യുന്ന പഴത്തോട്ടത്തില്‍ പോയി വരും!
അനുജന് പഠിക്കുന്ന ബോറ്ഡിംഗ് സ്കൂളില്‍ പോയി കണ്ണീര് വാര്‍ത്ത് തിരിച്ചു വരും...
വിക്കി മാപിയയിലെയും ഗൂഗിള്‍ എര്‍ത്തിലെയും ഉപഗ്രഹ ത്രിമാന ചിത്രങ്ങളിലൂടെ സ്വന്തം നാട്ടില്‍ പോയി തിരിച്ചു വരുന്നവരുടെ എണ്ണം പ്രവാസികള്‍ക്കിടയില്‍ കുറവല്ല!
സ്വര്‍ണ്ണച്ചേല അഴിഞ്ഞുലഞ്ഞ്, പുന്നെല്ലിന്റെ മദഗന്ധവുമായി മയങ്ങി കിടക്കുന്ന എന്റെ വയലിന്റെ മാറിടങ്ങളില്‍ പോയി തലചായ്ച്ച് മയങ്ങുന്നതില്‍ ഞാനും ഈയിടെ സുഖം കണ്ടെത്തുന്നു..
നിയാലിനെപ്പോലെ ഞാനും ഈ നിത്യേന ഈ വന്യയാത്രയ്ക്ക് സമയം കളഞ്ഞുതുടങ്ങിയിരിക്കുന്നു.
സൈബര്‍ കൃഷിയിലും ഓണ്‍ലൈന്‍ കുക്കിംഗിലും വിര്‍ച്ച്വല്‍ ഫീഡിംഗിലും അവള് അതീവ ശ്രദ്ധാലുവാകുമ്പോള്‍, ഗംഗോത്രിയില്‍ തുടങ്ങി എന്റെ മഹാരാജ്യത്തിന്റെ ഒരു വലിയ ഭാഗം മുഴുവന്‍
തണ്ണീരുതഴുകി ജന്മസാഫല്യം തേടുന്ന ഗംഗാതടത്തിലെ സ്നാന ഘട്ടങ്ങളിലൂടെയാണ് ഞാന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്! വ്യവസായിക മാലിന്യങ്ങളുടെയും പൗരാണികവിശ്വാസങ്ങളിലൂടെയും
തീച്ചൂളകളിലൂടെ വെന്തൊഴുകി ഗംഗ എന്നെ നോക്കി നെടുവീര്‍പ്പിടുന്നു...
ഉച്ചഭക്ഷണത്തിനുള്ള സമയമാണ്
മൈക്രോവേവ് ഒവനില്‍ ബാരിക് റൈസ് കൊണ്ട് ചോറുണ്ടാക്കാന്‍ മിടുക്കിയാണ് നിയാലിന്.
പുകയും കരിയും വെള്ളവുമില്ലാതെ വെന്തുമരിച്ചുകിടക്കുന്ന നീളന്‍ വറ്റുകളിലേക്ക്, മുളക് തൊട്ട് തീണ്ടാത്ത മീന്‍ സൂപ്പോ, പച്ചക്കറി പുഴുങ്ങിയതോ ചേര്‍ത്ത് സഹപ്രവര്‍ത്തകരോടൊപ്പം ഊണ് കഴിക്കേണ്ട കാര്യം...
ചുട്ടരച്ച ചമ്മന്തിയും മുളകിട്ട മീങ്കറിയും സഹസ്ര കാതങ്ങള്‍ക്കപ്പുറത്തുനിന്ന് നാസാരന്ധ്രങ്ങളിലേക്ക് ആവാഹിക്കപ്പെടും,
കനവിലെ എരിവുകളിലൂടെ കടലും കാടും കടന്ന്, മുറ്റത്തെ അടുപ്പിനുള്ളില്‍
ചുകന്ന മുളക് ചുട്ടുപൊള്ളും
അരഞ്ഞ് കരിഞ്ഞ അമ്മിക്കല്ലിന്റെ കുഴിഞ്ഞ വയറില്‍ ഉപ്പുകല്ലിനോടൊപ്പം ചീനുള്ളിയും വേപ്പിലയും പുളിയും ചുട്ടമുളകും അരഞ്ഞുരുളും.
ആട്ടിയ വെളിച്ചെണ്ണയുടെ മേമ്പൊടിയില്‍ എരിവും പുളിയുമലിയുമ്പോള്‍ വായിലൊരു പായ്ക്കപ്പലുലഞ്ഞ് ലക്ഷ്യം തെറ്റുന്നു.
കര പുല്‍കാനാകാതെ കാറ്റിലും കോളിലുമലഞ്ഞ് കപ്പലോട്ടക്കാരനൊടുവില്‍ കപ്പലും നങ്കൂരവും വാഷ്ബേസിനിലേക്ക് തുപ്പിക്കളയുന്നു.
വീണ്ടും ത്വരിതവേഗങ്ങളുടെ കോര്‍പ്പറേറ്റ് ലോകത്തിലേക്ക്.
പീക് സീസണ് കഴിഞ്ഞിരിക്കുന്നു!
സമയദൈര്‍ഘ്യം കൂടുതല്‍ കിട്ടുന്നു, ഓണ്‍ലൈന്‍ സവാരികള്‍ക്ക്!
ഫിലിപ്പൈന്‍സ് എന്ന തന്റെ ദ്വീപു നാട്ടിലെ അമ്മയുടെ പഴത്തോട്ടം സന്ദര്‍ശിച്ചു വന്ന നിയാലിന് അതീവ ദുഖിതയാണ്.
മേഘഗോപുരങ്ങളുടെ നാട്ടിലെ, കടലിടുക്കിലുണ്ടാക്കിയ മനുഷ്യനിര്‍മ്മിതമായ ഏറ്റവും വലിയ
കൃത്രിമ ദ്വീപിലേക്കാണ് ഞാനിന്ന് പോയത്! പണിതീര്‍ന്നുകൊണ്ടിരിക്കുന്നതിന്റെ ആനച്ചന്തം കണ്ട് തിരിച്ചു വന്നു. ഓഫീസില്‍ നിന്നും കാറോടിച്ച് അവിടെ വരെ പോയി വരാന്‍ അഞ്ച് മിനുട്ടേ വേണ്ടൂ...എന്നിട്ടും ഈ ഏരിയല്‍ വ്യൂവില്‍ പാം ഐലന്‍ഡ് കണ്ടു വരാനാണ് രസം..
സാബ് ബുക് ചെയ്തിരിക്കുന്ന സീ വ്യൂ വില്ലയുടെ താക്കോല്‍ അധികം വൈകാതെ കൈയ്യില്‍ കിട്ടും.
ഉടമ ബോസാണെങ്കിലും കുടികിടപ്പും മേല്‍നോട്ടവും എനിക്കായിരിക്കും..
എന്താണിങ്ങനെ കണ്ണീരു തൂവാന്‍ എന്തു പറ്റി നിയാലിന്?
ജലപാരമ്പര്യമൊരു ദുര്‍ഭൂദമായി ഞങ്ങളെ വിടാതെ പിന്തുടരുന്നു!
ഞങ്ങളുടെ കുഴപ്പം കൊണ്ടല്ല...,
നീയറിഞ്ഞോ എവിടെയൊക്കെയോ നശീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവത്രേ..
കാട് വെട്ടിത്തെളിക്കുന്നുവത്രേ...
ജീസസ് എന്തൊക്കെയാണ് സംഭവിക്കുന്നത്...?
നിനക്കറിയുമോ ഒരായുസ്സിന്റെ കണക്കുപുസ്തകമാണ് എന്റമ്മയുടെ പഴത്തോട്ടം...
അതിന്നലെ കാഴ്ചകാണാന്‍ വന്ന തിരമാലകള്‍ വിഴുങ്ങിക്കഴിഞ്ഞു, മാത്രവുമല്ല
ഇനി അവ തിരിച്ചുപോകില്ലത്രേ...!
അധിവാസത്തിന് കടലിടുക്കുകള്‍ തികയാതെ വരുന്നതിനാല്‍ അവ കരയിടങ്ങളിലേക്ക്
നുഴഞ്ഞു കയറുന്നു, എന്റെ പപ്പയുടെ കുഴിമാടത്തില്‍ ഇപ്പോള്‍ ഏതെങ്കിലും മല്‍സ്യകന്യകമാര്‍
തിരി കത്തിയ്ക്കുന്നുണ്ടാകണം...
പ്ലീസ് ഡിയര്‍, ഓഫീസ് ഇന്‍ചാര്‍ജ്ജ് നീയല്ലേ? എച്ച്.ആറിനോട് നീയൊന്ന് റെഫര്‍ ചെയ്യ്
എനിക്കൊന്ന് വീടു വരെ പോയി വരണം,
ഒരാഴ്ച്ചത്തെ ലീവ് മതി..
വെള്ളക്കെട്ടിലെ അളിഞ്ഞ ഇലകള്‍ക്കിടയില്‍ എന്റെ മമ്മ പിച്ചും പേയും റഞ്ഞിരിക്കുന്നു.
ആരു വിളിച്ചിട്ടും തിരിച്ചു പോകുന്നില്ലത്രേ..രണ്ട് ദിവസമായി ഒരേ ഇരിപ്പാണ്
ഞാനൊന്ന് ചെന്ന് എവിടെയെങ്കിലും ഹോംസ്റ്റേ ചെയ്യിപ്പിച്ച് വരാം...
പ്ലീസ്...
അമ്മയുടെ ശാഠ്യത്തിന് ജലമൈതാനത്ത് കൂട്ടിരുന്ന നിയാലിനെയും അമ്മയെയും കടലെടുക്കാനായ പഴയ സെമിത്തേരിയില്‍ തന്നെയാണടക്കം ചെയ്തത്...
അപ്ഡേറ്റ് ചെയ്യാത്ത ഉപഗ്രഹചിത്രത്തില്‍ നിയാലിന്റെ വാഴത്തോട്ടവും
അവര്‍ക്കായി കാത്തിരുന്ന സെമിത്തേരിയും വ്യക്തമായി കാണുന്നുണ്ട്.
ഇവിടെ നിയാലിനും അമ്മയും സുഖമായുറങ്ങുന്നു..
എന്ന് അടയാളപ്പെടുത്തി സൈന്‍ ഔട്ട് ചെയ്യുമ്പോള്‍ പുറത്ത് ഹമാലി
സര്‍ദാര്‍ഖാന്‍ നില്ക്കുന്നുണ്ടായിരുന്നു...
കൃത്രിമദ്വീപിലെ സുഖവാസ വില്ലയിലേയ്ക്കുള്ള ഇന്‍ഡോര്‍ പ്ലാന്റ്സും മറ്റു ഇന്റീരിയറും എത്തിയിരിക്കുന്നു
ഉടന്‍ അവ പ്ലേസ്മെന്റ് ചെയ്യണം.
സര്‍ദാറും മറ്റു ജോലിക്കാരും അവസാനഘട്ട മിനുക്കു പണിയിലാണ്
പനയുടെ മുകള്‍ത്തട്ടിലുള്ള നീളം കുറഞ്ഞ കുഞ്ഞോലത്തുമ്പിലിരുന്ന് തടഞ്ഞിട്ട നീലക്കടലിന്റെ സ്വാശം കിട്ടാതെയുള്ള പിടച്ചിലില്‍ നിന്ന് ആന്റണി തോമസ് എന്നെ നോക്കി കണ്ണിറക്കുന്നു...
മൂന്ന് വര്‍ഷങ്ങള്‍പ്പുറം ഇതുപോലൊരു പ്രഭാതത്തിലാണ് ആന്റണിയെയും മറ്റു നാലു പേരെയും ലേബര്‍ സപ്ലൈ കമ്പനിക്കു വേണ്ടി ഞാന്‍ ഈ മണല്‍വഴികളില്‍ ഇറക്കി വിട്ടത്.
മണ്‍മടയില്‍ നിന്ന് തലപുറത്തേയ്ക്കിട്ടു നോക്കുന്ന പാമ്പിന് കുഞ്ഞിനെപ്പോലെ കടല്‍ വെള്ളം അജ്മാനിലെ എന്റെ വില്ലയുടെ അടുത്തുള്ള കോര്‍ണീഷ് റോഡ് വരെ എത്തിയ അന്ന് ആന്റണിച്ചേട്ടനെ കാണാനില്ലാതായി!
കൂടെയുള്ളവരെയും.. ആക്സിഡന്റില്‍ അപകടപ്പെട്ടു എന്നോ കണ്‍സ്ട്രക്ഷന്‍ സൈറ്റിലെ അപകടത്തില്‍ മരിച്ചു എന്നോ എന്തൊക്കെയോ വാര്‍ത്ത പരന്നിരുന്നു, ഇന്നുകാണുന്നവരെ നാളെ അന്വോഷിക്കരുത് എന്നും, എപ്പോഴും എല്ലായ്പ്പോഴും സ്വന്തം കാര്യം മാത്രം നോക്കുക എന്നുമുള്ള പ്രവാസത്തിന്റെ നീതിശാസ്ത്രത്തില്‍
എനിക്കവരെ മറക്കേണ്ടി വന്നു.
ഇന്ന് രാത്രി ഈ സുഖവാസവില്ലയിലാണ് താമസം! ഇനിയൊരുപാടു നാള് ഈ വില്ലയില്‍ എനിക്കൊറ്റയ്ക്ക് താമസിക്കാം, കൂട്ടിന് ആന്റണിച്ചേട്ടനും കടല്പ്പാമ്പിന് കുഞ്ഞുങ്ങളും
കാറും പണവും താമസിക്കാനൊരു മുറിയുമുണ്ടെങ്കില്‍ കൂട്ടു കിടക്കാന്‍ ഒരുപാടുപേരുണ്ടാകും
വീഞ്ഞിന്റെ ലഹരിയില്‍ കടല്‍താളത്തില്‍ ഇന്ന് ഏത് പദമാണ് പാടേണ്ടത്?
വേണ്ട ഇന്ന് ആന്റണിയോടൊത്തു കൂടാം...
ഫ്ലോട്ടിംഗ് ബെഡ്ഡിലല്ലല്ലോ കിടന്നിരുന്നത്...ആരാണ് കട്ടിലോടെ ആട്ടിത്തരുന്നത്?
ആന്റണിച്ചേട്ടാ അടങ്ങിക്കിടക്കൂ...റമ്മടിച്ച് ഓവറായെന്ന് കരുതി സ്വന്തം തലയില്‍ വെള്ളമൊഴിച്ചാല്‍ പോരെ?
എന്റെ തലയിലെന്തിനാ പ്ലീസ്, ഉറങ്ങാന്‍ അനുവദിക്കൂ...രാവിലെ ഡ്യൂട്ടിയുള്ളതാ.
ചുറ്റും മല്‍സ്യകന്യകമാരുണ്ട് , ഇവരെ ഇന്നലെ ദിവസക്കൂലിക്ക് വിളിച്ചിട്ടില്ലല്ലോ?
ഹാ നിയാലിന് നീയെപ്പോ വന്നു? പഴത്തോട്ടങ്ങള്‍ വിളവെടുപ്പിന് പാകമായോ?
അമ്മയ്ക്കു സുഖം തന്നെയോ?
നോക്ക് ഞാന്‍ ഇന്ന് അന്റാര്‍ട്ടിക്കന്‍ മഞ്ഞുകാടുകളിലേക്ക് ചിത്രയാത്ര തുടങ്ങുന്നു...
ഗംഗയില്‍ പോയപോലെയല്ല
നീണ്ട യാത്രയാണ്.
മാധ്യമം ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്...
ReplyDeleteആകെ മൊത്തം അടുക്കില്ലാത്തത് പോലെ തോന്നി
ReplyDeleteകഥ വായിക്കാന്‍ നല്ല സുഖമുണ്ട്, ആകെ ഒരു വെര്‍ച്വല്‍ യാത്രപോലെ. അവസാനം എനിക്ക് മനസ്സിലായില്ല.
ReplyDeleteആശംസകള്‍
thanx all...
ReplyDeleteനിയാലിനെക്കുറിച്ചുള്ള ഓര്‍മ്മകളിലൂടെ ഒരുപാട് വിവരങ്ങള്‍ പറയുന്നു. നിയാലിന്റെ അച്ഛന് അമ്മ അവരുടെ ജീവിതം കൃഷിരീതികള്‍ മാറ്റങ്ങള്‍ എല്ലാം വിശദമായി തന്നെ പറഞ്ഞു.ഒപ്പം ഒരു യാത്ര ചെയ്യന്ന മൂടും വരുത്തുന്നുണ്ട്.
ReplyDeleteരണ്ടു രാജ്യങ്ങളുടെ താരതമ്യവും
"നദികളെ ഓരോ രാജ്യത്തും ഓരോ അനുഷ്ഠാനങ്ങളിലാണ് പരിപാലിക്കുന്നത്!
എന്റെ നാട്ടില്‍ അതിന്റെ തുണിയരിച്ച്, പച്ചമാംസം മുറിച്ചു ലേലം ചെയ്യുന്നു,
മാറിടങ്ങളനാവൃതമാക്കി കഴുകന് കണ്ണുകള്‍ക്കിട്ടുകൊടുക്കുന്നു..."
"....ഉപജീവനത്തിന് ഞങ്ങള്‍ക്ക് ജലപാതകള്‍ ആവശ്യമില്ല, എങ്കിലും ആത്മാവിന്റെ ഭക്ഷണമായി ഞങ്ങള്‍ നദികളെയും ജലപാതകളെയും കൃഷി ചെയ്യുന്നു" വളരെ ശക്തമായിതന്നെ പറഞ്ഞു.
പല തലങ്ങളെയും സ്പര്‍ശിച്ച എഴുത്ത്
"വിക്കി മാപിയയിലെയും ഗൂഗിള്‍ എര്‍ത്തിലെയും ഉപഗ്രഹ ത്രിമാന ചിത്രങ്ങളിലൂടെ സ്വന്തം നാട്ടില്‍ പോയി തിരിച്ചു വരുന്നവരുടെ എണ്ണം പ്രവാസികള്‍ക്കിടയില്‍ കുറവല്ല" എന്നീ വരികളിലൂടെ വ്യക്തമാകുന്നു.
"ഇന്നുകാണുന്നവരെ നാളെ അന്വോഷിക്കരുത് എന്നും, എപ്പോഴും എല്ലായ്പ്പോഴും സ്വന്തം കാര്യം മാത്രം നോക്കുക എന്നുമുള്ള പ്രവാസത്തിന്റെ നീതിശാസ്ത്രത്തില്‍.."
എന്നുള്ള വരികളിലൂടെ സത്യത്തിന്റെ മുഖം അനാവരണം ചെയ്യുന്നതും ഒരു കമ്പനിയുടെ പശ്ചാത്തലത്തില്‍ പറഞ്ഞത് അപുടെറ്റ് ചെയ്ത ഉപഗ്രഹ ചിത്രം പോലെ തെളിഞ്ഞു.
കമ്പ്യൂട്ടറിലെ തിരക്ക് പിടിച്ച ഒരു വായനയിലൂടെ ഈ കഥ വേണ്ടത്ര എനിക്ക് മനസ്സിലാകാതെ വന്നതിനാല്‍ പ്രിന്റെടുത്ത് വായിച്ച്ചതിനാലാണ് അല്പമെങ്കിലും മനസ്സിലാക്കാന്‍ കഴിഞ്ഞത്.
ആശംസകള്‍ രഞ്ജിത്.
This comment has been removed by the author.
ReplyDeleteനന്ദി, റാംജീ, വിശദമായ വായനയ്ക്കും കുറിപ്പിനും..
ReplyDeleteകഥ നന്നായി.
ReplyDeleteവേര് മുറിഞ്ഞിട്ടും virtual വേരുകള്‍ നാട്ടിലേയ്ക്ക് നീട്ടി നീട്ടി നീറുന്ന പ്രവാസക്കഥ.
ഒരു പാട് ഇ-terms സാദാ വായനക്കാരനെ ഒപ്പം കൂട്ടാന്‍ കഷ്ടപ്പെടും.. എന്നാലും നന്നായി ഈ ഇ-കഥ.
വേപ്പിലയും പുളിയും ചുട്ടമുളകും അരഞ്ഞുരുളും.
ReplyDeleteആട്ടിയ വെളിച്ചെണ്ണയുടെ മേമ്പൊടിയില്‍ എരിവും പുളിയുമലിയുമ്പോള്‍ വായിലൊരു പായ്ക്കപ്പലുലഞ്ഞ് ലക്ഷ്യം തെറ്റുന്നു.
പഷ്ട്! രുചികളിൽ കേമൻ..എല്ലാ രുചികളിലും.. നന്നു!.ഒരു എൻ.എസ്. മാധവൻ സ്റ്റൈൽ ഫീൽ ചെയ്യുന്നു. കൊമ്പത്തു കേറേണ്ട.. എന്നാലും കൊള്ളാം.. ദോഷം പറയരുതല്ലൊ...കുഞ്ഞുബി
കഥ നന്നായിട്ടുണ്ട് രഞ്ജിത്.മുമ്പ് വായിച്ചതായാണോർമ്മ.
ReplyDeleteനല്ലൊരു വായന മുമ്പ് കണ്ടിരുന്നില്ല , നന്ദി .
ReplyDeleteഇനി വരാനിരിക്കുന്ന കഥകളുടെ പശ്ചാത്തലങ്ങളെ പ്രതിനിധീകരിക്കാൻ പോകുന്ന പ്രതീതിയാഥാർത്ഥ്യം ഈ കഥ മുതൽ നമുക്ക് അനുഭവിച്ചുതുടങ്ങാം.കഥയുടെ തുടക്കം സമ്മാനിച്ച അന്ധാളിപ്പ് വായനയുടെ ഒടുക്കം വരെ നില നിന്നു എന്നത് അത് കടന്നുപോയ ക്രൂരയാഥാർത്ഥ്യങ്ങളെ മാത്രം തിണ്ണയിലല്ല. അത് വിനിമയം ചെയ്യുന്ന ദൈന്യതയും കാലടികളിൽ മണ്ണൂർന്ന് മറിയുന്ന മനുഷ്യനുമുകളിൽ പാഞ്ഞൊഴുകുന്ന കടലിന്റെ രൌദ്രവേദനയും എല്ലാം യാഥാർത്ഥ്യമായി തന്നെ നാം അനുഭവിക്കുന്നു.
ReplyDelete